ബംഗളൂരു: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനുവേണ്ടി പുനഃരാരംഭിച്ച തെരച്ചിൽ പുരോഗമിക്കുന്നു. ഇന്നലെ അർജുന്റെ ലോറിയുടെ ജാക്കി കണ്ടെത്തിയ സ്ഥലത്തുനിന്ന് 70 മീറ്ററോളം മാറി ഗംഗാവലി പുഴയിൽ ഡീസൽ പരന്നുകിടക്കുന്ന സ്ഥലത്താണ് ഇപ്പോൾ പരിശോധന നടക്കുന്നത്. ഇന്നലെ സോണാർ പരിശോധനയിൽ ലോഹസാന്നിദ്ധ്യം കണ്ടെത്തിയ മൂന്ന് പോയിന്റുകളിലാണ് നാവികസേന പരിശോധന കേന്ദ്രീകരിക്കുന്നത്. മൊത്തത്തിൽ നാല് പോയിന്റുകൾ കേന്ദ്രീകരിച്ചാണ് പരിശോധന നടക്കുന്നത്.
ഈശ്വർ മാൽപെ നടത്തിയ തെരച്ചിലിൽ ലോറിയുടെതെന്ന് സംശയിക്കുന്ന ലോഹഭാഗം കണ്ടെത്തിയിരുന്നെങ്കിലും അത് അർജുൻ ഓടിച്ചിരുന്ന ലോറിയുടേത് അല്ലെന്ന് ഉടമ മനാഫ് പറഞ്ഞു. അപകടത്തിൽപ്പെട്ട മറ്റൊരു ടാങ്കർ ലോറിയുടെതാകാം ഇതെന്നാണ് കരുതുന്നത്.
നാവികസേനയും ഈശ്വർ മാൽപെയും രണ്ട് രീതിയിലുള്ള പരിശോധനയാണ് നടത്തുന്നത്. മൽപെയ്ക്ക് ഒപ്പം സഹായിയും പുഴയിലിറങ്ങിയിട്ടുണ്ട്. മാൽപെ നാലുതവണ മുങ്ങിക്കയറിയെങ്കിലും പ്രതീക്ഷ നൽകുന്ന ഒന്നും കണ്ടെത്താനായില്ല. എസ് ഡി ആർ എഫ് സംഘവും പുഴയിലിറങ്ങി. കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ സ്ഥലത്തുണ്ട്. അർജുന്റെ ബന്ധുക്കളും സ്ഥലത്തുണ്ട്. പ്രദേശത്ത് മാദ്ധ്യമങ്ങളെ വിലക്കിയിരിക്കുകയാണ്.
അതേസമയം, തെരച്ചിലിൽ പ്രതീക്ഷയുണ്ടെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. ആരെയും കുറ്റപ്പെടുത്താനുള്ള സമയമല്ല. ഗംഗാവലി പുഴയുടെ ആഴം കൂടിയതിനാൽ ഡ്രഡ്‌ജർ ഉപയോഗിക്കാനാവില്ലെന്നും മന്ത്രി വ്യക്തമാക്കി.
അർജുനെക്കൂടാതെ മണ്ണിടിച്ചിലിൽ കാണാതായ ലോകേഷ്, ജഗന്നാഥ് എന്നീ കർണാടക സ്വദേശികൾക്കായുമുള്ള തെരച്ചിലാണ് നടക്കുന്നത്. ഷിരൂരിൽ യെല്ലോ അലർട്ട് നൽകിയിട്ടുണ്ടെങ്കിലും കാലാവസ്ഥ അനുകൂലമാണെന്നാണ് വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |