ബൈഡന്റെ പിന്മാറ്റത്തിന് പിന്നിൽ അട്ടിമറി
വാഷിംഗ്ടൺ: ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയായ കമലാ ഹാരിസ് പ്രസിഡന്റായാൽ യു.എസ് ഇല്ലാതാകുമെന്ന് മുൻ പ്രസിഡന്റും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയുമായ ഡൊണാൾഡ് ട്രംപ്. ഇന്നലെ എക്സ് പ്ലാറ്റ്ഫോമിൽ ഉടമയും ശതകോടീശ്വരനുമായ ഇലോൺ മസ്കുമായി നടത്തിയ ഓൺലൈൻ അഭിമുഖത്തിനിടെയായിരുന്നു പരാമർശം. ' നാല് വർഷം കൊണ്ട് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ തകർന്നു. പ്രതിമാസം എത്തുന്ന ലക്ഷക്കണക്കിന് അനധികൃത കുടിയേറ്റക്കാരെ തടയുന്നില്ല. കമല ബൈഡനേക്കാൾ മോശമാണ്. അവർ സാൻഫ്രാൻസിസ്കോയും കാലിഫോർണിയയും നശിപ്പിച്ചു. പ്രസിഡന്റായാൽ ഈ രാജ്യം തന്നെ നശിക്കും. രാജ്യം പാപ്പരാകും. ജനങ്ങൾക്ക് പഴയ അമേരിക്കയെ തിരിച്ചുവേണം. ബൈഡൻ താനുമായുള്ള സംവാദത്തിൽ ദയനീയമായി പരാജയപ്പെട്ടു. തിരഞ്ഞെടുപ്പിൽ നിന്ന് ബൈഡൻ പിന്മാറാൻ കാരണം സ്വന്തം പാർട്ടിയിലെ അട്ടിമറിയാണെന്നും ട്രംപ് കൂട്ടിച്ചേർത്തു. കഴിഞ്ഞ മാസം പെൻസിൽവേനിയയിലുണ്ടായ വധശ്രമത്തെക്കുറിച്ച് ദീർഘമായി സംസാരിച്ച ട്രംപ്, താനിപ്പോൾ കൂടുതൽ വിശ്വാസിയായെന്നും പറഞ്ഞു. അഭിപ്രായ സർവേകളിൽ കമല അപ്രതീക്ഷിത മുന്നേറ്റം നടത്തുന്ന ഘട്ടത്തിലാണ് ട്രംപിന്റെ അഭിമുഖം. തനിക്ക് പിന്തുണ പ്രഖ്യാപിച്ച മസ്കിന് ട്രംപ് നന്ദിയും രേഖപ്പെടുത്തി.
വേണം ശക്തനായ പ്രസിഡന്റ്
റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ, ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗ്, ഉത്തര കൊറിയൻ ഏകാധിപതി കിം ജോംഗ് ഉൻ എന്നിവരെ ട്രംപ് പുകഴ്‌ത്തി. അവരെ നേരിടാൻ യു.എസിന് ശക്തനായ പ്രസിഡന്റിനെ വേണമെന്നും പറഞ്ഞു. താൻ പ്രസിഡന്റായിരുന്നെങ്കിൽ റഷ്യ യുക്രെയിനെയും ഹമാസ് ഇസ്രയേലിനെയും തൊടില്ലായിരുന്നു. ഞാൻ പ്രസിഡന്റായിരുന്നപ്പോൾ ഇറാന് ഭീകരപ്രവർത്തനത്തിനുള്ള പണവും ഇല്ലായിരുന്നു. ഇസ്രയേലിന്റേത് പോലെ ഒരു അയൺ ഡോം രാജ്യത്തിനായി നിർമ്മിക്കും. ലോകത്തെ ഏറ്റവും മികച്ചതായിരിക്കും അത്- ട്രംപ് പറഞ്ഞു.
കമലയ്ക്കും ക്ഷണം
ഇന്നലെ ഇന്ത്യൻ സമയം പുലർച്ചെ 5.30നായിരുന്നു അമേരിക്കൻ ജനത ആകാംഷയോടെ കാത്തിരുന്ന മസ്ക് - ട്രംപ് അഭിമുഖം നിശ്ചയിച്ചിരുന്നത്. എന്നാൽ, സൈബർ ആക്രമണത്താൽ 40 മിനിറ്റിലേറെ വൈകിയാണ് തുടങ്ങിയത്. രണ്ട് മണിക്കൂറോളം സംഭാഷണം നീണ്ടു.13 ലക്ഷത്തിലേറെ ഉപഭോക്താക്കളാണ് തത്സമയം അഭിമുഖത്തിന്റെ ഭാഗമായത്. ട്രംപുമായുള്ള ചർച്ച ഹിറ്റായതിന് പിന്നാലെ കമലാ ഹാരിസിനെയും അഭിമുഖത്തിൽ പങ്കെടുക്കാൻ മസ്‌ക് ക്ഷണിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |