SignIn
Kerala Kaumudi Online
Friday, 27 September 2024 6.06 PM IST

കോടതിയിലൂടെയും സംഘർഷങ്ങളിലൂടെയുമല്ല, മുല്ലപ്പെരിയാറിന് പരിഹാരമുണ്ടാകാൻ ഇന്നത്തെ അവസ്ഥയിൽ മാർഗമൊന്നേയുള്ളൂ

Increase Font Size Decrease Font Size Print Page
mullaperiyar-dam

ഒരു അണക്കെട്ടിനെച്ചൊല്ലി രണ്ടു സംസ്ഥാനങ്ങൾ തമ്മിൽ സംഘർഷം തുടങ്ങിയിട്ട് നാലര പതിറ്റാണ്ടായി. അതിനു മുമ്പും നേരിയതോതിൽ അഭിപ്രായ വ്യത്യാസങ്ങളും ഒരുഘട്ടത്തിൽ കോടതി വ്യവഹാരവും ഉണ്ടായിട്ടുണ്ട്. എന്നാൽ തർക്കങ്ങൾ കൊടുമ്പിരിക്കൊണ്ടു തുടങ്ങിയത് 1979 മുതലാണ്. ഈ പ്രശ്നം രമ്യമായി പരിഹരിച്ചേ മതിയാകൂ. പലകാരണങ്ങളാൽ അപകടസാദ്ധ്യതയുള്ള ഒരു അണക്കെട്ടിന്റെ പേരിൽ ഇനിയും വിലപേശൽ തുടരാനാവില്ല. 999 വർഷത്തെ പാട്ടക്കരാർ എന്നത് യാഥാർത്ഥ്യമാണെങ്കിൽ ഇനിയും 861 വർഷംകൂടി മുന്നോട്ടുപോകണം. പിന്നിട്ട 138 കൊല്ലത്തെ സംഭവവികാസങ്ങൾ വിലയിരുത്തുമ്പോൾ,​ 'പിടിച്ചതിനേക്കാൾ വളരെ വലുത് മാളത്തിലുണ്ടെ"ന്നതാണ് സത്യം!

കോടതി വഴിയോ ജനകീയ സംഘർഷങ്ങളിലൂടെയോ ഈ പ്രശ്നം ശ്വാശതമായി പരിഹരിക്കപ്പെടുമെന്ന് കരുതുന്നത് മൗഢ്യമാണ്. എന്നാൽ ഇരുകക്ഷികളും യാഥാർത്ഥ്യബോധത്തോടെ ഒരു മേശയ്ക്കു ചുറ്റുമിരുന്നാൽ പരിഹരിക്കാവുന്ന പ്രശ്നമാണു താനും. അതിനുമുമ്പ്,​ വിഷയത്തിന്റെ ആഴം ഇരുകക്ഷികൾക്കും ബോദ്ധ്യമുണ്ടാകണം. വർത്തമാനകാല ഇന്ത്യൻ രാഷ്ട്രീയ അന്തരീക്ഷം മുല്ലപ്പെരിയാർ പ്രശ്നപരിഹാരത്തിന് ഏറ്റവും അനുകൂലമാണ്. തെക്കേ ഇന്ത്യയിലെ- വിശേഷിച്ച് തമിഴ്നാട്ടിലെയും കേരളത്തിലെയും രാഷ്ട്രീയ മനോഭാവം 'ഇന്ത്യ" പ്രതിപക്ഷ സഖ്യത്തിനൊപ്പമാണ്. അതുകൊണ്ടുതന്നെ,​ ഉഭയകക്ഷി ചർച്ചയിൽ രാഷ്ട്രീയ വൈരം കടന്നുകൂടാനുള്ള സാദ്ധ്യതയും വിരളമാണ്. എന്നാൽ ഇനിയുമൊരിക്കൽക്കൂടി 1970-ലെ മണ്ടത്തരം ആവർത്തിക്കില്ലെന്ന നിശ്ചയദാർഢ്യം കേരളത്തിനുണ്ടാകണം. പരിഹരിക്കപ്പെടേണ്ട വിഷയങ്ങൾ ചുവടെ:

999 വർഷത്തെ പാട്ടക്കരാർ

കേവലയുക്തിക്കു പോലും നിരക്കാത്തതും ബ്രട്ടീഷ് അധിനിവേശ കാലത്ത് ചമയ്ക്കപ്പെട്ടതുമായ ഒരു പാട്ടക്കരാർ ഇനിയും നിലനിറുത്തിക്കൊണ്ടുപോകുന്നത് നീതികേടാണ്. 1947-ലെ ഇന്ത്യ ഇൻഡിപെൻഡൻസ് ആക്ട് ചാപ്റ്റർ 30, സെക്ഷൻ 7(1) a,b,c കോസ്ലുകൾ പ്രകാരം ഈ കരാറിന്റെ കാലാവധി നിയമപരമായി അവസാനിച്ചതാണ്. അതിനും മുമ്പ് 1941 മേയ് 12ന് തിരുവിതാംകൂറും മദ്രാസ് സർക്കാരും തമ്മിലുള്ള ഒരു ആർബിട്രേഷൻ കേസിൽ നളിനിരഞ്ജൻ ചാറ്റർജി എന്ന അമ്പയറുടെ (ബംഗാൾ ഹൈക്കോടതി ജഡ്ജി) തീർപ്പുപ്രകാരവും മുല്ലപ്പെരിയാർ പാട്ടക്കരാറിന്റെ സാധുത ചോദ്യംചെയ്യപ്പെട്ടതാണ്.

എന്നാൽ മുൻപിൻ നോക്കാതെ 1970-ലെ സി. അച്ചുതമേനോൻ സർക്കാർ മുൻകാല പ്രാബല്യത്തോടെ പാട്ടക്കരാർ പുതുക്കി നൽകിയതിലൂടെ തമിഴ്നാടിനു സിദ്ധിച്ച ഏക പിടിവള്ളി മാത്രമാണ് ഇപ്പോഴുള്ളത്. അതു സംബന്ധിച്ച് വിശദമായ വാദം കേൾക്കാൻ സുപ്രീംകോടതി തയ്യാറായ നിലയ്ക്ക് അക്കാര്യം തത്കാലം വിടാം. വരുന്ന സെപ്തംബർ 30-ന് കേരളം ആത്മാർത്ഥമായി ഈ വിഷയം കോടതിയിൽ ഉന്നയിക്കുമെന്ന് പ്രത്യാശിക്കാം. എന്നാൽ 999 വർഷത്തെ മൂലകരാറിനെക്കുറിച്ച് പ്രചരിക്കുന്ന ചില അസത്യങ്ങൾ തിരുത്തപ്പെടേണ്ടതുണ്ട്. ജന്മംകൊണ്ടോ റിട്ടയർമെന്റ് കാലം വരെയുള്ള കർമ്മം കൊണ്ടോ തിരുവിതാംകൂറുമായി പുലബന്ധമില്ലാതിരുന്ന,​ മദിരാശിക്കാരനും ബ്രിട്ടീഷ് ഭരണാധികാരികളുമായി വലിയ അടുപ്പവും മമതയുമുണ്ടായിരുന്ന ആളുമായ വെമ്പകം രാമയ്യങ്കാർ (വി. രാമയ്യങ്കാർ) ചുരുങ്ങിയ കാലത്തേക്കു മാത്രം തിരുവിതാംകൂറിൽ ദിവാനായി അവതരിക്കുകയും,​ മുല്ലപ്പെരിയാർ പാട്ടക്കരാർ ഒപ്പുവച്ചതിന്റെ മുന്നാംമാസം രാജിവച്ച് സ്വദേശമായ മദ്രാസിലേക്ക് മടങ്ങിപ്പോവുകയും ചെയ്തു എന്നത് ഇവിടെ ചേർത്ത് വായിക്കേണ്ടതുണ്ട്.

മുല്ലപ്പെരിയാർ പാട്ടക്കരാറിൽ 'എന്റെ ഹൃദയരക്തം കൊണ്ടാണ് ഒപ്പുവയ്ക്കുന്നത്" എന്ന് വിശാഖം തിരുന്നാൾ രാമവർമ്മ വേദനയോടെ പറഞ്ഞതായി പ്രചരിക്കുന്ന കഥയിലും ദുരൂഹതകളുണ്ട്. 1862 നവംബർ 25-നാണ് തിരുവിതാംകൂറും ബ്രിട്ടീഷ് മദിരാശിയുമായി മുല്ലപ്പെരിയാർ വിഷയത്തിൽ ആദ്യ കത്തിടപാടുകൾ തുടങ്ങുന്നത്. അന്ന് തിരുവിതാംകൂർ ഭരിച്ചിരുന്നത് ആയില്യം തിരുന്നാൾ രാമവർമ്മയാണ്. അദ്ദേഹത്തിന്റെ കാലശേഷം 1880-ൽ വിശാഖം തിരുന്നാൾ രാജാവായി. അതേ കാലത്തുതന്നെയാണ് വി. രാമയ്യങ്കാർ ദിവാൻ ആയതും. എന്നാൽ ഇതിനിടെ മുല്ലപ്പെരിയാർ സംബന്ധിച്ച് പല ചർച്ചകളും നടന്നെങ്കിലും അന്തിമ തീരുമാനത്തിലെത്തും മുമ്പേ, 1895 ആഗസ്റ്റ് 4ന് വിശാഖം തിരുന്നാൾ മരണപ്പെട്ടു. തുടർന്ന് ശ്രീമൂലം തിരുന്നാളിന്റെ കാലത്ത് 1886 ഒക്ടോബർ 29-നാണ് മുല്ലപ്പെരിയാർ പാട്ടക്കരാർ ഒപ്പുവയ്ക്കപ്പെട്ടത്. അതിനും 14 മാസം മുമ്പ് മരണപ്പെട്ട വിശാഖം തിരുന്നാളിന്റെ ഹൃദയരക്തത്തിന് ഇവിടെ എന്ത് പ്രസക്തി എന്നത് ചരിത്രകാരന്മാരുടെ പരിശോധനയ്ക്കു വിടാം.

അണക്കെട്ടിന്റെ ബലക്ഷയം

നിലവിലെ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ബലാബലത്തിൽ രണ്ടുപക്ഷമുണ്ട്. തമിഴ്നാട് പക്ഷത്തുനിന്ന് നോക്കുമ്പോൾ ബലക്ഷയമില്ല. എന്നാൽ അണക്കെട്ടിന്റെ താഴ്വരയിലെ കേരളത്തിൽ നിന്ന് നോക്കുമ്പോൾ അതീവ ഗുരുതരാവസ്ഥയാണു താനും. 1928-ൽ ബ്രിട്ടീഷ് എൻജിനിയർ എൽ.എച്ച് ഗെർഗ് ആണ് അണക്കെട്ടിന്റെ ബലക്ഷയം ആദ്യം ചൂണ്ടിക്കാട്ടിയത്. അത് പരിഹരിക്കാൻ 1931-ൽ 40ടൺ സിമന്റ് ഉപയോഗിച്ച് ഗ്രൗട്ട് ചെയ്തു. പിന്നീട് 1961- 65 കാലത്തും 503.35 ടൺ സിമന്റ് ഉപയോഗിച്ച് ഗ്രൗട്ടുചെയ്തു. ഇതിന്റെ ആധികാരിക രേഖകൾ തമിഴ്നാട് തന്നെ പുറത്തുവിട്ടിട്ടുണ്ട്.

1979-ൽ സെൻട്രൽ വാട്ടർ കമ്മിഷന്റെ പരിശോധനയിൽ,​ അണക്കെട്ടിന് ബലമുണ്ടെന്നോ ഇല്ലെന്നോ തീർത്തുപറയാതെ ചില ബലപ്പെടുത്തൽ ജോലികൾ ശുപാർശ ചെയ്തിതിലെ 80ശതമാനം ജോലികളും ചെയ്തതിനു ശേഷമുള്ള തർക്കങ്ങളാണ് ഇപ്പോഴും നടക്കുന്നത്. ചെയ്യാൻ ബാക്കിയുള്ള 20 ശതമാനത്തിൽ അവശേഷിക്കുന്ന ബേബിഡാം ഇപ്പോഴും അപകടാവസ്ഥയിലാണ്. നിലവിൽ 142 അടിവരെ സംഭരണ ശേഷിയുള്ള അണക്കെട്ടിൽ 115 അടിക്കു മുകളിലുള്ള വെള്ളം താങ്ങിനിറുത്തുന്ന പ്രധാന നിർമ്മിതിയാണ് ബേബിഡാം. അതുകൊണ്ടുതന്നെ അതിന്റെ ബലക്ഷയം നിസാരവത്കരിക്കാനാകില്ല.

തമിഴ്നാട്ടിലെ ജലക്ഷാമം

പരിഹരിക്കപ്പെടേണ്ട വിഷയങ്ങളിൽ മൂന്നാമത്തേതും എന്നാൽ അതിപ്രധാനവുമാണ് തമിഴ്നാടിന്റെ ജലലഭ്യത. നാളിതുവരെ മുല്ലപ്പെരിയാറ്റിൽ നിന്ന് തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ കണക്ക് കേരളത്തിന് അറിയില്ല. കരാർ പ്രകാരം അത് അറിയേണ്ട കാര്യമില്ല. കാരണം വെള്ളത്തിന്റെ കാര്യത്തിലല്ല. അത് തടഞ്ഞുനിറുത്തിയിരിക്കുന്ന ഭൂമിയുടെ താത്കാലിക ഉടമസ്ഥാവകാശത്തിൽ മാത്രമാണ് കരാർ. എന്നാൽ 138 വർഷം മുമ്പുണ്ടായിരുന്ന ജലക്ഷാമം ഇന്നത്തെ തമിഴ്നാടിന് ഇല്ലാത്തതുകൊണ്ടുതന്നെ,​ മുല്ലെപ്പെരിയാർ അണക്കെട്ട് ഇതേ അവസ്ഥയിൽ നിലനിറുത്തിക്കൊണ്ടു പോകേണ്ടതുണ്ടോ എന്നതാണ് ഇരുകൂട്ടരും ആത്മാർത്ഥമായി പരിശോധിക്കേണ്ട വസ്തുത.

1896-ൽ മുല്ലപ്പെരിയാർ അണക്കെട്ട് കമ്മിഷൻ ചെയ്യുമ്പോൾ തെക്കൻ തമിഴ്നാട്ടിലെ അന്നത്തെ മധുര, രാമനാഥപുരം, ശിവഗംഗ ജില്ലകളിൽ കടുത്ത ജലക്ഷാമമുണ്ടായിരുന്നു. ഇന്ന് അത് മധുര, രാമനാഥപുരം, തേനി, ദിണ്ഡുക്കൽ, ശിവഗംഗ എന്നീ അഞ്ചു ജില്ലകളാണ്. ഈ ജില്ലകൾ ഉൾപ്പെടുന്ന മധുര റീജിയണിൽ ഇപ്പോഴുള്ള അണക്കെട്ടുകളുടെ എണ്ണം 28 ആണ്. അതായത് മുല്ലപ്പെരിയാർ നിർമ്മിക്കുന്ന കാലത്ത് ഒരു കിണർ പോമില്ലാതിരുന്ന മധുര മേഖല ഇപ്പോൾ ജലസമൃദ്ധമാണ്. ഇത്രയും ജലസ്രോതസ് സ്വന്തമായുള്ളപ്പോൾ കേരളത്തിലെ ജനലക്ഷങ്ങളുടെ ജീവന് അപകടഭീഷണിയായ മുല്ലപ്പെരിയാർ അണക്കെട്ടിൽ അപകടരേഖയ്ക്കു മുകളിലും വെള്ളം സംഭരിക്കണമെന്ന് വാശിപിടിക്കുന്നത് ന്യായമാണോ എന്ന് തമിനാടും ചിന്തിക്കണം.

വാദിച്ചു ജയിച്ചത് സി.എച്ച് മാത്രം

പതിറ്റാണ്ടുകളായി നടക്കുന്ന മുല്ലപ്പെരിയാർ വിവാദത്തിൽ കേരളത്തിനു വേണ്ടി വാദിച്ചു ജയിച്ച ഏക മുഖ്യമന്ത്രി വെറും ഒന്നരമാസം മാത്രം ആ കസേരയിലിരുന്ന സി.എച്ച്. മുഹമ്മദ് കോയ ആണ്. 1979-ൽ അണക്കെട്ടിന്റെ അപകടാവസ്ഥ ചൂണ്ടിക്കാട്ടി അദ്ദേഹമെഴുതിയ കത്തിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര സർക്കാരും ജല കമ്മിഷനും പ്രശ്നത്തിൽ ഇടപെട്ടതും,​ മുല്ലപ്പെരിയാറിലെ സംഭരണശേഷി 136 അടിയിലേക്ക് താഴ്ത്തിയതും. എന്നാൽ അന്ന് തുടങ്ങിയതും ഇപ്പോൾ തുടരുന്നതുമായ വിവാദ വിഷയത്തിൽ പല മുഖ്യമന്ത്രിമാരും ഇടപെട്ടിട്ടുണ്ടെങ്കിലും ഉന്നയിച്ച ആവശ്യങ്ങൾ നാമമാത്രമായിപ്പോലും നേടിയെടുക്കാൻ കഴിഞ്ഞിട്ടില്ല. അങ്ങനെ,​ മുല്ലപ്പെരിയാർ വിഷയത്തിൽ കേരളത്തിന് അനുകൂലമായ ഒരു തീരുമാനമെടുത്ത് നടപ്പിലാക്കിയ ആദ്യ മുഖ്യമന്ത്രി എന്ന ഖ്യാതി സി.എച്ചിന് സ്വന്തം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: MULLAPERIYAR DAM, SOLUTION, KERALA, TAMILNADU
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.