കൊൽക്കത്ത: വനിതാ ഡോക്‌ടർ ക്രൂരപീഡനത്തിനിരയായി കൊല്ലപ്പെട്ട ആർ.ജി. കർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ അജ്ഞാതർ അതിക്രമിച്ചുകയറി ആക്രമണം നടത്തിയതായി പൊലീസ്. ഇന്ന് പുലർച്ചെയോടെയാണ് വനിതാ ഡോക്‌ടറുടെ മൃതദേഹം കണ്ടെത്തിയ ആശുപത്രിയുടെ ഒരുഭാഗം അക്രമികൾ അടിച്ചുതകർത്തത്.
ബംഗാളിലെ വനിതകൾ പിജി ഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധ പ്രകടനം നടത്തുന്നതിനിടെയായിരുന്നു ആക്രമണം. ഏകദേശം 40 പേരടങ്ങുന്ന സംഘം ആശുപത്രി വളപ്പിൽ പ്രവേശിക്കുകയും സാധനങ്ങൾ അടിച്ചുതകർക്കുകയും ചെയ്തതായാണ് പൊലീസ് പറയുന്നത്. അക്രമികൾ പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ കല്ലെറിയുകയും ചെയ്തു. തുടർന്ന് പ്രതിഷേധക്കാർക്കുനേരെ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചതായും റിപ്പോർട്ടുണ്ട്. ഒരു പൊലീസ് വാഹനവും പ്രദേശത്തുണ്ടായിരുന്ന മറ്റ് രണ്ട് വാഹനങ്ങളും അക്രമികൾ അടിച്ചുതകർത്തു. ആക്രമണത്തിൽ ചില പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. പുലർച്ചെ രണ്ട് മണിയോടെ കൊൽക്കത്ത പൊലീസ് കമ്മിഷണർ വിനീത് ഗോയൽ സംഭവസ്ഥലത്തെത്തി സ്ഥിതിഗതികൾ പരിശോധിച്ചു.
പൊലീസ് കമ്മിഷണറോട് അക്രമത്തെക്കുറിച്ച് ആരാഞ്ഞുവെന്നും പ്രതികൾക്കെതിരെ 24 മണിക്കൂറിനകം കർശന നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ടുവെന്നും തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറിയും എംപിയുമായ അഭിഷേക് ബാനർജി പറഞ്ഞു. അതേസമയം, ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ ടിഎംസി ഗുണ്ടകളാണ് ആക്രമണം നടത്തിയതെന്ന് ബിജെപി നേതാവ് സുവേന്ദു അധികാരി ആരോപിച്ചു.
ആശുപത്രിയിലെ സെമിനാർ ഹാളിൽ ആഗസ്റ്റ് ഒൻപതിനാണ് വനിതാ ഡോക്‌ടറെ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഔട്ട് പോസ്റ്റിൽ പൊലീസിനെ സഹായിക്കാനായി നിയോഗിച്ചിരുന്ന 33 വയസുള്ള സിവിക് വോളന്റിയർ സഞ്ജയ് റോയ് ശനിയാഴ്ച അറസ്റ്റിലായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |