അപ്രതീക്ഷിതമായാണ് സിനിമയിൽ വന്നത്. പിന്നീട് സംഭവിച്ചതും എല്ലാം അപ്രതീക്ഷിതം. ഇനി അങ്ങോട്ട് സംഭവിക്കാൻ പോകുന്നതെല്ലാം ദിവ്യപ്രഭ പ്രതീക്ഷയോടെ നോക്കി കാണുന്നു. ദിവ്യപ്രഭ എന്ന പേര് പ്രേക്ഷകർ ശക്തമായി അടയാളപ്പെടുത്തി, അഭിനയത്തികവ് കാൻസ് വരെ എത്തി. സിനിമാ ജീവിതത്തെക്കുറിച്ച് ദിവ്യപ്രഭ സംസാരിക്കുന്നു.
കാൻ ഫെസ്റ്റിവലിന് മുൻപുംം ശേഷവും കരിയർ എങ്ങനെ വിലയിരുത്തുന്നു ?
ഒരു അഭിനേത്രി എന്ന നിലയിൽ കാൻ ഫെസ്റ്റിവലിന് മുൻപും ശേഷവും വ്യത്യാസം വന്നതായി തോന്നിയിട്ടില്ല. രണ്ടിനെയും അങ്ങനെ വേറിട്ട് കാണാൻ കഴിയില്ല. കാനിലേക്ക് പോകുന്നതിന് മുൻപാണെങ്കിലും പോയതിന് ശേഷമാണെങ്കിലും സിനിമയെ ഒരേ രീതിയിലാണ് സമീപിക്കുന്നത്. ഒരു കഥാപാത്രത്തിന് വേണ്ടി തയ്യാറെടുപ്പും പഠനങ്ങളും അന്നും ഇന്നും ഒരേപോലെയാണ്. ഇതല്ലാതെ പുറമെനിന്ന് ഒരുപാട് മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. കുറേകൂടെ ആളുകൾ എന്നെ അറിയാൻ തുടങ്ങി. നമ്മൾ ചെയ്ത സിനിമകളും പ്രേക്ഷകർ കാണുന്നുണ്ട്. 30 വർഷത്തിന് ശേഷം കാൻ ഫെസ്റ്റിവലിൽ ഒരു ഇന്ത്യൻ ചിത്രം മത്സരിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. ആ ചരിത്രത്തിന്റെ ഭാഗമായതിന്റെ അംഗീകാരം ആളുകളിൽ നിന്ന് ലഭിക്കുന്നുണ്ട്. അതിൽ ഒരുപാട് സന്തോഷമുണ്ട്.
അതിജീവനം നേരിടുന്ന കഥാപാത്രങ്ങളാണല്ലേ മിക്കപ്പോഴും ചെയ്യുന്നത് ?
അറിയിപ്പ്, ടേക് ഓഫ് തുടങ്ങിയ സിനിമകളിലെ എന്റെ കഥാപാത്രങ്ങൾ അതിജീവനത്തിലൂടെ കടന്നു പോകുന്നവരാണ്. പക്ഷേ അതല്ലാത്ത കഥാപാത്രങ്ങളും ചെയ്തിട്ടുണ്ട്. പക്ഷേ എല്ലാ സിനിമകളുടെയും കഥയും സന്ദർഭവും വ്യത്യസ്തമാണ്. ഒരു അഭിനേത്രി എന്ന നിലയിൽ സിനിമയുടെ കഥാപശ്ചാത്തലത്തെ രണ്ടായി തന്നെ കാണാൻ കഴിയുന്നു. ഞാൻ നഴ്സായി നാല് കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ട്. പക്ഷേ അവരെ നാല് വ്യത്യസ്ത സ്ത്രീകളായി മാത്രമേ എനിക്ക് കാണാൻ പറ്റുന്നുള്ളൂ. അതുകൊണ്ട് തന്നെ അതിജീവനം എന്ന വാക്കുകൊണ്ട് മാത്രം ഞാൻ ചെയ്ത കഥാപാത്രങ്ങളെ എനിക്ക് അടയാളപ്പെടുത്താൻ കഴിയില്ല.
ഒരു സംവിധായകയുടെ സിനിമയുടെ ഭാഗമാകുമ്പോൾ അഭിനേത്രി എന്ന നിലയിൽ എന്തെങ്കിലും പ്രത്യേകത അനുഭവപ്പെടാറുണ്ടോ?
സിനിമയുടെ നിർമ്മാണരീതിയിലും സർഗാത്മകതയുടെ കാര്യത്തിലും സ്ത്രീ-പുരുഷൻ എന്ന രീതിയിൽ വ്യത്യാസം ഉണ്ടാകുന്നതായി തോന്നിയില്ല. പക്ഷേ സ്ത്രീത്വത്തിന്റെ പങ്കിടൽ ഉറപ്പായിട്ടും ഉണ്ടാകാറുണ്ട്. ഓൾ വീ ഇമാജിൻ ആസ് ലൈറ്റ് സിനിമയിൽ ആണെങ്കിൽ തിരക്കഥാകൃത്തും സംവിധായകയും പായൽ കപാഡിയയാണ്. സിനിമയുടെ സാങ്കേതികതലത്തിലും ഒരുപാട് സ്ത്രീകൾ പ്രവർത്തിച്ചിട്ടുണ്ട്. വേറെയൊരു തരത്തിൽ സമത്വവും ഉദാരതയും അവിടെ അനുഭവിച്ചിട്ടുണ്ട്. പായലുമായി പ്രവർത്തിക്കുമ്പോൾ ഒരു ഫിലിം സ്കൂളിൽ ചേർന്ന തരത്തിലുള്ള അനുഭവമായിരുന്നു.
സിനിമയുടെ മറ്റു വഴിയിൽ പ്രതീക്ഷിക്കാമോ ?
ഒരു അഭിനേത്രി എന്ന നിലയിൽ യാത്ര തുടങ്ങിയിട്ടേയുള്ളൂ. അങ്ങനെയാണ് ഇപ്പോഴത്തെ മാനസികാവസ്ഥ. സിനിമയുമായി ബന്ധപ്പെട്ട് തന്നെയായിരിക്കും എല്ലാകാലത്തും ഉണ്ടാവുക.
പുതിയ പദ്ധതികൾ ?
രണ്ട് സിനിമകളുടെ ഷൂട്ടിംഗ് തുടങ്ങാനിരിക്കുന്നു. കൂടാതെ ഓൾ വീ ഇമാജിൻ ആസ് ലൈറ്റ് ഫ്രാൻസിലെ തിയേറ്ററിൽ റിലീസ് ചെയ്യുകയാണ്. അതിന്റെ കൂടെ തന്നെ ഒരുപാട് ചലച്ചിത്ര മേളകളും നടക്കുന്നുണ്ട്. സ്പെയിനിലെ സാൻ സെബാസ്റ്റ്യൻ ഫെസ്റ്റിവലിൽ പങ്കെടുക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |