SignIn
Kerala Kaumudi Online
Monday, 30 September 2024 12.12 AM IST

ഗുരുജയന്തിയുടെ പ്രകാശ പൂർണിമ, മഹാപാഠശാല

Increase Font Size Decrease Font Size Print Page
sreenarayana

ശ്രീനാരായണ ഗുരുദേവൻ 1924-ൽ ആലുവാ അദ്വൈതാശ്രമത്തിൽ സംഘടിപ്പിച്ച സർവമത സമ്മേളനത്തിന്റെ ശതാബ്ദി ആഘോഷം നടന്നുവരുന്ന ചരിത്രവേളയിലാണ് 170-ാമത് ഗുരുജയന്തി. വയനാട്ടിലെ പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണ ആഘോഷങ്ങൾ ഒഴിവാക്കിയാണ് ഗുരു ജയന്തി ദിനത്തിൽ ശ്രീനാരായണീയ സമൂഹം ഒത്തുചേരുന്നത്. ഗുരു വെളിവാക്കിത്തന്ന വിശ്വ മാനവികതയുടെയും സാർവലൗകിക ദാർശനികതയുടെയും സന്ദേശം ലോകമാകെ എത്തിക്കുവാൻ ജയന്തിദിനത്തിലെ ഈ ഒത്തുകൂടൽകൊണ്ട് നമുക്ക് കഴിയണം.

ഗുരു ഒരേനേരം വിചാരവും വികാരവും, ആശയവും മാർഗവും, പാഠവും പരിഹാരവുമായിരുന്നു. മനുഷ്യന്റെ ജീവിതത്തിനൊപ്പം അറിവായും, ധർമ്മമായും, ദർശനമായും, മീമാംസയായും, അനുകമ്പാ മൂർത്തിയായും, പതിതകാരുണികനായും, പരമഗുരുവായും, പരദൈവതമായുമൊക്കെ ഓരോരോ നിലകളിൽ നിലകൊണ്ടതും നിലകൊള്ളുന്നതുമായ ഗുരുദേവനെ കണ്ടിട്ടാണ് മഹാകവി കുമാരനാശാൻ 'നമുക്കിതിൽപ്പരം ദൈവം നിനയ്ക്കിലുണ്ടോ" എന്ന് ഹൃദയം തുറന്നു പാടിയത്. സാധാരണക്കാർ മുതൽ വിശ്വമഹാകവി രവീന്ദ്രനാഥ ടാഗോർ വരെ അവരവരുടെ നിലകളിൽ നോക്കിക്കണ്ട ഗുരുദേവന്റെ ഓരോ ജയന്തിയും മാനവ സ്നേഹത്തിന്റെയും വിശ്വമാനവികതയുടെയും മഹോത്സവമായി നാം ആഘോഷിക്കേണ്ടതാണ്.

നവാദ്വൈത മീമാംസ

സർവതന്ത്ര സ്വതന്ത്രരായ മനുഷ്യരുടെ ഒരു ലോകമാണ് എക്കാലവും ഗുരുവിന്റെ മനസിലുണ്ടായിരുന്നത്. 1888- ലെ അരുവിപ്പുറം പ്രതിഷ്ഠ ദാർശനികമായി പ്രതിനിധാനം ചെയ്യുന്നത് ഈ മഹത്തായ ആശയമാണ്. മതനിരപേക്ഷമായ വിശ്വാസ സ്വാതന്ത്ര്യത്തിന്റെ ഏറ്റവും മഹനീയമായ ഒരു നവാദ്വൈത മീമാംസയുടെ കേന്ദ്രതലമാണ് അത്. ചലനവും ശബ്ദവും ഗന്ധവും സ്വയമേവ വരുന്നതുപോലെ, ആത്മസാഹോദര്യ ഭാവത്തിൽ നിന്നാകണം എപ്പോഴും വാക്കും വിചാരവും പ്രവൃത്തിയും ഉണ്ടാകേണ്ടത്. അങ്ങനെയായാൽ ഈ മൂന്നിലും തെറ്റു പറ്റുകയുമില്ല. ഗുരുദേവ ദർശനത്തിന്റെ അടിസ്ഥാനതത്വം ഇതാണ്. ഇതറിയാതെയാണ് പലരും ഗുരുവിനെ പഠിക്കുന്നതും പഠിപ്പിക്കുന്നതും. ഒരു വസ്തുവിന്റെ ഗന്ധം അ‍റിയാൻ ഗൂഗിളിൽ തിരയുന്നതുപോലെയാണ് ഇതിലെ വിരോധാഭാസം!

ഭാരതീയ ഋഷിവര്യന്മാരുടെ മഹത്വവും പാരമ്പര്യവും പുകൾപെറ്റതാണ്. പരംപൊരുളിനെ ആത്യന്തിക സത്യമായിക്കണ്ട അതിന്റെ വെളിച്ചത്തിലും അടിസ്ഥാനത്തിലും പ്രപഞ്ച സംവിധാനത്തെയാകെ കാണാനും വ്യവഹരിക്കാനും അനുഭവിക്കാനുമാണ് നമ്മുടെ ഋഷിമാർ ലോകത്തിന് വെളിവേകിയത്. ആ അദ്വൈത സത്യത്തെ ആധുനിക കാലത്തിന്റെയും ശാസ്ത്രത്തിന്റെയും ചിന്താധാരയുമായി പൊരുത്തപ്പെടുത്തി,​ ജീവിതഗന്ധിയാക്കി ലോകത്തിനു നൽകി എന്നതാണ് ശ്രീനാരായണ ഗുരുദേവന്റെ ഏറ്റവും മഹത്തായ സംഭാവന.

തുറന്ന കണ്ണുകളും കാണുന്നില്ലല്ലോ!

എന്നാൽ,​ ഗുരുവിന്റെ വിശ്വമാനവ സന്ദേശങ്ങൾ വേണ്ടുംവിധം സമൂഹം കേൾക്കാതിരുന്നതും വിചാരം ചെയ്യേണ്ട നിലയിൽ വിചാരം ചെയ്യാതിരുന്നതും ഗുരു സഗൗരവം ശ്രദ്ധിച്ചിരുന്നുവെന്നു കരുതാം. അതാകണം,​ വിശ്വകവി രവീന്ദ്രനാഥ ടാഗോർ ശിവഗിരിയിൽ വന്ന വേളയിൽ 'ജനങ്ങളുടെ കണ്ണു തെളിച്ചുകൊടുക്കണ"മെന്നു പറഞ്ഞപ്പോൾ 'ജനങ്ങളുടെ കണ്ണ് തുറന്നുതന്നെയാണിരിക്കുന്നത്; എന്നിട്ടും അവർക്ക് കാണാൻ കഴിയുന്നില്ലല്ലോ" എന്ന് ഗുരു പരിതപിച്ചത്. ഗുരുധർമ്മം എല്ലാ അർത്ഥത്തിലും പാലിക്കുന്നവരും ആചരിക്കുന്നവരും പ്രചരിപ്പിക്കുന്നവരും സമൂഹത്തിൽ എത്രയുണ്ടെന്ന് വിലയിരുത്തിയാൽ അതിന്റെ അഗാധത ഊഹിക്കാനാവും.

ഗുരുവിന്റെ അപൗരുഷേയത അറിയാതെയാണ് ഇന്നും അധികം പേരും ഗുരുവിനെ ഉൾക്കൊള്ളുന്നത്. അതിനാൽ ഗുരുവും ഗുരുവിന്റെ പൊരുളും എന്തായിരുന്നുവെന്ന് പൂർണതലത്തിൽ അത്തരക്കാർക്ക് വെളിപ്പെട്ടു കിട്ടുകയില്ല. ഈ കുറവ് ഗുരുവിന് അക്കാലത്തുതന്നെ നന്നേ ബോധ്യപ്പെട്ടിരുന്നു. അതിന്റെ ഏറ്റവും വലിയ തെളിവാണ്,​ 1916- ലെ ഗുരുവിന്റെ ജാതിയില്ലാ വിളംബരം. അതിൽ 'നാം പ്രത്യേക ജാതിയിലോ മതത്തിലോ ഉൾപ്പെടുന്നില്ല" എന്ന് ഗുരു പറയുമ്പോൾ അത് വിശ്വമാനവികതയുടെ ഒരു സ്വയംസാക്ഷ്യമായി സമൂഹത്തിനു മുന്നിൽ നിറയുകയാണ്.

ശരികേടുകൾക്ക്

ശരിയുത്തരം

ജാതിയെയും മതത്തെയും ദൈവത്തെയും സനാതന ധർമ്മങ്ങളെയും കുറിച്ചൊക്കെ ശരിയില്ലായ്മകൾ പറഞ്ഞു വാദിക്കാനും ജയിക്കാനും മത്സരിക്കുന്നവർക്ക് നേരാംവഴി കാട്ടുവാനാണ് ഗുരു ക്ഷേത്ര പ്രതിഷ്ഠകൾ നടത്തിയതും തമിഴ്, സംസ്കൃതം, മലയാളം ഭാഷകളിലായി 63-ൽപ്പരം കൃതികൾ ചമച്ചതും ഒരു ധർമ്മസംഹിത തന്നെ ഉപദേശിച്ചു നൽകിയതും. ഇതുകൊണ്ടെല്ലാം സമൂഹത്തിൽ വേണ്ട മാറ്റങ്ങൾ കാലോചിതമായി വരുത്താനാണ് 1903-ൽ ശ്രീനാരായണ ധർമ്മപരിപാലന യോഗവും അതിന്റെ പിറവിക്ക് കാൽ നൂറ്റാണ്ടിനു ശേഷം 1928-ൽ ശ്രീനാരായണ ധർമ്മസംഘവും ഗുരു രൂപപ്പെടുത്തിയത്.

അറിവ് അപരപ്രകൃതിക്ക് അധീനമാകരുതെന്നാണ് ഗുരു പഠിപ്പിച്ചത്. ആ പഠിപ്പിലൂടെയല്ലാതെ ഗുരുവിനെ നമുക്ക് കണ്ടെത്താനാവുകയുമില്ല. എല്ലാ ശരികേടുകൾക്കുമുള്ള ഉത്തരമിരിക്കുന്നത് ഈ പഠിപ്പിലാണ്. അതുകൂടി മനസിലാക്കി ഗുരുവിനെ ഒരു മഹാവിദ്യാലയമാക്കുന്നതിലാവണം നമ്മുടെ ശ്രദ്ധ ഇക്കാലത്ത് പതിയേണ്ടത്.

ജാതിക്കും മതത്തിനും ദൈവത്തിനും വിശ്വാസത്തിനും ശാസ്ത്രത്തിനുമെല്ലാം മീതെയാണ് മനുഷ്യൻ. ആ ബോധമാണ്, അറിവാണ്, സത്യമാണ് ഗുരുദേവൻ നമുക്കു കാട്ടിത്തന്നത്. ഇതിന്റെയെല്ലാം വിചാരധാരയിൽ ഗുരുവിനെ നേരായും ശരിയായും അറിയാനും അറിയിക്കാനും ഈ ഗുരുജയന്തി നമുക്ക് അവസരവും പ്രേരണയും നൽകട്ടെയെന്ന് പ്രാർത്ഥിക്കുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: SREE NARAYANA GURU
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.