ബാങ്കോക്ക്: തായ്‌ലൻഡിൽ പ്രധാനമന്ത്രി സ്രേത്ത തവിസിനെ (62) പുറത്താക്കി ഭരണഘടനാ കോടതി. ജയിൽ ശിക്ഷ അനുഭവിച്ച മുൻ അഭിഭാഷകനെ മന്ത്രി സ്ഥാനത്ത് നിയമിച്ചതിലൂടെ ഭരണഘടനാ ലംഘനം നടത്തിയെന്ന് കാട്ടിയാണ് നടപടി.ഉപപ്രധാനമന്ത്രി ഫൂംതം വെചായാചായിയെ ആക്ടിംഗ് പ്രധാനമന്ത്രിയായി നിയമിച്ചു. 16 വർഷത്തിനിടെ ഭരണഘടനാ കോടതി പുറത്താക്കുന്ന നാലാമത്തെ പ്രധാനമന്ത്രിയാണ് റിയൽ എസ്റ്റേറ്റ് വ്യവസായി കൂടിയായ സ്രേത്ത. സത്യസന്ധതമായി കടമ നിർവഹിക്കുന്നതിൽ സ്രേത്ത പരാജയപ്പെട്ടതായി കോടതി ഇന്നലെ ചൂണ്ടിക്കാട്ടി. കഴിഞ്ഞ വർഷം ആഗസ്റ്റിലാണ് സ്രേത്ത അധികാരമേറ്റത്. നാളെ പാർലമെന്റിൽ പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുമെന്നാണ് വിവരം. ഫ്യൂ തായ് പാർട്ടി അംഗമായ സ്രേത്ത മുൻ ധനമന്ത്രി കൂടിയാണ്. മുൻ പ്രധാനമന്ത്രി തക്‌സിൻ ഷിനാവത്രയുടെ മകൾ പേതോംഗ്‌താൻ ഷിനാവത്രയെ ഫ്യൂ തായ് പാർട്ടി പ്രധാനമന്ത്രി സ്ഥാനത്തേക്ക് നാമനിർദ്ദേശം ചെയ്‌തേക്കുമെന്നാണ് സൂചന. ആഭ്യന്തര മന്ത്രി അനുതിൻ ചരൺവിരാകുൽ, ഊർജ്ജ മന്ത്രി പിരാപൻ സാലിരതാവിഭാഗ, മുൻ ആർമി തലവൻ പ്രവിത് വോംഗ്‌സുവാൻ തുടങ്ങിയവരും മത്സരിച്ചേക്കും.കഴിഞ്ഞ വർഷത്തെ പൊതുതിരഞ്ഞെടുപ്പിൽ മുന്നിലെത്തിയ മൂവ് ഫോർവേഡ് പാർട്ടിയെ ഭരണഘടനാ കോടതി കഴിഞ്ഞാഴ്ച പിരിച്ചുവിട്ടിരുന്നു. ഭരണഘടനാപരമായ രാജവാഴ്ചയ്ക്കെതിരെ പ്രചാരണം നടത്തിയെന്ന് കാട്ടിയായിരുന്നു നടപടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |