തിരുവനന്തപുരം: കൊൽക്കത്ത ആർ.ജി കർ മെഡിക്കൽ കോളേജിലെ വനിതാ ഡോക്ടർ മാനഭംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് രാജ്യവ്യാപകമായി ഐ.എം.എ ആഹ്വാനം ചെയ്ത ഡോക്ടർമാരുടെ 24മണിക്കൂർ പണിമുടക്കിൽ സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനം സ്തംഭിച്ചു. എമർജൻസി സേവനങ്ങൾ ഒഴികെ തടസപ്പെട്ടു. ഒ.പികളടക്കം പ്രവർത്തിച്ചില്ല. മുൻകൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകൾ റദ്ദാക്കി. രോഗികൾ വലഞ്ഞു. പണിമുടക്ക് അറിയാതെ ഒ.പിയിലെത്തിയവരടക്കം അത്യാഹിത വിഭാഗത്തെ ആശ്രയിച്ചതോടെ തിക്കും തിരക്കുമായി.
സർക്കാർ ആശുപത്രികളെയാണ് പണിമുടക്ക് ഏറെയും ബാധിച്ചത്. അത്യാഹിത വിഭാഗം,ഐ.സി.യു, ലേബർറൂം,വാർഡുകൾ എന്നിവിടങ്ങളിൽ മാത്രമാണ് ഡോക്ടർമാർ എത്തിയത്. ഇന്നലെ രാവിലെ ആറിന് തുടങ്ങിയ പണിമുടക്ക് ഇന്നുരാവിലെ ആറുവരെ തുടരും. അക്കാഡമിക് പ്രവർത്തനങ്ങളും ഔദ്യോഗിക യോഗങ്ങളും ഡോക്ടർമാർ ബഹിഷ്കരിച്ചു. പണിമുടക്കിയ ഡോക്ടർമാർ മെഡിക്കൽ കോളേജുകളിലടക്കം പ്രതിഷേധ മാർച്ച് നടത്തി.
സർക്കാർ മെഡിക്കൽ കോളേജുകൾ, ജില്ലാ, ജനറൽ, താലൂക്ക് ആശുപത്രികൾ, ക്യാൻസർ സെന്ററുകൾ എന്നിവിടങ്ങളിൽ രോഗികൾ പ്രതിസന്ധിയിലായി. സ്വകാര്യ ആശുപത്രി ഒ.പികളിൽ ഡോക്ടർമാർ എത്തിയില്ലെങ്കിലും അത്യാഹിത വിഭാഗത്തിലുൾപ്പെടെ കൂടുതൽപേരെ നിയോഗിച്ചിരുന്നു.
തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസിൽ ശനിയാഴ്ച ഒ.പിയില്ലാത്തതിനാൽ രോഗികളെ ബാധിച്ചില്ല. ഉരുൾപൊട്ടൽ ദുരന്തത്തെ തുടർന്ന് വയനാട് ജില്ലയെ സമരത്തിൽ നിന്ന് ഒഴിവാക്കിയിരുന്നു.
അത്യാഹിത വിഭാഗങ്ങളിൽ നീണ്ട ക്യൂ
സർക്കാർ ആശുപത്രികളിൽ ഒ.പി വിഭാഗം ഉൾപ്പെടെ പ്രവർത്തിക്കാത്തതുമൂലം മെഡിക്കൽ കോളേജുകളിലടക്കം അത്യാഹിത വിഭാഗങ്ങളിൽ രോഗികളുടെ നീണ്ട ക്യൂവായിരുന്നു. പ്രായമായവർക്കും കുട്ടികൾക്കുമുൾപ്പടെ ഏറെനേരം കാത്തു നിൽക്കേണ്ടിവന്നു. ആർ.സി.സിയിൽ ഇന്നലെ ഒ.പിയിലെത്തേണ്ടിയിരുന്നവർക്ക് മറ്റുദിവസങ്ങൾ ക്രമീകരിച്ചു നൽകി തുടങ്ങി.
ഐ.എം.എ പ്രതിഷേധ കൂട്ടായ്മ
തിരുവനന്തപുരം: ഇനിയൊരു ജീവൻ ബലികൊടുക്കുന്നത് ചെറുക്കാൻ ഏതറ്റം വരെയും പോകുമെന്ന് ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ. ജോസഫ് ബെനവൻ. കേന്ദ്രനിയമം നടപ്പാക്കുന്നതിൽനിന്ന് സംസ്ഥാന സർക്കാരുകൾ പിന്മാറിയാൽ ഡോക്ടർമാർ സമരം ശക്തമാക്കുമെന്നും വ്യക്തമാക്കി. കൊൽക്കത്ത സംഭവത്തിൽ പ്രതിഷേധിച്ച് ഐ.എം.എ നടത്തിയ പ്രതിഷേധ കൂട്ടായ്മയുടെ ഉദ്ഘാടനം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിക്ക് മുന്നിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |