തിരുവനന്തപുരം: തലസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച രോഗികളിൽ പേരൂർക്കട മണ്ണാമൂല സ്വദേശി നിജിത്തിന് (39) വൈറസ് ബാധയുണ്ടായതെങ്ങനെയെന്ന് രണ്ടാഴ്ചയാകുമ്പോഴും ആരോഗ്യവകുപ്പിന് കണ്ടെത്താനായിട്ടില്ല. ഇയാൾ തോട്ടിലോ മറ്റു ജലാശയങ്ങളിലോ കുളിച്ചിട്ടില്ല. അതീവഗുരുതരാവസ്ഥയിലായിരുന്ന രോഗിയുടെ നിലമെച്ചപ്പെട്ടതോടെ ഡോക്ടർമാർ ഉൾപ്പെടെ വിവരശേഖരണം നടത്തിയെങ്കിലും വൈറസ് ബാധയ്ക്ക് കാരണമായ സാഹചര്യങ്ങളും കണ്ടെത്താനായില്ല. ഇതോടെ വീട്ടിലെ വാട്ടർടാങ്കുകളിൽ നിന്ന് ഉൾപ്പെടെ രോഗം പകരാമെന്ന നിഗമനത്തിലാണ് ആരോഗ്യവകുപ്പ്. തലസ്ഥാനത്ത് രോഗം ബാധിച്ചവരിൽ ഗുരുതരമായതും ഇയാൾക്കാണ്. ഇയാളുൾപ്പെടെ ഏഴു പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രണ്ടുപേരുടെ ഫലം നെഗറ്റീവാണെങ്കിലും ലക്ഷണങ്ങളുള്ളതിനാൽ ചികിത്സ നൽകുകയാണ്. ആരുടെയും ആരോഗ്യനിലയിൽ ആശങ്കയില്ല. പേരൂർക്കട സ്വദേശിയും ഏറ്റവും ഒടുവിൽ രോഗം കണ്ടെത്തിയ നാവായിക്കുളം സ്വദേശിയും ഒഴികെ മറ്റെല്ലാവരും നെയ്യാറ്റിൻകര അതിയന്നൂർ മരുതംകോട് സ്വദേശികളാണ്. നാവായിക്കുളത്തെ യുവതിക്ക് രോഗം ബാധിച്ചത് പുളിയർത്തോട്ടിൽ കുളിച്ചതിലൂടെയാണെന്ന് വ്യക്തമായിരുന്നു. മരുതംകോട് സ്വദേശികൾക്ക് പ്രദേശത്തെ കാവിൻകുളത്തിൽ നിന്നാണ് രോഗബാധയെന്നും കണ്ടെത്തിയിരുന്നു. ലക്ഷണങ്ങളുള്ള രണ്ടുപേരും കാവിൻകുളത്തിൽ കുളിച്ചിരുന്നു. യുവതി പേവാർഡിലാണ്. ബാക്കി എട്ടുപേരും പുരുഷൻമാരാണ്. അമീബിക് മസ്തിഷ്ക ജ്വരം ചികിത്സിക്കാനായി വാർഡാക്കി മാറ്റിയ ഫിവർ ഐസിയുവിലാണ് പുരുഷൻമാരുള്ളത്. രോഗം ബാധിച്ച് ജൂലായ് 23ന് മരിച്ച നെയ്യാറ്റിൻകര അതിയന്നൂർ മരുതംകോട് സ്വദേശി അഖിലാണ് (27) ആദ്യ രോഗി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |