ധാക്ക: അശാന്തി അവസാനിക്കാത്ത ബംഗ്ലാദേശ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുന്നു. ഈ നില തുടർന്നാൽ പാകിസ്ഥാനെക്കാൾ വലിയ അപകടത്തിലേക്ക് രാജ്യം എത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആഴ്ചകളായി കലാപം തുടരുന്നതിനാൽ രാജ്യത്ത് പലയിടത്തും അവശ്യസാധനങ്ങൾ പോലും കിട്ടാത്ത അവസ്ഥയിലാണ് ജനങ്ങൾ. ഉള്ളതിനാകട്ടെ തൊട്ടാൽ പൊള്ളുന്ന വിലയും. പണ ലഭ്യതയും ഇറക്കുമതിയും കുറഞ്ഞത് ഇതുവരെയില്ലാത്ത പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. കലാപത്തിന് ജനങ്ങളെ ഇളക്കിവിടാൻ പാകിസ്ഥാനും ചൈനയും ഇപ്പോഴും ശ്രമിക്കുന്നുണ്ടെന്നാണ് റിപ്പാേർട്ടുകൾ വ്യക്തമാക്കുന്നത്. ചൈനയുടെ ചതിയിൽപ്പെട്ട് ഇന്ത്യയുടെ രണ്ട് അയൽ രാജ്യങ്ങളായ പാകിസ്ഥാനും ശ്രീലങ്കയും തിരിച്ചുകയറാനാവാത്തവിധത്തിലുള്ള കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് വീണിരുന്നു. ആ അവസ്ഥയിലേക്കാണ് ബംഗ്ലാദേശും പോകുന്നതെന്നാണ് വിഗ്‌ധർ നൽകുന്ന മുന്നറിയിപ്പ്.
കുതിച്ചുയർന്ന് വില
കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ബംഗ്ലാദേശിൽ സാധനങ്ങളുടെ വില കുതിച്ചുയരുകയാണ്. ബംഗ്ലാദേശ് ബ്യൂറോ ഒഫ് സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞമാസം ഉപഭോക്തൃ വില സൂചിക പന്ത്രണ്ടുവർഷത്തിനിടയിലെ എക്കാലത്തെയും ഉയർന്ന നിരക്കായ 11.66 ശതമാനത്തിലെത്തി. ഭക്ഷ്യ വിലക്കയറ്റം പതിമൂന്നുവർഷത്തിനിടെ ആദ്യമായി 14 ശതമാനം കവിഞ്ഞു. ഏറെനാളായി തുടരുന്ന പ്രതിഷേധം രാജ്യത്തെ മൊത്തം വിതരണ ശൃഖലയെയും ബാധിച്ചിട്ടുണ്ട്. ഷെയ്ഖ് ഹസീനയെ പുറത്താക്കി മുഹമ്മദ് യൂനുസിന് കീഴിലുള്ള ഭരണകൂടം അധികാരമേറ്റെങ്കിലും ഇപ്പോഴും സ്ഥിതിയിൽ ഒരുമാറ്റവും ഉണ്ടായിട്ടില്ല. സ്ഥിതി പഴയതുപോലെ എന്ന് പുനഃസ്ഥാപിക്കുമെന്ന കാര്യത്തിൽ ഒരു വ്യക്തതതും ഇല്ല.
പണവും പ്രശ്നം
പണ ലഭ്യതയും രാജ്യത്ത് കുറഞ്ഞിട്ടുണ്ട്. ഒരാൾക്ക് ഒരുബാങ്കിൽ നിന്ന് ഒരുദിവസം പരമാവധി പിൻവലിക്കാവുന്ന തുകയിൽ കടുത്ത നിയന്ത്രണങ്ങളാണ് സെൻട്രൽ ബാങ്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഒരാൾക്ക് ഒരുദിവസം രണ്ടുലക്ഷം ബംഗ്ലാദേശ് ടാക്കയിൽ കൂടുതൽ പിൻവലിക്കാൻ അനുമതിയില്ല. മൊത്തവ്യാപാരത്തെ ഇത് ഏറെ പ്രതികൂലമായാണ് ബാധിച്ചിരിക്കുന്നത്. ബംഗ്ലാദേശ് ടാക്കയുടെ മൂല്യം കൂപ്പുകുത്തിയത് മറ്റൊരു പ്രതിസന്ധിയാണ്. അരി, പയറുവർഗങ്ങൾ,ഡ്രൈ ഫ്രൂട്‌സ്, മസാലകൾ തുടങ്ങിയവ ഇന്ത്യയുൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്നാണ് ഇറക്കുമതിചെയ്യുന്നത്.
പണ ലഭ്യത കുറഞ്ഞതും മൂല്യം തകർന്നതും ഇറക്കുമതിയെ കാര്യമായ തോതിൽ ബാധിച്ചിട്ടുണ്ട്. ഇത് ഇനിയും വിലക്കയറ്റത്തിന് ഇടയാക്കും എന്നതിനൊപ്പം അവശ്യസാധനങ്ങളുടെ ലഭ്യതെയും കാര്യമായി ബാധിക്കും എന്ന ആശങ്ക ഉയർന്നിട്ടുണ്ട്. പണം പിൻവലിക്കാനുള്ള നിയന്ത്രണം വിപണിയെ മൊത്തത്തിൽ ബാധിച്ചിട്ടുണ്ടെന്നും പലരും കച്ചവടം തന്നെ മതിയാക്കുന്ന അവസ്ഥയിലേക്ക് എത്തുകയാണെന്നുമാണ് വ്യാപാരികൾ പറയുന്നത്. ഇന്ധനത്തിനും വില കയറുന്നുണ്ട്. അതുകൂടിയാകുമ്പോൾ അവശ്യസാധനങ്ങളുടെ വില റോക്കറ്റുപോലെ ഇനിയും കുതിച്ചുയരും.
കലാപം ഇപ്പോഴും
തലസ്ഥാനമായ ധാക്കയിലും പരിസരപ്രദേശങ്ങളിലും കലാപം ശമിച്ചിട്ടുണ്ടെങ്കിലും ഗ്രാമങ്ങൾ ഉൾപ്പടെയുള്ള ഉൾപ്രദേശങ്ങളിൽ ഇപ്പോഴും തുടരുകയാണ്. ഇതുകാരണം ജനങ്ങൾ പുറത്തിറങ്ങാൻ മടിക്കുകയാണ്. ഇതും വിപണിയെ കാര്യമായി ബാധിച്ചിട്ടുണ്ടെന്നാണ് വ്യാപാരികൾ ചൂണ്ടിക്കാണിക്കുന്നത്.
പ്രതിസന്ധി പരിഹരിക്കാൻ ഇടക്കാല സർക്കാർ തലവൻ മുഹമ്മദ് യൂനുസ് ശ്രമം തുടങ്ങിയിട്ടുണ്ടെങ്കിലും അത് എത്രത്തോളം വിജയിക്കുമെന്നത് കാത്തിരുന്നുതന്നെ കാണണം. സാമ്പത്തിക പ്രതിസന്ധിക്കൊപ്പം ശക്തമായ പൊലീസ് സംവിധാനം കെട്ടിപ്പടുത്ത് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുക എന്നതും മുഹമ്മദ് യൂനുസിന് കടുത്ത തലവേദനയാകും. പൊലീസിന്റെ കൈയിലുളള ആയുധങ്ങൾ ഒട്ടുമുക്കാലും കലാപകാരികളുടെ കൈയിലാണ്. ഇവ തിരികെ തരണമെന്ന് സൈന്യവും ഇടക്കാല സർക്കാരും ആവശ്യപ്പെട്ടെങ്കിലും ഇതുവരെ കാര്യമായ പ്രതികരണം ഒന്നും ഉണ്ടായിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |