SignIn
Kerala Kaumudi Online
Sunday, 29 September 2024 9.37 PM IST

പ്രതീക്ഷ നൽകി സുബല

Increase Font Size Decrease Font Size Print Page
subala

സംസ്ഥാനത്തെ പട്ടിക ജാതി വിഭാഗങ്ങൾക്ക് സ്വയം തൊഴിൽ കണ്ടെത്തുന്നതിന് ആവിഷ്കരിച്ച സുബലാ ടൂറിസം പദ്ധതിയ്ക്ക് വ്യത്യസ്തമായ ഒരു ചരിത്രമുണ്ട്. മൂന്ന് പതിറ്റാണ്ട് പിന്നിട്ടിട്ടും നിർമ്മാണം പൂർത്തിയായിട്ടില്ലെന്നതാണ് അതിനെ വ്യത്യസ്തമാക്കുന്നത്. സംസ്ഥാനത്ത് നിർമ്മാണ പ്രവർത്തനങ്ങൾ കൊണ്ട് ഇത്രയും കുപ്രസിദ്ധി നേടിയ മറ്റൊരു പദ്ധതിയുണ്ടോ എന്ന് കണ്ടെത്താൻ പ്രയാസമാകും. പാവപ്പെട്ട ജനവിഭാഗങ്ങളെ ഉദ്ധരിക്കുന്ന പദ്ധതി ഫണ്ടിലെ തിരിമറിയും വകമാറ്റലും പദ്ധതി പുതുക്കലുമാെക്കെയായി അനന്തമായി നീളുകയായിരുന്നു. ഇനിയും എന്നു പൂർത്തിയാകുമെന്നും ഉറപ്പില്ല. മുപ്പത് വർഷത്തിനുള്ളിൽ മാറിമാറി ഭരിച്ച സർക്കാരുകളുടെയും ജില്ലാ ഭരണകൂടത്തിന്റെയും അനാസ്ഥയുടെ ലജ്ജിപ്പിക്കുന്ന അടയാളമായി ഇപ്പോഴും സുബലാ പാർക്ക് നിലകൊള്ളുകയാണ്. പട്ടികജാതി വകുപ്പിന്റെ മന്ത്രിമാർ ജില്ലയിലെത്തുമ്പോഴും കളക്ടർമാർ മാറി വരുമ്പോഴും സുബലാപാർക്ക് സന്ദർശിക്കുകയും വാഗ്ദാനങ്ങൾ നൽകുകയും ചെയ്യും. ജില്ലയുടെ അഭിമാനമാകേണ്ട പത്തനംതിട്ട നഗര ഹൃദയത്തിലെ സുബലാ പാർക്ക് വികസനമുരടിപ്പിന്റെയും അനാസ്ഥയുടെയും ചിഹ്നമായി എടുത്തുകാട്ടാവുന്നതാണ്. പദ്ധതി അതിന്റെ ഒന്നാം ഘട്ടത്തോടെ നിലച്ചുവെന്നതാണ് ഇപ്പോഴത്തെ സ്ഥിതി. നിലവിലെ ജില്ലാ കളക്ടർ എസ്. പ്രേംകൃഷ്ണൻ പാർക്ക് നിർമ്മാണ പുരോഗതി കഴിഞ്ഞ ദിവസം വിലയിരുത്തി. ഉദ്യോഗസ്ഥർക്കൊപ്പം പാർക്ക് സന്ദർശിക്കുകയും ചെയ്തു. പദ്ധതിയുടെ രണ്ടാം ഘട്ടം ഉട‌ൻ തുടങ്ങുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. അധികാരികളുടെ വാഗ്ദാനങ്ങൾ മുൻപും കേട്ടു ശീലിച്ചതിനാൽ ആ വാക്കുകൾ പ്രായോഗിക തലത്തിൽ എത്തുമ്പോഴേ ജനങ്ങൾക്ക് ഇനിയെന്തെങ്കിലും പ്രതീക്ഷയ്ക്ക് വകയുള്ളൂ. നിർമ്മാണം പൂർത്തിയാക്കി സുബല പാർക്ക് തുറന്നുകൊടുത്താൽ മാത്രമേ പത്തനംതിട്ട നഗരത്തിന് അത് പ്രയാേജനപ്പെടുകയുള്ളൂ. പല നഗരങ്ങളിലുമുള്ളതുപോലെ നടക്കാനും ഇരിക്കാനും വിശ്രമിക്കാനും കുട്ടികൾക്ക് കളിക്കാനുമായി പത്തനംതിട്ട നഗരത്തിൽ ഒരു പാർക്കില്ല. അവധി ദിവസങ്ങളിലോ വൈകുന്നേരങ്ങളിലോ കുട്ടികളുമൊത്ത് കുടുംബത്തിന് ഉല്ലസിക്കാൻ തക്ക ഒരു പാർക്ക് പത്തനംതിട്ടക്കാർ സ്വപ്നം കണ്ടിട്ട് വർഷങ്ങളേറെയായി.

വീണ്ടും പ്രതീക്ഷ

സുബല പാർക്ക് നിർമ്മാണ പ്രവർത്തനങ്ങൾ എങ്ങുമെത്താതെ പാതി വഴിയിൽ നിലച്ചതോടെയാണ് ഇപ്പോഴത്തെ ജില്ലാ കളക്ടർ എസ്. പ്രേം കൃഷ്ണന്റെ ഇടപെടൽ. പട്ടികജാതി വികസന വകുപ്പിന്റെ സുബലാ പാർക്ക് രണ്ടാം ഘട്ട നിർമ്മാണം ഉടൻ തുടങ്ങുമെന്നും കൺവെൻഷൻ സെന്റർ ഒരു മാസത്തിനകം പ്രവർത്തനമാരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. സുബല പാർക്കിൽ നിലവിൽ നടത്തിയിട്ടുള്ള നിർമ്മാണ പ്രവൃത്തികളും ഭാവി പ്രവർത്തനങ്ങളും പട്ടികജാതി വികസന വകുപ്പ് ഡയറക്ടർ കെ. ഗോപാലകൃഷ്ണന്റെ സാന്നിദ്ധ്യത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി കളക്ടർ ചർച്ചചെയ്തു. പാർക്ക് സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. കൺവെൻഷൻ സെന്റർ ഹാൾ, അടുക്കള, വാഷ് റൂം എന്നിവയുടെ റീവയറിംഗ്, പ്ലംബിംഗ്, മറ്റ് അറ്റകുറ്റപണികൾ എന്നിവയ്ക്കും ഫർണിച്ചറുകൾ വാങ്ങുന്നതിനുമായി വകുപ്പിന്റെ ജില്ലാ കോർപ്പസ് ഫണ്ടിൽ നിന്നും തുക അനുവദിക്കുന്നതിന് തീരുമാനമായി. ജില്ലാ നിർമ്മിതി കേന്ദ്രത്തിനാണ് പ്രവൃത്തികളുടെ ചുമതല. ഗേറ്റ് വേ, കൺവെൻഷൻ സെന്റർ, കിച്ചൺ ബ്ലോക്ക്, ഡ്രെയിനേജ്, കോഫി ഏരിയ, കുളം നവീകരണം, ബോട്ടിംഗ്, എക്സിബിഷൻ സ്‌പേസ്, കംഫർട്ട് സ്റ്റേഷൻ, ഷട്ടിൽ കോർട്ട്, തീയേറ്റർ, ഗെയിമിംഗ് ബ്ലോക്ക്, ഗ്രീൻ റൂം, കുട്ടികളുടെ പാർക്ക്, പൂന്തോട്ടം, ചുറ്റുമതിൽ തുടങ്ങിയവയാണ് പദ്ധതിയിൽ വിഭാവനം ചെയ്തിരിക്കുന്നത്. അഞ്ചരക്കോടിയുടേതാണ് പദ്ധതി. മൂന്ന് ഘട്ടങ്ങളായി നിർമ്മാണം പൂർത്തിയാക്കാനായിരുന്നു ആദ്യ ഘട്ടത്തിൽ തീരുമാനിച്ചിരുന്നത്. ഒന്നാം ഘട്ടം പൂർത്തിയായിട്ട് മൂന്ന് വർഷം പിന്നിട്ടു. അപ്പോഴേക്കും പദ്ധതി ചെലവിനായി അനുവദിച്ച തുകയുടെ പകുതിയിലേറെയും ചെലവായി. ഒന്നാംഘട്ടം പൂർത്തിയാക്കി തുറന്നു നൽകിയത് പ്രതീക്ഷയേകിയെങ്കിലും വീണ്ടും കാടുകയറി സാമൂഹിക വിരുദ്ധരുടെ കേന്ദ്രമായി സുബല മാറി. കൺവെൻഷൻ സെന്റർ പൊതുപരിപാടികൾക്കും കല്യാണങ്ങൾക്കും വിട്ടുനൽകാൻ തീരുമാനിച്ചെങ്കിലും പ്രായോഗികമായില്ല. പട്ടികജാതി വിഭാഗത്തിലെ വനിതകൾക്ക് സ്വയം തൊഴിൽ കണ്ടെത്തുന്നതിന്റെ ഭാഗമായാണ് വെട്ടിപ്രത്ത് സുബലാ ടൂറിസം പദ്ധതി ആരംഭിക്കുന്നത്. പൂർത്തിയാകാത്ത കെട്ടിടവും വനിതകൾക്ക് സ്വയം തൊഴിലിനായി ഒരുക്കിയ തയ്യൽ മെഷിനും അവശേഷിപ്പിച്ച് സുബല പാർക്ക് പുതിയ നിർമ്മാണ പ്രവർത്തനങ്ങൾക്ക് കാത്തിരിക്കാൻ തുടങ്ങിയിട്ട് നാളുകളായി. മന്ത്രി വീണാജോർജിന്റെ ശ്രമഫലമായി ബഡ്ജറ്റിൽ സുബല പാർക്കിന് പ്രത്യേകം ഫണ്ട് അനുവദിച്ചിരുന്നു. ജില്ലാ കളക്ടർ ഡയറക്ടറായ തൊണ്ണൂറ്റിയഞ്ച് അംഗം സമിതിയാണ് സുബലാ പാർക്കിന്റെ നിർമ്മാണത്തിന്റെ മേൽനോട്ടം.

വൈകുന്നേരങ്ങളിലെ സന്തോഷം

ആർക്കിടെക്ചറൽ ഏജൻസിയായ തിരുവനന്തപുരം ജിറ്റ്പാക് ആണ് സുബലാ പാർക്കിന്റെ മാസ്റ്റർപ്ലാൻ തയാറാക്കിയത്. കോന്നി ആനക്കൂട്, അടവി ടൂറിസം പദ്ധതി എന്നിവ ഒരുക്കിയതും ജിറ്റ് പാക് ആണ്. ആനക്കൂടും അടവി എക്കോ ടൂറിസവും ലോക പ്രശസ്തമായി. വിദേശ വിനോദ സഞ്ചാരികളടക്കം നിരവധിയാളുകൾ ആനക്കൂടും അടവിയും കണ്ട് സന്തോഷത്തോടെ മടങ്ങുന്നു. ഓരാേ വർഷവും ഇവിടേക്കുള്ള വിനോദ സഞ്ചാരികളുടെ എണ്ണവും വർദ്ധിക്കുകയാണ്. സുബലാ പാർക്ക് പൂർത്തിയായിരുന്നെങ്കിൽ വിനോദ സഞ്ചാരികളുടെ ജില്ലയിലെ മറ്റൊരു ആകർഷണവും കൂടിയായി മാറുമായിരുന്നു. കുട്ടികൾ മുതൽ വയോജനങ്ങൾക്ക് വരെ സന്തോഷിക്കാനൊരിടം നഗരത്തിൽ തന്നെ തുറന്നു കിട്ടുന്നതായിരുന്നു പദ്ധതി. തടാകവും ബോട്ടിംഗും നടപ്പാതയും പൂന്തോട്ടവും കളിസ്ഥലവുമൊക്കെയായി നഗരത്തിന് തിലകക്കുറിയാകേണ്ട സുബലയുടെ ഇന്നത്തെ ദയനീയ സ്ഥിതി മാറ്റിയെടുക്കേണ്ട ഉത്തരവാദിത്വം ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും ഒരേപോലെയുണ്ട്. സുബല പാർക്ക് നാടിന്റെ സ്വപ്നമാണ്. വിനോദ കേന്ദ്രമായി തുറക്കുമ്പോൾ ഒട്ടേറെ ആളുകൾക്ക് തൊഴിൽ അവസരം കൂടി സൃഷ്ടിക്കപ്പെടുന്നു. നിരവധി കുടുംബങ്ങൾക്ക് വരുമാന മാർഗമാകും. വ്യാപാര മേഖലയിൽ പുതിയ ഉണർവുണ്ടാകും. പ്രതീക്ഷ കൈവിടാത്ത മനസുമായി പത്തനംതിട്ടക്കാർ സുബലയ്ക്കായി കാത്തിരിക്കുകയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: OPINION
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.