അബുദാബി: വ്യാജ സ്വദേശിവത്കരണത്തിന് കനത്ത പിഴ ഏർപ്പെടുത്തി യുഎഇ തൊഴിൽ നിയമത്തിൽ ഭേദഗതി. തൊഴിലുമായി ബന്ധപ്പെട്ട വഞ്ചനകൾക്ക് ഒരു ലക്ഷം ദിർഹം മുതൽ ഒരു മില്യൺ ദിർഹംവരെയാണ് പിഴ ലഭിക്കുക.
യുഎഇ പൗരന് വർക്ക് പെർമിറ്റ് നൽകിയതിനുശേഷം തെറ്റായ ജോലികൾ ചെയ്യിക്കുന്നതും ജോലി നൽകാതിരിക്കുന്നതും പിഴയ്ക്ക് കാരണമാവുമെന്ന് തൊഴിൽ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. യുഎഇയിലെ സ്വകാര്യ കമ്പനികൾ തങ്ങളുടെ എമിറാത്തി ജീവനക്കാരുടെ എണ്ണം വൈദഗ്ദ്യ തൊഴിലുകളിൽ വർദ്ധിപ്പിക്കണമെന്നാണ് നിയമം അനുശാസിക്കുന്നത്. ഇതിന്റെ ഭാഗമായി ചില സ്ഥാപനങ്ങൾ തൊഴിൽ തട്ടിപ്പ് നടത്തുന്നതായാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്.
2022ലാണ് പദ്ധതിയാരംഭിച്ചത്. 2023 നവംബർ വരെയുള്ള കണക്കുകൾ പ്രകാരം 1267 യുഎഇ പൗരന്മാർ വ്യാജ തസ്തികകളിൽ ജോലി ചെയ്യുന്നതായി മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം കണ്ടെത്തി. വ്യാജ തൊഴിലിൽ ഏർപ്പെടുന്ന തൊഴിലാളികളുടെ എണ്ണത്തിനനുസരിച്ചായിരിക്കും പിഴ നിശ്ചയിക്കുക.
തൊഴിലാളികളുടെ അവകാശങ്ങൾ തീർപ്പാക്കാതെ കമ്പനി അടച്ചുപൂട്ടുക, പ്രായപൂർത്തിയാകാത്തവരെ നിയമിക്കുക തുടങ്ങിയ തൊഴിൽ നിയമ ലംഘനങ്ങളും പുതിയ ഭേദഗതി അഭിസംബോധന ചെയ്യുന്നു. ഇത്തരം കേസുകളിൽ മന്ത്രാലയത്തിന്റെ തീരുമാനം അന്തിമമായിരിക്കുമെങ്കിലും 15 ദിവസത്തിനകം അപ്പീൽ നൽകാവുന്നതാണ്.
തൊഴിലുമായി ബന്ധപ്പെട്ട വഞ്ചനയും തട്ടിപ്പും തടയുന്നതിനും എമിറേറ്റൈസേഷൻ നയങ്ങൾ പൂർണ്ണമായും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമാണ് പുതിയ ഭേദഗതികൾ ലക്ഷ്യമിടുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |