തിരുവനന്തപുരം: വടകരയിലെ കാഫിർ സ്‌ക്രീൻഷോട്ട് പ്രചരിപ്പിച്ചത് ഇടത് ഗ്രൂപ്പുകളാണെന്ന് കണ്ടെത്തിയിട്ടും കേസെടുക്കാത്ത് ഗൂഢാലോചനയിൽ പങ്കാളികളായ സി.പി.എം നേതാക്കളെ സംരക്ഷിക്കാനെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി. നാടിന്റെ മതസൗഹാർദ്ദം തകർക്കാൻ ശ്രമിച്ചവർക്കെതിരെയും അത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചവർക്കെതിരെയും കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബി.ജെ.പിയുമായുള്ള രഹസ്യ സഹവാസം വർഗീയ വിഷം ബാധിച്ച രാഷ്ട്രീയ പാർട്ടിയാക്കി സി.പി.എമ്മിനെ മാറ്റി. കപട മതേതര മുഖമാണ് സി.പി.എമ്മിനുള്ളത്. സ്വാർത്ഥ രാഷ്ട്രീയ നേട്ടത്തിനായി നാടിനെ ഭിന്നിപ്പിക്കുന്ന തീവ്രവർഗീയത പ്രചരിപ്പിച്ചവർ കേരള സമൂഹത്തോട് മാപ്പു പറയണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.
സി.പി.എമ്മിന്റേത് വർഗീയ പ്രചാരണമെന്ന് സതീശൻ
വടകരയിൽ സി.പി.എം നടത്തിയ തീവ്രവാദത്തിന് സമാനമായ വിദ്വേഷ പ്രചരണം സംഘപരിവാറിനെ പോലും നാണിപ്പിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആരോപിച്ചു. കാഫിർ പ്രയോഗം ലീഗിന്റെയും കോൺഗ്രസിന്റെയും തലയിൽ കെട്ടിവയ്ക്കാനുള്ള ഗൂഢാലോചന പൊളിഞ്ഞു. റെഡ് എൻകൗണ്ടർ, പോരാളി ഷാജി, അമ്പാടി മുക്ക് സഖാക്കൾ, കെ.കെ.ലതികയുടെ ഫേസ്ബുക്ക് പോസ്റ്റ് ഉൾപ്പെടെ അഞ്ച് സി.പി.എം സൈബർ പേജുകളിലും വാട്സാപ് ഗ്രൂപ്പുകളിലുമാണ് ഇത് പ്രചരിച്ചതെന്നാണ് പൊലീസ് റിപ്പോർട്ടിലുള്ളത്. തിരഞ്ഞെടുപ്പിൽ വോട്ട് കിട്ടാൻ ഏത് ഹീനമായ മാർഗവും അവലംബിക്കുമെന്നാണ് സി.പി.എം തെളിയിച്ചിരിക്കുന്നത്. ജനങ്ങൾക്കിടയിൽ മതപരമായ ഭിന്നിപ്പുണ്ടാക്കാനാണ് അവർ ശ്രമിച്ചതെന്നും സതീശൻ കുറ്റപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |