കല്ലമ്പലം: നാവായിക്കുളം പോരേടംമുക്ക് സ്വദേശിനി ശരണ്യയ്ക്ക് തോട്ടിലെ വെള്ളത്തിൽ കുളിച്ചതിനു പിന്നാലെ അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചതോടെ പ്രദേശത്തെ ജലാശയങ്ങൾ നാട്ടുകാർക്ക് പേടിസ്വപ്നമാകുന്നു. കുട്ടികളും മുതിർന്നവരും ഉൾപ്പെടെ നിരവധി പേരാണ് ചെറുതും വലതുമായ ജലാശങ്ങളെ കുളിക്കാനും അലക്കാനും കൃഷി ആവശ്യങ്ങൾക്കും ഉപയോഗിക്കുന്നത്. പ്രത്യേകിച്ചും വേനൽ സമയങ്ങളിൽ. ഈ സാഹചര്യത്തിൽ അടിയന്തരമായി എല്ലാ ജലാശയങ്ങളും ശുചീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. രോഗബാധയ്ക്കു കാരണമായ തോട് തൊഴിലുറപ്പ് തൊഴിലാളികൾ വൃത്തിയാക്കിയെങ്കിലും പഞ്ചായത്തിൽ 45 ജലാശയങ്ങൾ വൃത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രവർത്തനങ്ങൾ വിലയിരുത്താൻ നാവായിക്കുളം പഞ്ചായത്ത് കമ്മിറ്റിയുടെ അടിയന്തരയോഗം ഇന്ന് ചേരും. ജില്ലാ മെഡിക്കൽ ഓഫീസർ, സി.എച്ച്.സി സൂപ്രണ്ട്, എച്ച്.ഐ, ജെ.എച്ച്.ഐമാർ, ആശാപ്രവർത്തകർ തുടങ്ങിയവരുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ചു. പ്രദേശത്ത് ആരോഗ്യവകുപ്പ് ബോധവത്കരണം ശക്തമാക്കി. പഞ്ചായത്തിലെ കുടുംബശ്രീ, സി.ഡി.എസ്. അംഗങ്ങളെ ഉൾപ്പെടുത്തി ബോധവത്‌കരണ ക്ലാസുകളും നടത്തി.
കുളങ്ങളിൽ കുളിക്കാനോ തുണി അലക്കാനോ പാടില്ലെന്ന മുന്നറിയിപ്പ് ബോർഡുകൾ ഉടൻ സ്ഥാപിക്കുമെന്നും കുളങ്ങളിലെ ക്ലോറിനേഷൻ, പരിസരം വൃത്തിയാക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ നടന്നുവരുന്നതായും പഞ്ചായത്തധികൃതർ അറിയിച്ചു.
19 പേർ നിരീക്ഷണത്തിൽ
രോഗം സ്ഥിരീകരിച്ച ശരണ്യ കുളിച്ച തോടുമായി സമ്പർക്കമുള്ള 19 പേരാണ് നിലവിൽ നിരീക്ഷണത്തിലുള്ളത്. ഇവർക്കാർക്കും ലക്ഷണങ്ങളില്ല, തോട്ടിൽ നിന്ന് ശേഖരിച്ച ജലത്തിന്റെ പരിശോധനാഫലം ലഭിച്ചിട്ടില്ല.
മാലിന്യം ഒഴുകിയെത്തും
പ്രദേശത്ത് ടോയ്‌ലെറ്റ് മാലിന്യങ്ങൾ വലിയ ഭീഷണിയാണ് ഉയർത്തുന്നത്. തോട്ടിലും കുളങ്ങളിലും റോഡിന്റെ വക്കുകളിലും ഒഴുക്കുന്ന ഇത്തരം മാലിന്യങ്ങൾ മഴക്കാലത്ത് ഒഴുകി ഒലിച്ച് ജലാശയങ്ങളിൽ എത്തുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |