SignIn
Kerala Kaumudi Online
Saturday, 28 September 2024 6.35 AM IST

പിതാശ്രീ,​ ശ്രീജേഷിന്റെ വഴികളിൽ താങ്ങായി നിന്നത് ഈ അച്ഛനായിരുന്നു

Increase Font Size Decrease Font Size Print Page
sreejesh

രണ്ട് ഒളിമ്പിക്സുകളിൽ മെഡൽ നേടിയ ഏക മലയാളി പി.ആർ. ശ്രീജേഷ് പാരീസിലെ വെങ്കല മെഡലോടെ 18 വർഷം തന്റെ നെഞ്ചോടൊട്ടിക്കിടന്ന ഇന്ത്യൻ ഹോക്കി ടീം ഗോൾ കീപ്പറുടെ കുപ്പായം അഴിച്ചുവയ്ക്കുകയാണ്. കാൽനൂറ്റാണ്ടു മുമ്പ് എറണാകുളം കിഴക്കമ്പലത്തുനിന്ന് തുടങ്ങിയ ഒരു യാത്രയാണ് ശ്രീജേഷിന്റെ ജീവിതം വഴിമാറ്റിയത്. ഹോക്കിയെക്കുറിച്ച് ഒന്നുമറിയാതെ, മകനെ ഒരു കായികതാരമാക്കുക എന്നതിലുപരി, അവന് ഒരു ജോലി കിട്ടാൻ സ്പോർട്സിലൂടെ സാധിക്കുമോ എന്ന ലക്ഷ്യത്തോടെ ഒരച്ഛൻ തുടങ്ങിയ യാത്ര!

മകന്റെ കൈപിടിച്ച് എറണാകുളത്തുനിന്ന് തിരുവനന്തപുരം ജി.വി. രാജാ സ്പോർട്സ് സ്കൂളിലേക്ക് വണ്ടികയറുമ്പോൾ പാറാട്ടു വീട്ടിൽ രവീന്ദ്രൻ എന്ന അച്ഛനും കരുതിയില്ല, ഇനിയുള്ള കാലം ഇന്ത്യൻ ഹോക്കിയുടെ വിധി നിർണയിക്കാൻ പോകുന്ന കൈകളാണ് തന്റെ കൈപ്പിടിയിലെന്ന്. ചുവപ്പു പരവതാനി വിരിച്ച പാതകളിലൂടെ നടക്കുന്നതിനു മുമ്പ് ശ്രീജേഷിന് ചവിട്ടിക്കടക്കാൻ കല്ലും മുള്ളും നിറഞ്ഞ കഠിനപാതകളുണ്ടായിരുന്നു. ആ വഴികളിൽ താങ്ങായി നിന്നത് ഈ അച്ഛനായിരുന്നു. കുറച്ച് നെൽപ്പാടവും കൃഷിയും പശുക്കളുമായി കഴിഞ്ഞിരുന്ന ആ നാട്ടിൻപുറത്തുകാരൻ, മകന്റെ സ്വപ്നങ്ങൾക്കുവേണ്ടി പലതും ത്യജിച്ചു.

തനിക്ക് ഹോക്കി കിറ്റ് വാങ്ങാനായി അച്ഛൻ, ഏക വരുമാനമായിരുന്ന പശുവിനെ വിറ്റ കഥ ശ്രീജേഷ് തന്നെ വിരമിക്കൽവേളയിൽ പങ്കുവയ്ക്കുമ്പോൾ രവീന്ദ്രൻ നിഷ്കളങ്കമായി ചിരിച്ചതേയുള്ളൂ. പിന്നെ പറഞ്ഞു; ''അവൻ വലിയ കളിക്കാരനാകുമെന്ന് കരുതിയല്ലല്ലോ അന്നത് ചെയ്തത്. നല്ല കിറ്റില്ലാത്തതിന് മറ്റുള്ളവർക്കു മുന്നിൽ എന്റെ മകൻ പരിഹസിക്കപ്പെടുന്നുവെന്ന് അറിഞ്ഞപ്പോൾ സങ്കടം തോന്നി. നമ്മൾ ജീവിക്കുന്നതുതന്നെ മക്കളുടെ സന്തോഷം കാണാനല്ലേ?​ അതിനു മുന്നിൽ എന്ത് പശു, എന്തു വരുമാനം?​""

മകന്റെ സന്തോഷം കാണാൻ, അവന്റെ സ്വപ്നങ്ങൾക്കൊപ്പം നിൽക്കാൻ അച്ഛൻ ജീവിച്ച ജീവിതത്തിന്റെ തിളക്കമാണ് കരിയറിൽ

പി.ആർ. ശ്രീജേഷ് നേടിയ എല്ലാ മെഡലുകളിലും മിന്നുന്നത്. മകനെ ഇന്ത്യൻ ഹോക്കിയു‌ടെ മുഖശ്രീയാക്കി മാറ്റാൻ കടന്നുവന്ന കനൽവഴികളെക്കുറിച്ച് ശ്രീജേഷിന്റെ അച്ഛൻ സംസാരിച്ചു തുടങ്ങി.

സ്കൂളിലെ

ഷോട്ട്പുട്ട് താരം

എൽ.പി. സ്കൂളിൽ പഠിക്കുമ്പോഴേ അവൻ ഇത്തിരി ഓട്ടവും ചാട്ടവുമൊക്കെയുള്ള കുട്ടിയായിരുന്നു. ഏഴാം ക്ളാസിൽ പഠിക്കുമ്പോൾ ജില്ലാ കായികമേളയ്ക്ക് ഷോട്ട്പുട്ടിന് മെഡൽ നേടിയപ്പോൾ അവന്റെ പി.ടി സാറാണ് പറഞ്ഞത്,​ അവനെ സ്പോർട്സ് സ്കൂളിൽ വിട്ടു പഠിപ്പിക്കണമെന്ന്. ആദ്യംഞാൻ വേണ്ടെന്നു പറഞ്ഞു. ആകെ രണ്ടു ചെറുക്കന്മാരാണ്. ഇളയവനെ ഈ പ്രായത്തിൽ ദൂരെവിട്ട് പഠിപ്പിക്കണമെന്നു പറഞ്ഞാൽ വിഷമമുള്ള കാര്യമാണ്. വീട്ടിലുള്ളവർ ഒട്ടും സമ്മതിക്കില്ല. പക്ഷേ സാർ വിടാതെ പിന്നാലെകൂടി. സ്പോർട്സിൽ കഴിവ് തെളിയിച്ചാൽ കിട്ടുന്ന ഗുണങ്ങളെക്കുറിച്ച് സാർ പറഞ്ഞുകൊണ്ടേയിരുന്നു. ഒരുകാര്യം എന്റെ മനസിലുടക്കി; നല്ല കളിക്കാർക്ക് സ്പോർട്സ് ക്വാട്ടയിൽ സർക്കാർ ജോലി കിട്ടും. ഞാനൊരു കർഷകനാണ്. എനിക്കോ പറ്റിയില്ല; മക്കളെയെങ്കിലും സർക്കാർ ജോലിക്കാരാക്കണമെന്ന് വലിയ ആഗ്രഹമായിരുന്നു. അങ്ങനെ വീട്ടുകാരെയും ഞാൻ പറഞ്ഞു സമ്മതിപ്പിച്ചു.

കരച്ചിൽ മാറ്റിയ

വിമാനം

തിരുവനന്തപുരം ജി.വി. രാജാ സ്പോർ‌ട്സ് സ്കൂളിൽ, സെലക്ഷൻ ട്രയൽസ് കഴിഞ്ഞ് എട്ടാം ക്ളാസിലേക്ക് പ്രവേശനം കിട്ടി. അവനെ ഹോസ്റ്റലിലാക്കാൻ കൊണ്ടുചെല്ലുന്ന ദിവസം ശരിക്കും മനസ് സങ്കടപ്പെട്ടു. വീട്ടിൽ നിന്ന് വിട്ടുനിന്നിട്ടില്ലാത്ത കുട്ടി ഇനി ഒറ്റയ്ക്ക് കഴിയണമല്ലോ... വീട്ടുകാരുടെ കണ്ണീര് കണ്ടില്ലെന്നു നടിച്ചു. അവൻ സർക്കാർ ഉദ്യോഗസ്ഥനാകാനല്ലേ പോകുന്നത് എന്ന് സ്വയം ആശ്വസിച്ചു. അന്ന് ശംഖുംമുഖത്താണ് ജി.വി. രാജാ സ്കൂൾ. അവനെ അവിടെ വിട്ടിട്ട് അന്നുതന്നെ നാട്ടിലേക്കു പോരാൻ തോന്നിയില്ല. തിരുവനന്തപുരത്തെ ഒരു ബന്ധുവീട്ടിൽ തങ്ങി. പിറ്റേന്നു രാവിലെ യൂണിഫോമും മറ്റും കൊടുക്കാൻ ഞാൻ ഹോസ്റ്റലിൽ ചെന്നു. അവൻ ഒറ്റക്കരച്ചിൽ. വീട്ടിലേക്കു പോകണമെന്ന് ഒറ്റവാശി!

തലേന്നു രാത്രി സീനിയർ കുട്ടികൾ വഴക്കുപറഞ്ഞതാണ് വിഷയം. അതൊന്നും സാരമില്ലെന്നും സാറന്മാരോടു പറഞ്ഞ് ശരിയാക്കാമെന്നും ആശ്വസിപ്പിക്കാൻ നോക്കിയെങ്കിലും,​ പോയേ പറ്റൂവെന്നു പറഞ്ഞ് എന്നെ പിച്ചാനും മാന്താനും തുടങ്ങി. അപ്പോഴാണ് തൊട്ടടുത്ത് എയർപോർട്ടിൽ നിന്ന് ഒരു വിമാനം പറന്നുയരുന്ന വലിയ ശബ്ദം കേട്ടത്. അതോടെ അവന്റെ ശ്രദ്ധ അങ്ങോട്ടായി. വിമാനം അടുത്തുകാണാനായി അവൻ കുറച്ചകലേക്ക് ഓടി. അപ്പോൾ അവിടെ നിന്നു പോയില്ലെങ്കിൽപ്പിന്നെ അവനെയുംകൊണ്ടേ എനിക്ക് പോകാൻ പറ്റൂ എന്നു മനസിലായപ്പോൾ പതിയെ അവിടെനിന്ന് മുങ്ങി. വിമാനം കണ്ടുനിന്ന അവനെ അവിടെ വിട്ടുപോന്നപ്പോൾ മുതൽ വീട്ടിലെത്തും വരെ മനസ് പിടഞ്ഞുകൊണ്ടിരുന്നു.

ഹോക്കിയെ

ചൊല്ലി വഴക്ക്

പതിയെപ്പതിയെ അവൻ ഹോസ്റ്റൽ ജീവിതവുമായി പൊരുത്തപ്പെട്ടു. ആദ്യവർഷം ഒരു പ്രത്യേക കായിക ഇനത്തിൽ എത്തിയിരുന്നില്ല. എന്നാൽ അടുത്ത കൊല്ലം അവിടെ തുടരണമെങ്കിൽ ഏതെങ്കിലും സ്പെഷ്യലൈസേഷൻ വേണമായിരുന്നു. അവൻ തിരിഞ്ഞെടുത്തത് ഹോക്കിയാണ്. സത്യത്തിൽ അതു കേട്ടപ്പോൾ എനിക്ക് ദേഷ്യമാണ് വന്നത്. വല്ല ഫുട്ബാളോ വോളിബാളോ ഒക്കെ കളിക്കുന്നവർക്കല്ലേ ജോലി കിട്ടൂ. കേരളത്തിൽ നിന്ന് ആർക്കെങ്കിലും ഹോക്കി കളിച്ച് ജോലി കിട്ടിയിട്ടുണ്ടോ എന്നു ചോദിച്ച് ഞാൻ ദേഷ്യപ്പെട്ടു. അപ്പോൾ അവൻ പറഞ്ഞു; അച്ഛാ,​ ഏതായാലും ഞാൻ പത്താം ക്ളാസുവരെ ഹോക്കി കളിച്ചോട്ടെ. അതുകൊണ്ട് ഗുണമില്ലെങ്കിൽ പന്ത്രണ്ടാം ക്ളാസു മുതൽ മറ്റൊരു ഇനത്തിലേക്കു മാറാം. ഹോക്കി സ്റ്റേറ്റ് ടീമിൽ കളിച്ചാൽ ഗ്രേസ് മാർക്ക് കിട്ടുമെന്നു കൂടി പറഞ്ഞതോടെ മനസില്ലാമനസോടെ സമ്മതിച്ചു.

ഞാൻ വിചാരിച്ചതു പോലെയായിരുന്നില്ല; ഹോക്കിയിൽ അവൻ നന്നായി കളിച്ചു. ഗോൾകീപ്പിംഗിൽ നല്ല പരിശീലകരെ അവിടെ കിട്ടിയതാ യിരുന്നു ഏറ്റവും വലിയ ഭാഗ്യം. സംസ്ഥാന തലത്തിൽ കളിച്ച് മെഡലുകൾ നേടിയ അവൻ ദേശീയ തലത്തിലും ശ്രദ്ധിക്കപ്പെട്ടു. അങ്ങനെയിരിക്കെയാണ് 2002-ൽ ദേശീയ ക്യാമ്പിലേക്ക് ക്ഷണിച്ചുകൊണ്ട് കത്തുവരുന്നത്. തപാലാപ്പീസിൽ നിന്ന് ആ കത്തും വാങ്ങി അറിയാവുന്നവരോടെല്ലാം സന്തോഷം പങ്കിട്ടു. ഈ വിവരം ഒന്ന് പത്രത്തിൽ വരണമെന്നതായി അടുത്തലക്ഷ്യം. ആ കത്തും അവന്റെ ഫോട്ടോയുമായി പത്രമോഫീസുകൾ കയറിയിറങ്ങി. പിറ്റേന്ന് പേരും പടവും പത്രത്തിൽ അച്ചടിച്ചുവരുന്നതു കാണാൻ കാത്തിരുന്നു. ഇപ്പോൾ അവന്റെ മെഡൽ നേട്ടങ്ങളിൽ പത്രക്കാരും ചാനലുകാരും വീട്ടിലെത്തുമ്പോൾ ഞാനോർക്കുന്നത് അന്നത്തെ പത്രത്താളുകളാണ്.

പശുവിനെ വിറ്റ്

വാങ്ങിയ കിറ്റ്

ദേശീയ ക്യാമ്പിലേക്ക് പോകുമ്പോൾ അവന് അത്ര നിലവാരമുള്ള ഹോക്കി കിറ്റൊന്നുമുണ്ടായിരുന്നില്ല. കാലിൽ ധരിക്കുന്ന പാഡിന്റെ സ്ട്രാപ്പിനു പകരം കയറുകൊണ്ട് കെട്ടിയാണ് കളിച്ചിരുന്നത്. അതു കണ്ട് ക്യാമ്പിലെ മറ്റുള്ളവർ കളിയാക്കിയെന്ന് വിളിച്ചുപറഞ്ഞപ്പോൾ മനസു നൊന്തു. എങ്ങനെയും നല്ലൊരു കിറ്റ് വാങ്ങണമെന്നായി ചിന്ത. അന്നൊരു പത്തുപതിനായിരം രൂപ വരും നല്ല കിറ്റിന്. കയ്യിലാണെങ്കിൽ കാശുമില്ല. ഉള്ളത് മൂന്നു പശുക്കളാണ്. അതിലൊന്നിനെ വിറ്റ് പണമയച്ചു കൊടുത്തു. പിന്നീട് അവൻ സമ്പാദിച്ചു തുടങ്ങിയപ്പോൾ വീണ്ടും പശുക്കളെ വാങ്ങി. മൂത്ത മകൻ കാനഡയിൽ സ്ഥിരതാമസമാക്കിയപ്പോൾ അവന്റെ അടുക്കലേക്ക് പോകേണ്ടിവന്നു. അപ്പോഴാണ് പശു വളർത്തൽ നിറുത്തിയത്.

ശുപാർശ

വേണ്ടച്ഛാ...

ശ്രീയെ ദേശീയ ക്യാമ്പിലേക്ക് എടുത്തപ്പോൾ നാട്ടിലെ എന്റെ സുഹൃത്തുക്കൾ പറഞ്ഞു, ഒരു മലയാളിയേ ഉള്ളൂ ക്യാമ്പിൽ- മലയാളിയായ അന്നത്തെ കേന്ദ്രമന്ത്രിയെക്കൊണ്ട് ശുപാർശ ചെയ്യിച്ച് അവനെ ടീമിൽ കളിപ്പിക്കാൻ വഴിയൊരുക്കാമെന്ന്. ഞാനത് പറഞ്ഞപ്പോൾ വേണ്ടെേന്നായിരുന്നു അവന്റെ മറുപടി. ശുപാർശകൊണ്ട് ഒരുവട്ടം ടീമിൽ കളിക്കാൻ പറ്റും. കഴിവുണ്ടെങ്കിലേ പിന്നെ കളിക്കാൻ പറ്റൂ. ശരിയാണെന്ന് എനിക്കും തോന്നി. ആദ്യവർഷം ടീമിൽ സെലക്ഷൻ കിട്ടിയില്ല. പക്ഷേ രണ്ടാം വർഷം കിട്ടി. പിന്നീടൊരിക്കലും ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ടിട്ടില്ല.

അന്നത്തെ സ്പോൺസർമാരായ സഹാറയുടെ പേരെഴുതിയ ജഴ്സി അവൻ ആദ്യമായി അണിഞ്ഞപ്പോൾ തോന്നിയ സന്തോഷത്തിന് അതിരില്ല. അവന് ചെന്നൈയിൽ ഇന്ത്യൻ ഓവർസീസ് ബാങ്കിലാണ് ആദ്യം ജോലി കിട്ടിയത്. സത്യത്തിൽ ഞാൻ വിജയിച്ചുവെന്ന് തോന്നിയത് അപ്പോഴാണ്. ആദ്യ ശമ്പളം അവൻ എന്റെ കയ്യിലേക്ക് വച്ചുതന്നപ്പോൾ അഭിമാനവും സന്തോഷവും കരച്ചിലുമൊക്കെ വന്നു. 2014-ൽ ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയപ്പോൾ സംസ്ഥാന സർക്കാർ മലയാളി കായികതാരങ്ങൾക്ക് ജോലി ഓഫർ ചെയ്തു. ശ്രീജേഷ് മാത്രമാണ് അത് സ്വീകരിച്ചത്. ബാങ്ക് ജോലി വിട്ട് അവൻ പൊതുവിദ്യഭ്യാസ വകുപ്പിലെ ജോലി സ്വീകരിച്ചു.

അവൻ കളി നിറുത്തി കോച്ചാകാൻ തീരുമാനിക്കുമ്പോൾ എന്റെ സന്തോഷം,​ അവന്റെ കൂടെ ഇനി കൂടുതൽ സമയം ചെലവിടാമല്ലോ എന്നതാണ്. ബംഗളൂരുവിലാണ് പരിശീലനമെങ്കിൽ അവന്റെ കൂടെ അങ്ങോട്ട് താമസം മാറ്റണം. പത്തിരുപത്തിയഞ്ച് വർഷമായി അവൻ വീട്ടിൽ വിരുന്നുകാരനാണ്. ഇനി അവനെ വീട്ടുകാരനായി കാണണം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: SREEJESH
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.