ടൊറന്റോ: കാനഡയിലെ ആർട്ടിക് മേഖലയിൽ രണ്ട് ധ്രുവക്കരടികളുടെ ആക്രമണത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. നോർത്തേൺ നുനവുട്ട് മേഖലയിലെ ബ്രെവൂട്ട് ഐലൻഡിൽ വിദൂര റഡാർ കേന്ദ്രത്തിലെ ജീവനക്കാരനാണ് കൊല്ലപ്പെട്ടത്. കരടികളിൽ ഒന്നിനെ റഡാർ കേന്ദ്രത്തിലെ ജീവനക്കാർ കൊന്നു. മറ്റൊന്ന് രക്ഷപ്പെട്ടു. സംഭവത്തിൽ പ്രാദേശിക ഭരണകൂടങ്ങൾ അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ വർഷം അലാസ്കയിൽ ധ്രുവക്കരടിയുടെ ആക്രമണത്തിൽ ഒരു സ്ത്രീയും ഒരു വയസുള്ള മകനും കൊല്ലപ്പെട്ടിരുന്നു.
അതീവ അക്രമ സ്വഭാവമുള്ളവയാണ് ധ്രുവക്കരടികൾ. ഒരിക്കൽ ഒരു ധ്രുവക്കരടിയുടെ ആക്രമണം നേരിടേണ്ടി വന്ന ഒരാൾക്ക് തകർന്നു പോയ തന്റെ തലയോട്ടി കൂട്ടിയോജിപ്പിക്കാൻ 13 മണിക്കൂറുകൾ നീണ്ട 300 തുന്നലുകളാണ് വേണ്ടി വന്നത്. 2003 സെപ്റ്റംബറിൽ കനേഡിയൻ ആർട്ടിക് മേഖലയിൽ വച്ച് ഇന്യൂറ്റ് വിഭാഗത്തിൽപ്പെടുന്ന എസ്കിമോ ഗൈഡായ കൂറ്റൂ ഷായ്ക്ക് നേരെയാണ് ധ്രുവക്കരടിയുടെ ആക്രമണമുണ്ടായത്.
രാത്രിയിൽ ഉറങ്ങിക്കിടക്കവെ കൂറ്റൂവിന്റെ ടെന്റ് തകർത്ത് ധ്രുവക്കരടി ഉള്ളിൽ കടക്കുകയായിരുന്നു. കൂറ്റൂ ഓടിരക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഒരു കല്ലിൽ തട്ടി നിലത്തു വീണു. പിന്നാലെയെത്തിയ ധ്രുവക്കരടി അതിന്റെ കൂർത്ത നഖങ്ങളും പല്ലും കൊണ്ട് കൂറ്റൂവിനെ ആക്രമിച്ചു. ആക്രമണത്തിൽ കൂറ്റൂവിന്റെ തലയോട്ടി പിളർന്നു. പ്രദേശത്തുണ്ടായിരുന്ന ചിലർ ധ്രുവക്കരടിയെ വെടിവച്ചു കൊല്ലുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചതിനാൽ കൂറ്റൂ അത്ഭുതകരമായി രക്ഷപ്പെട്ടു.
ഏകദേശം 17,000 ധ്രുവക്കരടികൾ കാനഡയിൽ ജീവിക്കുന്നുണ്ടെന്നാണ് കണക്ക്. ആഗോളതലത്തിൽ ആകെ ധ്രുവക്കരടികളുടെ മൂന്നിൽ രണ്ടാണ് ഇത്. 1870 മുതൽ 2014 വരെ കാനഡ, യു.എസ്, നോർവെ, ഗ്രീൻലൻഡ്, റഷ്യ എന്നിവിടങ്ങളിലായി റിപ്പോർട്ട് ചെയ്ത 73 ധ്രുവക്കരടി ആക്രമണങ്ങളിൽ 20 എണ്ണം ആളുകളുടെ മരണത്തിന് കാരണമായി. ധ്രുവക്കരടികളുടെ ആക്രമണം പൊതുവെ കുറവാണെങ്കിലും ആവാസവ്യവസ്ഥയിലെ മഞ്ഞുരുകൽ മൂലം ഇവ ജനവാസ മേഖലകളിലേക്ക് ഇറങ്ങുന്നത് വർദ്ധിച്ചിരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |