പാലക്കാട്: കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പ് കാലത്ത് 'കാഫിർ 'സ്‌ക്രീൻ ഷോട്ട് പ്രചരിപ്പിച്ചവരുടെ ഉദ്ദേശം വോട്ടർമാരെ ഭിന്നിപ്പിക്കലെന്ന് ഷാഫി പറമ്പിൽ എം പി. സി പി എം പ്രവർത്തകർ തന്നെ ഇതിനെ ചോദ്യം ചെയ്യുന്ന എൻകൗണ്ടർ നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
'പോരാളിമാരുടെയൊക്കെ പേരുവിവരങ്ങൾ വന്നുതുടങ്ങുന്നത് നല്ല ലക്ഷണമായിട്ട് തന്നെയാണ് ഞാൻ കാണുന്നത്. മുഖം ഇല്ലാത്തയാളുകളായതിനാലാണല്ലോ ഇത്രയും നാൾ തള്ളിപ്പറഞ്ഞുകൊണ്ടിരുന്നത്. ഇപ്പോൾ മുഖം ഉള്ളയാളുകളെ സംബന്ധിച്ച് അന്വേഷിക്കുമ്പോൾ ചില കാര്യങ്ങളൊക്കെ പുറത്തുവരുന്നുണ്ട്.
സജീവ, അടിമുടി സി പി എം പ്രവർത്തകരാണെന്ന വിവരങ്ങൾ പുറത്തുവരുന്നുണ്ട്. ഇപ്പോൾ ചിലരൊക്കെ പ്രൊഫൈലൊക്കെ ലോക്ക് ചെയ്തിരിക്കുകയാണെന്ന വിവരമൊക്കെ കിട്ടിയിട്ടുണ്ട്. ഇത് ആരുടെയെങ്കിലും ഒറ്റബുദ്ധിയിൽ തോന്നിയതാണെന്ന് എനിക്ക് അനുഭവപ്പെട്ടിട്ടില്ല. കാരണം. ആ സംഭവം പുറത്തുവന്ന സമയത്ത് തന്നെ അതിനോടുണ്ടായ പ്രതികരണം. ഒരു മുൻ എം എൽ എ ഉൾപ്പടെയുള്ളവർ സ്വന്തം അക്കൗണ്ടിൽ പ്രചരിപ്പിക്കുകയാണ്.'- ഷാഫി പറമ്പിൽ വ്യക്തമാക്കി. പാലക്കാട്ട് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇത് വേറെ ഏതെങ്കിലും പാർട്ടിയിലെ ആളുകളായിരുന്നെങ്കിൽ ഇങ്ങനെയാണോ പൊലീസ് പ്രതികരിക്കുകയെന്നും അങ്ങനെയായിരുന്നെങ്കിൽ കോടതിക്ക് ഇടപെടേണ്ടിവരില്ലായിരുന്നു അദ്ദേഹം പറഞ്ഞു. കാഫിർ സ്‌ക്രീൻഷോട്ടുമായി ബന്ധപ്പെട്ട് പൊലീസ് കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിലായിരുന്നു എം പിയുടെ പ്രതികരണം.
ഭീകര പ്രവർത്തനത്തിന് സമാനമായ കാര്യമെന്ന് വി ഡി സതീശൻ
വടകരയിലെ കാഫിർ സ്ക്രീൻഷോട്ട് വിവാദത്തിൽ സിപിഎമ്മിനെതിരെ ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഭീകര പ്രവര്‍ത്തനത്തിന് സമാനമായ കാര്യമാണ് വടകരയിലുണ്ടായതെന്നും പിന്നില്‍ ആരെന്ന് പൊലീസിന് അറിയാമെന്നും വിഡി സതീശൻ പറഞ്ഞു.
ഭീകരപ്രവർത്തനങ്ങൾക്ക് സമാനമായ സിപിഎമ്മിന്റെ നടപടിയാണ് കാഫിർ സ്ക്രീൻ ഷോട്ടിന് പിന്നിലെന്നും വിഡി സതീശൻ ആരോപിച്ചു. മുൻ എംഎൽഎ കെകെ ലതിക ഉൾപ്പെടെയുള്ള ഉന്നത സിപിഎം നേതാക്കളുടെ പങ്ക് വ്യക്തമാണെന്നും പിന്നില്‍ ആരാണെന്ന് പൊലീസിന് അറിയാമെങ്കിലും പൊലീസ് പറയില്ലെന്നും വിഡി സതീശൻ പറഞ്ഞു. യഥാര്‍ത്ഥ പ്രതികളെ പുറത്ത് എത്തിക്കും വരെ നിയമപോരാട്ടം തുടരുമെന്നും വിഡി സതീശൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |