കൊച്ചി: മകന്റെ പിറന്നാളാഘോഷത്തിന് വാങ്ങിയ ബലൂണിൽ 'ഐ ലവ് യു പാകിസ്ഥാൻ' എന്ന എഴുത്തും പതാകയും കണ്ടതായി എരൂർ സ്വദേശിയായ യുവാവ് നൽകിയ വിവരത്തെ തുടർന്ന് തൃപ്പൂണിത്തുറ ഹിൽപാലസ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
തൃപ്പൂണിത്തുറ എരൂർ ചേലേക്കവഴിയിൽ അടുത്തിടെ കാസർകോട് സ്വദേശി തുടങ്ങിയ കടയിൽ നിന്ന് വാങ്ങിയ ബലൂണുകളിൽ ഒന്നിലായിരുന്നു ഇത്. ഈ കടയും തൊട്ടടുത്ത് ആലുവ ഉളിയന്നൂർ സ്വദേശി തുടങ്ങിയ കടയും സംഭവത്തെ തുടർന്ന് അടച്ചു. ഇവിടേക്ക് ഇന്നലെ വൈകിട്ട് ബി.ജെ.പി പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി.
തിങ്കളാഴ്ചയാണ് ബലൂണുകൾ വാങ്ങിയത്. വീട്ടിലെത്തി വീർപ്പിച്ച് നോക്കിയപ്പോഴാണ് വെളുത്ത ബലൂണിൽ എഴുത്ത് ശ്രദ്ധയിൽപ്പെട്ടത്. പതാകയും പതിപ്പിച്ചിരുന്നു. ഉടൻ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് കടയിലുണ്ടായിരുന്ന ബലൂണുകളെല്ലാം കസ്റ്റഡിയിലെടുത്തു. കടക്കാരനെതിരെ കേസെടുത്തിട്ടില്ല. കുന്നംകുളത്ത് നിന്ന് മൊത്തമായി വാങ്ങിയതാണ് ബലൂണുകളെന്ന് വ്യാപാരി മൊഴി നൽകി. ബലൂൺ പാക്കറ്റിൽ നിർമ്മാതാവിന്റെ വിവരങ്ങൾ ഇല്ലെന്ന് പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |