നാദാപുരം: വിലങ്ങാടും സമീപ ഗ്രാമപഞ്ചായത്തുകളിലും ഉരുൾപൊട്ടൽ ബാധിച്ച കെട്ടിടങ്ങളുടെ വാസ യോഗ്യത പരിശോധിക്കാൻ നാല് പ്രത്യേക സംഘം. ഉരുൾപൊട്ടലിന്റെ തീവ്രത പരിഗണിച്ചും പ്രദേശത്തെ പുനരധിവാസം ലക്ഷ്യമിട്ടും ജില്ലാ കളക്ടർ സ്‌നേഹിൽകുമാർ സിംഗാണ് പ്രത്യേക സംഘങ്ങൾക്ക് രൂപം നൽകിയിരിക്കുന്നത്. ഉരുൾപൊട്ടൽ ബാധിത മേഖലയിലെ ഓരോ വീടും മറ്റ് കെട്ടിടവും സംഘം പരിശോധിക്കും. തറയുടെ ഉറപ്പ്, ചുമരിന്റെ ബലം, മേൽക്കൂര എന്നിവ പരിശോധിച്ചു കെട്ടിടത്തിന്റെ സ്‌ട്രക്‌ചറൽ അസസ്‌മെന്റ് നടത്തും. ഉരുൾപൊട്ടലിൽ ഒഴുകിവന്ന ഉരുളൻ കല്ലുകളും ചെളിയും മണ്ണും ചേർന്നടിഞ്ഞ അവശിഷ്ടം കെട്ടിടങ്ങൾക്ക് ഭീഷണിയാണോ എന്നത് പരിശോധിക്കും.
ദുരന്തമേഖലയിൽ ഇടിച്ചു നിരപ്പാക്കേണ്ട കെട്ടിടങ്ങളുടെ (അപകട ഭീഷണി ഉയർത്തുന്നതും ഭാഗികമായി തകർന്നതും) എണ്ണവും പൊതുജനാരോഗ്യത്തെ ബാധിക്കുന്ന കാര്യങ്ങളും (ജൈവ മാലിന്യങ്ങൾ, കിണർ വെള്ളം മലിനമായത്) സംഘം പരിശോധിക്കും. ഓരോ സംഘത്തിലും ആറ് പേർ
ഇതിൽ ജിയോളജിസ്റ്റ്, ഗ്രാമപഞ്ചായത്ത് അംഗം, ഗ്രാമപഞ്ചായത്തിലെ എൻജിനിയർ, ഹെൽത്ത് ഇൻസ്‌പെക്ടർ, വില്ലേജ് ഓഫീസർ, പിഡബ്ല്യുഡി (കെട്ടിട വിഭാഗം) ഉദ്യോഗസ്ഥൻ എന്നിവർ ഉൾപ്പെടും. ഇന്നു മുതൽ സംഘം പരിശോധന തുടങ്ങും. ആഗസ്റ്റ് 19 നകം പരിശോധന പൂർത്തിയാക്കി വടകര ആർ.ഡി.ഒയ്ക്ക് റിപ്പോർട്ട് നൽകും. ആർ.ഡി.ഒ റിപ്പോർട്ട് ക്രോഡീകരിച്ച് ജില്ലാ കളക്ടർക്ക് കൈമാറും. വിലങ്ങാടിന്റെ പുനരധിവാസ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നതെന്നും കളക്ടർ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |