ന്യൂഡൽഹി:ധാതുക്കൾക്കും ഖനികൾക്കും ധാതുസമ്പന്നമായ മറ്റു ഭൂമികൾക്കുമുള്ള നികുതികൾ പിരിക്കാൻ സംസ്ഥാനങ്ങൾക്കാണ് അധികാരമെന്ന ചരിത്രവിധിക്ക് സുപ്രീംകോടതി 2005 ഏപ്രിൽ ഒന്ന് മുതൽ മുൻകാല പ്രാബല്യം നൽകി. അന്നു മുതലുള്ള നികുതി കേന്ദ്രസ്ഥാപനങ്ങളും ഖനന കമ്പനികളും സംസ്ഥാനങ്ങൾക്ക് നൽകണം.
ഇക്കഴിഞ്ഞ ജൂലായ് 25നാണ് സംസ്ഥാനങ്ങൾക്ക് അനുകൂലമായ വിധി പ്രസ്താവിച്ചത്.മുൻകാല പ്രാബല്യം വേണമെന്ന ചില സംസ്ഥാനങ്ങളുടെ ആവശ്യം വാദം കേട്ട് കഴിഞ്ഞദിവസം അംഗീകരിക്കുകയായിരുന്നു.
ധാതുസമ്പന്നമായ ഒഡിഷ, ഛത്തീസ്ഗഢ്, കർണാടക, ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങൾക്ക് വലിയ സാമ്പത്തിക നേട്ടമുണ്ടാകും. മുൻകാല പ്രാബല്യം വേണമെന്ന് ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടപ്പോൾ രാജസ്ഥാനും മദ്ധ്യപ്രദേശും വേണ്ടെന്ന നിലപാടിലായിരുന്നു. ഒഡിഷ കൃത്യമായി ഒന്നും പറഞ്ഞില്ല.
വിധിക്ക് മുൻകാല പ്രാബല്യം നൽകരുതെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചിരുന്നു. സ്റ്റീൽ അതോറിട്ടി ഒഫ് ഇന്ത്യയ്‌ക്ക് മാത്രം 3000 കോടിയുടെ ബാദ്ധ്യതയുണ്ടാകും. ധാതുക്കളുടെ വിലയിൽ ഉൾപ്പെടെ ഗുരുതരമായ പ്രതിഫലനമുണ്ടാകും. വ്യവസായങ്ങളെ ബാധിക്കുമെന്നും, ആത്യന്തികമായി സാധാരണക്കാരന് അതിന്റെ ഭാരം താങ്ങേണ്ടി വരുന്ന സാഹചര്യമുണ്ടാകുമെന്നും അറിയിച്ചിരുന്നു. ഇക്കാര്യം കണക്കിലെടുത്ത ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ വിശാല ബെഞ്ച്
നിബന്ധനകൾ ബാധകമാക്കി.
12 വർഷംകൊണ്ട്
തവണകളായി മതി
1. നികുതി കുടിശ്ശിക 2026 ഏപ്രിൽ ഒന്നുമുതൽ 12 വർഷം കൊണ്ട് ഘട്ടംഘട്ടമായി സംസ്ഥാനങ്ങൾക്ക് നൽകിയാൽ മതി
2. വിധി പുറപ്പെടുവിച്ച ജൂലായ് 25ന് മുമ്പുള്ള പിഴയും പലിശയും സംസ്ഥാനങ്ങൾക്ക് നൽകേണ്ടതില്ല
സംസ്ഥാനങ്ങൾക്ക് നേട്ടം
ധാതുഖനനവുമായി ബന്ധപ്പെട്ട് രാജ്യത്തെ നികുതിയുടെ 44 ശതമാനവും ഒഡിഷയിൽ നിന്നാണ് പിരിക്കുന്നത്. ഛത്തീസ്ഗഢ് - 17.34%, രാജസ്ഥാൻ - 14.10%, കർണാടക - 13.24%, ജാർഖണ്ഡ് - 4.36%. കേരളത്തിലും ഖനന പ്രവർത്തനങ്ങളുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |