SignIn
Kerala Kaumudi Online
Tuesday, 01 October 2024 12.29 AM IST

നടിയെ വിളിച്ചുവരുത്തി മോശമായി പെരുമാറി, പിതാവ് മുറി തള്ളിത്തുറന്നു; കോളറിൽ പിടിച്ചുയർത്തിയപ്പോൾ സംവിധായകൻ പറഞ്ഞത് ഒറ്റക്കാര്യം

Increase Font Size Decrease Font Size Print Page
shooting

നടി ആക്രമിക്കപ്പെടുന്നതിനും വർഷങ്ങൾക്കു മുമ്പാണ് സംഭവം. ഷൂട്ടിംഗ് പുരോഗമിക്കുന്ന ചിത്രത്തിൽ നായിക പുതുമുഖം. സംവിധായകൻ പഴയ ആളും. നായിക നടിക്കൊപ്പം സെറ്റിൽ വരുന്നത് പിതാവാണ്. അത്യാവശ്യം സമ്പത്തുള്ള വീട്ടിലെ കുട്ടിയാണ് നായിക. പെൺകുട്ടികളോട് പ്രത്യേക 'കരുതലു"ള്ള ആളാണ് സംവിധായകൻ. അഭിനയത്തിനിടെ തെറ്റുകൾ സംഭവിക്കുമ്പോൾ ചാടിത്തുള്ളി ബഹളം വയ്ക്കാറില്ല. ഉച്ചത്തിൽ സംസാരിക്കുന്നതു തന്നെ കുറവ്. ഷൂട്ടിംഗ് തീരാറായി വരുന്നു...

ഒരു വൈകിട്ട് സംവിധായകൻ നായിക നടിയെ മുറിയിലേക്ക് വിളിപ്പിച്ചു. സംസാരത്തിനിടയിൽ, ഈ പടം ഹിറ്റാകുമെന്നും നടിക്ക് അവസരങ്ങൾ വന്നു നിറയുമെന്നും അദ്ദേഹം പറഞ്ഞു. നടിയാകട്ടെ, ഇതുകേട്ട് സന്തോഷിച്ചു നിന്നു. പിന്നീട് സംഭാഷണത്തിലെ വിഷയം മാറി. തന്റെ ഇംഗീതം പതിയെ സൂചിപ്പിച്ചു. അയാളുടെ കൈകൾ അവളിലേക്ക് നീണ്ടു... അടുത്ത സീൻ നടി പുറത്തേക്ക് ഓടുന്നതാണ്. കാര്യം വള്ളിപുള്ളി വിടാതെ അച്ഛനോടു പറഞ്ഞു. സാമാന്യം ഉയരമുള്ള ആ പിതാവ് സംവിധായന്റെ മുറി തള്ളിത്തുറന്നങ്ങ് എത്തി. സംവിധായകനെ കോളറിൽ പിടിച്ചുയ‌ർത്തി.

'കട്ട്...കട്ട്..."എന്നൊന്നും പറയാതെ 'നാറ്റിക്കരുതേ" എന്ന് അപേക്ഷിക്കാൻ മാത്രമെ സംവിധായകന്റെ നാവ് പൊങ്ങിയുള്ളൂ. സിനിമ റിലീസായി. പടം സൂപ്പർഹിറ്റ്! സ്വാഭാവികമായും പുതുമുഖ നടി ക്ലിക്കായി. അവളെ തേടി മാദ്ധ്യമങ്ങൾ എത്തി. എല്ലാ അഭിമുഖങ്ങളിലും,​ അവസരം തന്ന സംവിധായകനെ അവൾ പുകഴ്ത്തി. പക്ഷെ, മലയാള സിനിമയിൽ അവൾക്ക് അവസരങ്ങൾ വിരളമായി. കേരളം വിട്ടവൾ ചെന്നൈയിലേക്കും ഹൈദരാബാദിലേക്കും പോയി. തമിഴ്, തെലുങ്ക് സിനിമകളിൽ തരക്കേടില്ലാത്ത അവസരങ്ങൾ ലഭിച്ചു.

നടി ആക്രമിക്കപ്പെട്ടുവെന്ന് അറിഞ്ഞപ്പോൾ 'ഞെട്ടിത്തെറിച്ചുപോയ"വരുടെ കൂട്ടത്തിൽ ഈ സംവിധായകനും ഉണ്ടായിരുന്നു. നടി ആക്രമിക്കപ്പെട്ട സംഭവം പുറത്തു വന്നതാണല്ലോ ഇപ്പോൾ ഹേമ കമ്മിറ്റി റിപ്പോർട്ട് വരെ എത്തിയത്. റിപ്പോർട്ടിൽ ഇതുവരെ പുറത്തുവന്നതിൽത്തന്നെ ഗുരുതരമായ പരാമർശങ്ങളും മൊഴികളുമെല്ലാം ഉണ്ടായിട്ടും അതിനെ കുറിച്ച് 'കമാ" എന്ന് മിണ്ടാട്ടമില്ലാത്തതും സിനിമാക്കാർക്കു തന്നെയാണ്. ആകെപ്പാടെ പ്രതികരിച്ചത് സിനിമയിലെ പവർഗ്രൂപ്പിന്റെ ചെയ്തികളെക്കുറിച്ച് നന്നായി അറിയാവുന്ന സംവിധായകൻ വിനയനും പിന്നെ ‌ഡബ്ലിയു.സി.സിയുമായി ബന്ധപ്പെട്ട ചില അഭിനേതാക്കളും മറ്റു ചിലരും മാത്രം.

എന്തിനും ഏതിനും ഫേസ്ബുക്കിൽ കുറിപ്പിടുന്ന ഒരു കലാകാരൻ ഈ വിഷയത്തിൽ ആദ്യമൊന്നും പ്രതികരിച്ചില്ല. 'എന്തേ പ്രതികരിക്കാത്തത്" എന്ന രീതിയിൽ സമൂഹമാദ്ധ്യമങ്ങളിൽ ട്രോളുകൾ നിറഞ്ഞു. നിവൃത്തിയില്ലാതെ അദ്ദേഹം പ്രതികരിച്ചു. അതും സർക്കാരിനിട്ടൊരു കുത്ത് മാത്രം നൽകി. പോസ്റ്രിനു താഴെ പോസ്റ്റ്‌മാന് 'ആരാധകരു"ടെ കുത്തോടു കുത്ത്.

''രണ്ടു ദിവസം കഴിഞ്ഞു മിണ്ടാട്ടം തിരിച്ചു കിട്ടിയ.... സാറിന് അഭിവാദ്യങ്ങൾ, എന്നാലും സ്വന്തം മേഖലയിലെ തൊഴിലിടത്തെ കൊള്ളരുതായ്മകളെ കുറിച്ച് ഒരക്ഷരം മിണ്ടരുത് കേട്ടോ!"" എന്നായിരുന്നു കിട്ടിയ മാന്യമായ കുത്തുകളിലൊന്ന്.

പെൺമക്കളെ കാണാത്ത അമ്മ

ഈ 'അമ്മ"യ്‌ക്ക് എപ്പോഴും പ്രിയം ആൺമക്കളോടാണ്. അതും എല്ലാവരോടുമല്ല, നല്ല ആരാധക ബലവും സാമ്പത്തികവും ഉള്ളവരോട്. അതിലെ ആൺമക്കളുമായി ഉടക്കിയാൽ പെൺമക്കൾക്ക് അമ്മ 'ചിറ്റമ്മ"യാകും. നടി ആക്രമണത്തിനിരയായ സംഭവം ഉണ്ടായപ്പോൾ ' ഞങ്ങളുടെ സഹോദരി"യാണ് അവൾ എന്നു പറഞ്ഞ് ആൺമക്കളെല്ലാവരും പിന്തുണ നൽകി ഒത്തുചേർന്ന് ദീപം തെളിച്ചു. പിന്നീട് കേസ് അന്വേഷണം നടക്കുകയും പ്രതിയാണെന്ന് അന്വേഷണ സംഘം കണ്ടെത്തുകയും അഴിക്കുള്ളിൽ ആവുകയും ചെയ്ത നായക നടനും ഈ കൂട്ടത്തിലുണ്ടായിരുന്നുവെന്നത് കേരളം കണ്ടതാണ്.

പരാതികളെന്തെങ്കിലും മക്കൾ ഉന്നയിച്ചാൽ പരിഹരിക്കുമെന്നാണ് ഈ അമ്മ ഇപ്പോഴും പറയുന്നത്. ആക്രമിക്കപ്പെട്ട നടി സംഭവം നടക്കുന്നതിനു മുമ്പ്,​ പ്രതിയായ നടനെതിരെ അമ്മയോട് പരാതിപ്പെട്ടിരുന്നതാണ്. വല്ല നടപടിയുമെടുത്തോ? അതിന് ഇമ്മിണി പുളിക്കും! പിന്നെ ആ മകൾ അമ്മയെ വിട്ടുപോയി. 'ഇതിനു മുമ്പ് ഈ നടൻ എന്റെ അഭിനയ അവസരങ്ങൾ തട്ടിമാറ്റിയിട്ടുണ്ട്. അന്ന് പരാതിപ്പെട്ടപ്പോൾ ഗൗരവപ്പെട്ട ഒരു നടപടിയും സംഘടന എടുത്തിരുന്നില്ല." അമ്മ-യിലെ അംഗത്വം രാജിവച്ചുകൊണ്ടുള്ള നടിയുടെ പ്രസ്താവനയിലെ വരികളാണിത്.

അന്ന് 'അമ്മ" വിട്ടുപോയ നടിക്കൊപ്പം ഐക്യദാ‌ർഢ്യം പ്രഖ്യാപിച്ച് സംഘടനയ്ക്കു പുറത്തുവരാൻ എത്രപേർ തയ്യാറായി? പിറന്നാളിനൊക്കെ കെട്ടിപ്പിടിച്ചു നിൽക്കുന്ന ഫോട്ടോ പോസ്റ്ര് ചെയ്യുന്നതിനിൽ ഒതുങ്ങും ഐക്യദാർഢ്യം! 2018 ജൂൺ 28-ന് നടിയും ആക്ടിവിസ്റ്റുമായ അരുന്ധതി സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച അഭിപ്രായം ഇപ്പോഴും പ്രസക്തമാണ്. അതിന്റെ എഡിറ്റഡ് രൂപം ഇങ്ങനെയാണ്:

''ക്രൂരമായി ആക്രമിക്കപ്പെടുന്നതിനും വളരെ മുൻപ്, പ്രതിയായ നടൻ ഇടപെട്ട് തൊഴിൽ അവസരങ്ങൾ നഷ്ടപ്പെടുത്തുന്നതിനെതിരെ നടി പരാതിപ്പെട്ടിരുന്നു! എന്നുവച്ചാൽ, നടൻ വൈരാഗ്യബുദ്ധിയോടെ തങ്ങളുടെ സഹപ്രവർത്തകയോട് പെരുമാറുന്നുണ്ടെന്ന വിവരം, 'അമ്മ"യെന്ന മാടമ്പി ക്ലബ്ബിന്റെ തലപ്പത്തിരുന്നവർക്കൊക്കെ അറിയാമായിരുന്നു. എന്നുവച്ചാൽ, അതിക്രൂരമായി അവൾ ആക്രമിക്കപ്പെട്ടപ്പോൾ അതിനുപിന്നിൽ ഈ നടനാകാനുള്ള സാദ്ധ്യതയുണ്ടെന്ന് ഇവർക്കറിയാമായിരുന്നു. എന്നിട്ടാണ് ഈ കള്ളന്മാർ ആ ക്രിമിനലിനെ കൂടെയിരുത്തി ആക്രമണത്തെ അപലപിച്ചത്! മെഴുകുതിരി കത്തിച്ചും പ്രതിജ്ഞ ചൊല്ലിയും 'ഞങ്ങളുടെ സഹോദരി" എന്ന് വിളിച്ചും അരങ്ങുനിറഞ്ഞഭിനയിച്ചത്! ഇത്രയും വലിയൊരു ക്രിമിനൽ കുറ്റത്തിൽ പ്രതിയായി ജയിലിൽ കിടന്ന മനുഷ്യൻ. അയാൾ ആഘോഷിക്കുകയും അയാളുടെ സിനിമ നൂറുദിവസം പ്രദർശിപ്പിക്കുകയും ചെയ്ത സ്ഥലമാണിത്. സ്ത്രീവിരുദ്ധത എന്നു പറയുന്നത് വലിയ കുറ്റമായി കാണാത്ത ആളുകളാണ് ഇവിടെ...""

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്ന സ്ഥിതിക്ക് വല്ല മാറ്റവും സംഭവിക്കുമോ? ഒന്നും സംഭവിക്കില്ലെന്ന് ഉറച്ചുവിശ്വസിക്കുന്നവരുടെ കൂട്ടത്തിൽ സംവിധായകയൻ ഡോ.ബിജുവും ഉണ്ട്. ബിജു എഴുതുന്നു: ''സിനിമയിലെ പവർഹൗസുകളും മാഫിയകളും സെക്സ് റാക്കറ്റും ഒക്കെ അങ്ങനെ തന്നെ തുടരും. കാരണം അവരൊക്കെ ഉന്നതർക്ക് വേണ്ടപ്പെട്ടവരാണ്. ഉപ്പുകൾ ഒക്കെ പഞ്ചസാരകളായി വീണ്ടും നമുക്കു മുന്നിൽ തുടരും. സർക്കാർ ചടങ്ങുകളിൽ വിശിഷ്ടാതിഥികളായും സർക്കാരിന്റെ ബ്രാൻഡ് അംബാസഡർമാരായും ഒക്കെ ഈ ഉപ്പളങ്ങൾ നമുക്കു മുന്നിൽ ഇനിയും പ്രത്യക്ഷപ്പെടും. നമ്മുടെ കുട്ടികളോട് അവർ സാമൂഹിക പ്രതിബദ്ധതയും ജെൻഡർ ഇക്വാലിറ്റിയും ഉദ്ബോധിപ്പിക്കും. ലൈംഗിക പീഡനങ്ങളിൽ നടുക്കം പ്രകടിപ്പിക്കും. ശേഷം സ്‌ക്രീനിനു പിന്നിൽ കഥ തുടരും...

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: ACTRESS, MALAYALAM MOVIE, HEAMA COMMITTEE REPORT, DIRECTOR
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.