ലണ്ടൻ: വിമാനയാത്രയിൽ എലിസബത്ത് രാജ്ഞി നിഷ്‌കർഷിച്ച് പോന്ന രീതികൾ വെളിപ്പെടുത്തുന്ന ബ്രിട്ടീഷ് എയർവേസ് വിമാനത്തിന്റെ ഫ്ളൈറ്റ് അറ്റൻഡിന്റെ കുറിപ്പുകൾ ലേലത്തിന്. ബ്രിട്ടീഷ് എയർവേസിൽ 28 വർഷം പ്രവർത്തിച്ച എലിസബത്ത് ഇവാൻസ് എന്ന ഫ്ളൈറ്റ് അറ്റൻഡിന്റെ കുറിപ്പുകളുടെ ലേലം വ്യാഴാഴ്‌ചയാണ് നടക്കുന്നത്.
വിമാനത്തിൽ രാജ്ഞിയെ സേവിക്കാൻ ഇവാൻസിന് ഒരിക്കൽ അവസരം ലഭിച്ചിരുന്നു. 1989ൽ ഒരു രാജകീയ യാത്രയിൽ എലിസബത്ത് രാജ്ഞിയുംഫിലിപ്പ് രാജകുമാരനുമായിരുന്നു ഇവാൻസിന്റെ വിഐപി അതിഥികൾ. സിംഗപൂർ, മലേഷ്യ ടൂറിലായിരുന്നു ഇരുവരും.
'വിമാനത്തിൽ അതിഥികളുമായി സംവദിക്കുന്നതിന് തൊട്ടുമുൻപായി രാജ്ഞി വിലയേറിയ കോക്‌ടെയിൽ ആയ മാർട്ടിനി കുടിക്കുമായിരുന്നു. കൂടാതെ വീട്ടിൽ നിന്ന് കൊണ്ടുവരുന്ന തലയിണ ഉപയോഗിച്ചാണ് രാജ്ഞി വിമാനത്തിൽ ഉറങ്ങിയിരുന്നത്. കൂടാതെ ടേക്ക് ഓഫിന് മുൻപുതന്നെ ഒരു ബൗൾ നിറയെ വേലാമിന്റ്‌സ് എന്ന ച്യൂയിംഗ് ഗം രാജ്ഞി ആവശ്യപ്പെടുമായിരുന്നു. ഡ്രെസിംഗ് മുറിയിലും ഈ ച്യൂയിംഗ് ഗം ഉണ്ടാകണമെന്ന് രാജ്ഞി ആവശ്യപ്പെടും. രാജ്ഞിയുടെ ഡ്രസർ ആണ് കിടക്ക ഒരുക്കാൻ നിയോഗിക്കപ്പെടുക. വിമാനം ലാൻഡ് ചെയ്യുന്ന സമയം രാജ്ഞി ഉറക്കത്തിലാണെങ്കിൽ ആരും ഉണർത്താനും പാടില്ല'- ഇവാൻസിന്റെ കുറിപ്പിൽ വ്യക്തമാക്കുന്നു.
2017ൽ 70ാം വയസിലാണ് ഇവാൻസ് മരണപ്പെട്ടത്. 500 ഡോളർ മുതൽ 700 ഡോളർവരെയാണ് ഇവാൻസിന്റെ ഓർമക്കുറിപ്പുകൾക്ക് ലേലത്തിൽ വിലയിട്ടിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |