സമ്മേളന നടപടികളിലേക്കു സി.പി.എം കടക്കുമ്പോൾ കീഴ്ഘടങ്ങളിൽ നിന്നു നേതൃത്വം നേരിടേണ്ടത് വൻ വെല്ലുവിളികളെന്ന് വ്യക്തം. ലോക്സഭാ തിരഞ്ഞെടുപ്പിലെ വോട്ട് ചേർച്ചയ്ക്ക് പുറമേ പാർട്ടി കോട്ടയായ കണ്ണൂരിൽ അണികളുടെ നിരവധി ചോദ്യങ്ങൾക്കാണ് നേതൃത്വം മറുപടി നൽകേണ്ടത്. പോഷക സംഘടനകളുടെ സമ്മേളനങ്ങളിൽ തന്നെ നേതൃത്വത്തിന് ഇതുസംബന്ധിച്ച് സൂചനകൾ ലഭിച്ചു തുടങ്ങിയിരുന്നു. തിരഞ്ഞെടുപ്പ് പരാജയത്തിനു പുറമേ കാഫിർ വിവാദം, സി.കെ.പി.പത്മനാഭന്റെ വെളിപ്പെടുത്തൽ, മനുതോമസ് വിഷയം എന്നിവയാണ് കണ്ണൂരിൽ സി.പി.എം. പ്രതിരോധത്തിലായ സമീപകാല വിഷയങ്ങൾ.
സി.കെ.പി. പ്രതികാര മനോഭാവത്തിന്റെ ഇരയോ?
മുൻ സംസ്ഥാന സമിതി അംഗവും തളിപ്പറമ്പ് എം.എൽ.എയുമായിരുന്ന സി.കെ.പി. പത്മനാഭന്റെ വെളിപ്പെടുത്തലിൽ നേതൃത്വത്തിന്റെ മൗനത്തിൽ സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ തട്ടകത്തിലുയർന്നത് രൂക്ഷവിമർശനമാണ്.മൊറാഴ ലോക്കൽ കമ്മറ്റി ഓഫീസിൽ നടന്ന കർഷകസംഘം തളിപ്പറമ്പ് ഏരിയാ കമ്മറ്റി യോഗത്തിലാണ് നേതൃത്വത്തെ ഞെട്ടിച്ചുകൊണ്ട് പ്രതിനിധികൾ ആഞ്ഞടിച്ചത്. വിഭാഗീയതയുടെ ഇരയാണു താനെന്നും പാർട്ടിയെ എങ്ങനെ ജനങ്ങൾ വെറുക്കുന്നതിലേക്കെത്തിയെന്നുമുള്ള പരിശോധനയാണു വേണ്ടതെന്ന് ഒരു പ്രാദേശിക ചാനൽ അഭിമുഖത്തിൽ സി.കെ.പി. തുറന്നടിച്ചിരുന്നു. കർഷകസംഘം സംസ്ഥാന സെക്രട്ടറിയും സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവുമായിരിക്കേ സി.കെ.പി.പത്മനാഭനെ സാമ്പത്തിക ക്രമക്കേട് ആരോപിച്ച് 12 വർഷം മുൻപ് തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽനിന്ന് പാർട്ടി നീക്കി. ഏറെക്കാലത്തിനു ശേഷം മാടായി ഏരിയ കമ്മിറ്റിയിൽ ഉൾപ്പെടുത്തി. നിലവിൽ ഈ സ്ഥാനത്ത് തുടരുകയാണ്.പി.ശശി ജില്ലാ സെക്രട്ടറിയായിരിക്കെ സ്വഭാവദൂഷ്യം ആരോപിച്ച് സി.കെ.പി നേതൃത്വത്തിനു പരാതി നൽകിയിരുന്നു. വി.എസ്, പിണറായി വിഭാഗീയത കത്തിനിന്ന സമയത്താണ് സി.കെ.പിക്ക് എതിരായ നടപടിയുണ്ടായത്. സി.കെ.പിയുടെ പരാതിയിൽ ശശിക്കും തരംതാഴ്ത്തൽ അടക്കമുള്ള നടപടികൾ നേരിടേണ്ടിവന്നു. വിഭാഗീയത കാരണം തന്റെ മേൽ അടിച്ചേൽപിച്ചതാണ് അച്ചടക്ക നടപടിയെന്ന് സി.കെ.പി പറയുന്നു. പാർട്ടിയിൽനിന്നു പുറത്തുപോകാൻ താൽപര്യമില്ലാത്തതിനാലാണ് ഇത്രയും കാലം ഇതൊന്നും പറയാതിരുന്നതെന്നു അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.15 തവണ അപ്പീൽ നൽകിയെങ്കിലും പരിഗണിക്കപ്പെട്ടില്ല. 4 ലക്ഷത്തോളം രൂപയുടെ അഴിമതി അന്നത്തെ കർഷക സംഘത്തിന്റെ ഓഫിസ് സെക്രട്ടറി നടത്തിയിരുന്നു. പാർട്ടിയിൽ അക്കാലത്ത് വിഭാഗീയതയുണ്ടായിരുന്നു. ഇതു പറഞ്ഞതിന്റെ പേരിൽ വീണ്ടും നടപടി വന്നാലും പ്രശ്നമില്ലെന്നും സി.കെ.പി പറഞ്ഞു.
ലോക് സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്കു ശേഷം പാർട്ടിയിൽ തെറ്റുതിരുത്തൽ നടപ്പാക്കുന്നതിനിടെയാണ് സി.കെ.പി. രംഗത്തു വന്നത്. താഴെതട്ടിലല്ല, മുകൾ തട്ടിലാണ് തിരുത്തൽ വേണ്ടതെന്ന് അദ്ദേഹം പറയുന്നു. ചെയ്യാത്ത കുറ്റത്തിന് അച്ചടക്കനടപടി നേരിട്ടതിന്റെ സംഘർഷം തന്റെ ആരോഗ്യത്തെയും ബാധിച്ചു.പ്രസ്ഥാനത്തിന്റെ തെറ്റുകൾ പാർട്ടിയാണ് തിരുത്തേണ്ടത്. പക്ഷേ ആ ഉത്തരവാദിത്തം ജനങ്ങൾ ഏറ്റെടുത്തിരിക്കുകയാണെന്നാണ് ലോക്സഭാ തിരഞ്ഞെടുപ്പ് തോൽവി സൂചിപ്പിച്ച് അദ്ദേഹം പറഞ്ഞത്.
പാർട്ടി സഖാക്കളെ നോക്കി ചിരിച്ചു കൊണ്ടു പോളിങ് ബൂത്തിൽ പോയവർ പാർട്ടിക്ക് വോട്ടു ചെയ്തില്ല. അതാണ് ലോക്സഭാ തെരഞ്ഞെടുപ്പിൽ തോൽവിക്കിടയാക്കിയത്. പാർട്ടിക്കേറ്റ തിരിച്ചടി പ്രകൃതി നിയമമാണ് തനിക്കതിൽ സന്തോഷമേയുള്ളൂ. സത്യം എപ്പോഴും പുറകിലെ ഇരിക്കുകയുള്ളു. അതു മുൻപിൽ വരാൻ സമയമെടുക്കുമെന്നും സി.കെ.പി. കൂട്ടിച്ചേർത്തു.
മൂർച്ച കുറയാതെ മനുതോമസിന്റെ വിമർശനങ്ങൾ
സി.പി.എം. ജില്ലാ കമ്മറ്റി അംഗത്വം ഉപേക്ഷിച്ച ഡി.വൈ.എഫ്.ഐ. നേതാവ് മനു തോമസുമായി ബന്ധപ്പെട്ട വിവാദങ്ങൾ പാർട്ടിക്കുള്ളിൽ സൃഷ്ടിച്ച അലയൊലികൾ ഇനിയും അവസാനിച്ചിട്ടില്ല. സി.പി.എമ്മിന്റെ തട്ടകമായ കണ്ണൂരിൽ, മനു തോമസിന്റെ പുറത്താക്കലുമായി ബന്ധപ്പെട്ടുയർന്ന ചർച്ചകളെ, ഏതോ ഒരു കമ്മിറ്റിയംഗത്തിന്റെ എന്തോ ആരോപണം എന്നു പാർട്ടി സംസ്ഥാന സെക്രട്ടറി തള്ളിക്കളയുന്നുണ്ടെങ്കിലും സമ്മേളന കാലത്ത് അതിനെ അത്ര നിസ്സാരമാക്കാനാവില്ലെന്ന് ഉറപ്പാണ്. ആദ്യമായാണ് കണ്ണൂരിലെ സി.പി.എം നേതൃത്വത്തിനുള്ളിൽ നിന്നുതന്നെ, അക്രമകൊലപാതക രാഷ്ട്രീയത്തിനും ക്വട്ടേഷൻ മാഫിയ ബന്ധങ്ങൾക്കും എതിരായി പരസ്യമായ അഭിപ്രായവും വിയോജിപ്പും പ്രകടിപ്പിച്ചുകൊണ്ട് ഒരാൾ പുറത്തുവരുന്നത്.
മലബാറിലെ സ്വർണ്ണക്കടത്ത് സംഘങ്ങൾ തമ്മിലുള്ള പോരിനിടെ കോഴിക്കോട്ട് രാമനാട്ടുകരയിൽ അവരുടെ വാഹനം അപകടത്തിൽപ്പെട്ടതും തുടർന്നുണ്ടായ അന്വേഷണങ്ങളിൽ കണ്ണൂരിലെ ഡി.വൈ.എഫ്.ഐ നേതാക്കളുടെ പേരുകൾ പുറത്തുവന്നതുമാണ് മനുതോമസ് ആയുധമാക്കിയത്. ഇതുമായി ബന്ധപ്പെട്ട് അർജുൻ ആയങ്കിയുടെ ഡി.വൈ.എഫ്.ഐ ബന്ധം നേരത്തേ പുറത്തുവന്നിരുന്നു.
സി.പി.എം പ്രതിക്കൂട്ടിലായ കൊലപാതക കേസുകളിലെ ക്വട്ടേഷൻ സംഘങ്ങളുമായുള്ള ബന്ധവും ഇതോടനുബന്ധിച്ച് പുറത്തുവന്നു.ഡി.വൈ.എഫ്.ഐ ഇതിനെ പ്രതിരോധിച്ചെങ്കിലും അർജുൻ ആയങ്കി ഉപയോഗിച്ച കാർ ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാവിന്റേതാണെന്ന വെളിപ്പെടുത്തലുമുണ്ടായി. കൂടാതെ, അർജുൻ ആയങ്കി, ആകാശ് തില്ലങ്കേരിപോലുള്ള ക്രിമിനൽ പശ്ചാത്തലമുള്ള പ്രവർത്തകർ സി.പി.എമ്മിന്റെ സൈബർ വിങ്ങിൽ നേടിയെടുത്ത വൻ അനുയായിവൃന്ദവും ചർച്ചയായി. ഇതിനെതിരേയായിരുന്നു മനുതോമസിന്റെ പോരാട്ടം.
പുകയുന്ന കാഫിർ വിവാദം
വടകരയിൽ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വിവാദമായ കാഫിർ സ്‌ക്രീൻഷോട്ട് കണ്ണൂർ പാർട്ടിയിൽ സ്‌ഫോടനം സൃഷ്ടിക്കുന്നു.വിവാദസന്ദേശം പ്രചരിപ്പിച്ചതായി കണ്ടെത്തിയ കണ്ണൂരിലെ ' അമ്പാടിമുക്ക് സഖാക്കൾ' അടക്കമുള്ള ഇടത് സൈബർ ഗ്രൂപ്പുകളെച്ചൊല്ലിയാണ് പാർട്ടിയിലെ ചർച്ച.
ഇത്തരം ഗ്രൂപ്പുകളെ നേരത്തേതന്നെ സംശയനിഴലിൽ നിർത്തിയ ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ, പോസ്റ്റ് പ്രചരിപ്പിച്ചവരും തെറ്റുതന്നെയാണ് ചെയ്തതെന്ന് വ്യക്തമാക്കിയതോടെ ഇക്കാര്യത്തിൽ സി.പി.എമ്മിനുള്ളിലെ അഭിപ്രായവ്യത്യാസം വെളിവായി. സൈബർ സംഘങ്ങളുമായി ബന്ധമുളള മുതിർന്ന നേതാവ് പി. ജയരാജനിലേക്ക് സംശയമുനകൾ നീണ്ടു മുൻ എം.എൽ.എ. കെ.കെ. ലതിക പോസ്റ്റ് ഷെയർ ചെയ്തത് ശരിയായില്ലെന്ന് വടകരയിൽ പരാജയപ്പെട്ട കേന്ദ്രകമ്മിറ്റി അംഗം കെ.കെ. ശൈലജ അഭിപ്രായപ്പെട്ടിരുന്നു. അത് തള്ളി സംസ്ഥാന സെക്രട്ടറി പാർട്ടി നിലപാട് വ്യക്തമാക്കിയതിന് പിന്നാലെയാണ് കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്റെ നിലപാട്. വടകരയിൽ കെ.കെ. ശൈലജയെ കാലുവാരാൻ പാർട്ടിക്കുള്ളിൽനിന്നുതന്നെ ശ്രമം നടന്നുവെന്ന സംശയം അണികൾക്കിടയിൽ സജീവമായി നിൽക്കുന്ന സാഹചര്യത്തിൽ കണ്ണൂർ ജില്ലാ സെക്രട്ടറിയുടെ പ്രതികരണം.
ചതിയുടെ പാണൻപാട്ട്
'പെങ്ങളും ആങ്ങളയും വീണ അങ്കത്തട്ടിൽ ഉണ്ണിയാർച്ചയെ തോൽപ്പിക്കാനായി പൂഴിക്കടകൻ ഇറക്കിയല്ലോ' എന്ന മനു തോമസിന്റെ സാമൂഹികമാദ്ധ്യമത്തിലെ കുറിപ്പ് ഈ സാഹചര്യത്തിലാണ് ചർച്ചയായത്. പി. ജയരാജനെയാണ് മനു തോമസ് ഉന്നംവെക്കുന്നത്. പി. ജയരാജനെ വീരനായകനായി ചിത്രീകരിച്ച് ശ്രദ്ധനേടിയ അമ്പാടിമുക്ക് സഖാക്കൾ എന്ന ഫെയ്സ്ബുക്ക് പേജിലാണ് കാഫിർ സ്‌ക്രീൻ ഷോട്ട് ഷെയർചെയ്തതായി കണ്ടെത്തിയത്. പേജിന്റെ അഡ്മിനായ ഡി.വൈ.എഫ്.ഐ. നേതാവ്, പി. ജയരാജനുമായി അടുത്തബന്ധം പുലർത്തുന്ന ആളാണ്. കാഫിർ സ്‌ക്രീൻഷോട്ട് കടന്നുപോയ സൈബർ ഗ്രൂപ്പുകളെച്ചൊല്ലിയുള്ള തർക്കം പാർട്ടിയിൽ എങ്ങനെ പ്രതിഫലിക്കുമെന്ന് ഈ സമ്മേളന കാലത്ത് വ്യക്തമാകും.
പി.ജയരാജനും സഹോദരിയും സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും ഇപ്പോൾ വനിതാ കമ്മീഷൻ അദ്ധ്യക്ഷയുമായ പി.സതീദേവി വടകര ലോക്സഭാ മണ്ഡലത്തിൽ മത്സരിച്ച് തോറ്റിരുന്നു.സഹോദരനും സഹോദരിയും തോറ്റിടത്ത് കെ.കെ.ശൈലജ ജയിക്കാതിരിക്കാനുളള പൂഴിക്കടകൻ അടവാണ് വ്യാജകാഫിർ സ്‌ക്രീൻ ഷോട്ട് എന്നാണ് മനുതോമസ് പരോക്ഷ സൂചനകളിലൂടെ പറയാൻ ശ്രമിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |