SignIn
Kerala Kaumudi Online
Wednesday, 02 October 2024 4.50 AM IST

മനസ് തുറക്കണം, നല്ല പരിഷ്കാരങ്ങളോട്

Increase Font Size Decrease Font Size Print Page
khadhar-committie

സൂര്യൻ കഴിഞ്ഞാൽ സൗരയൂഥത്തിലെ ഏറ്രവും വലിയ രണ്ടാമത്തെ ഗ്രഹമാണ് ശനി. വ്യാഴമാണ് ഇപ്പോൾ ഒന്നാമനായി നിലകൊള്ളുന്നത്. റോമൻ ദേവനായ സാറ്റണിന്റെ പേരുമായി ബന്ധപ്പെടുത്തിയാണ് ശനിയുടെ പേരിന്റെ പിറവി. നമ്മുടെ പുരാണങ്ങളിലേക്ക് വന്നാൽ സൂര്യദേവന്റെ രണ്ടാം ഭാര്യയായ ഛായാദേവിയുടെ പുത്രനാണ് 'ശനീശ്വരൻ' അഥവാ ശനിദേവൻ. നവഗ്രഹങ്ങളിൽ ഈശ്വരസ്ഥാനം കല്‌പ്പിക്കപ്പെടുന്ന ശനീശ്വരൻ നന്മ ചെയ്യുന്നവർക്ക് രക്ഷകനാണ്. ദുഷ്ടർക്ക് ശിക്ഷകനും. ഇതൊക്കെയാണെങ്കിലും ആർക്ക് എന്ത് പിഴവ് പറ്റിയാലും ഉടൻ പറയും അത് ശനിദോഷമെന്ന്. ജീവിതത്തിൽ ഏതെങ്കിലും തരത്തിലുള്ള വീഴ്ചകളുണ്ടായാൽ ഉടൻ പറയും,​ കണ്ടകശനിയാണെന്ന്. കണ്ടകശനി കൊണ്ടേ പോകൂ എന്നത് മറ്റൊരു ചൊല്ല്. ജ്യോതിഷത്തെക്കുറിച്ച് വിശദീകരിക്കാനല്ല ഇത്രയും വിളമ്പിയത്. വിദ്യാഭ്യാസ മേഖലയിലെ മികവ് വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഒന്നാം പിണറായി സർക്കാർ നിയോഗിച്ച ഖാദർ കമ്മിറ്റി റിപ്പോർട്ടിലെ ശുപാർശകളുടെ അടിസ്ഥാനത്തിൽ നടപ്പാക്കേണ്ട പരിഷ്കാരങ്ങളും അതിനെ ചൊല്ലിയുള്ള വിവാദങ്ങളുമാണ് വിഷയം.

ഖാദർ കമ്മിറ്റി റിപ്പോർട്ട്

സംസ്ഥാനത്തെ പ്ലസ് ടു വരെയുള്ള വിദ്യഭ്യാസം മെച്ചപ്പെടുത്തുന്നതിനായി രൂപീകരിക്കപ്പെട്ട വിദഗ്ദ്ധ സമിതിയാണ് ഖാദർ കമ്മിറ്റി. ഡോ. എം. എ ഖാദർ ചെയർമാനും ജി. ജ്യോതിചൂഡൻ, ഡോ. സി. രാമകൃഷ്ണൻ എന്നിവർ അംഗങ്ങളുമായിട്ടാണ് സമിതി രൂപീകരിക്കപ്പെട്ടത്. വിദ്യാഭ്യാസ മേഖലയിൽ പഠനം, പഠിപ്പിക്കൽ എന്നിവയിൽ സമഗ്രമായ മാറ്റത്തെയാണ് റിപ്പോർട്ട് വിഭാവനം ചെയ്യുന്നത്. ഒന്നു മുതൽ 12 വരെയുള്ള വിദ്യഭ്യാസം ഏകീകരിക്കാനും അദ്ധ്യാപക നിയമനത്തിലുമൊക്കെ സമഗ്രമായ മാറ്റമാണ് കമ്മിറ്റി നിർദ്ദേശിക്കുന്നത്. ഒട്ടേറെ വിവാദ ശുപാർശകളും മുന്നോട്ടുവയ്ക്കുന്നതിനാൽ റിപ്പോർട്ടിന്മേൽ നടപടി എത്രത്തോളമുണ്ടാകുമെന്നത് കണ്ടറിയണം.

ശനിയാഴ്ച പ്രവൃത്തി ദിനം

ശനിയാഴ്ചകൾ കൂടി അക്കാഡമിക് കലണ്ടറിൽ പ്രവൃത്തി ദിവസമാക്കിക്കൊണ്ട് ആകെ പ്രവൃത്തി ദിവസങ്ങളുടെ എണ്ണം കൂട്ടുക എന്ന നയത്തിനാണ് ഖാദർ കമ്മിറ്റി റിപ്പോർട്ട് തടയിട്ടത്. അദ്ധ്യാപകർക്ക് ഇത് സുഖമുള്ള കാര്യമാണെന്ന് ദോഷൈകദൃക്കുകൾക്ക് പറയാം. പക്ഷെ മുൻവിധികളില്ലാത്തതും വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെടാത്തതുമായ കാരണങ്ങളുടെ പേരിൽ വിദ്യാലയങ്ങൾക്ക് അവധി കൊടുക്കേണ്ടി വരുന്ന പ്രവൃത്തി ദിവസങ്ങളുടെ നഷ്ടം നികത്താനാണ് ശനിയാഴ്ചകളെ പ്രതിയാക്കുന്നത്. മഹാകവികളുടെ കാവ്യങ്ങളും മുറ്റത്തെ മൈനയെ സുരേഷ് തിരിഞ്ഞു നോക്കിയ കഥയും പിണ്ഡ-ഊർജ്ജ സമവാക്യങ്ങളും തരംഗദൈർഘ്യവും ഐൻസ്റ്റീന്റെ പിണ്ഡഊർജ്ജ സമവാക്യവും മാത്രം നിഷ്ഠപോലെ പഠിപ്പിച്ചിരുന്ന അദ്ധ്യാപക തലമുറയെ മുന്നിൽ കണ്ടാൽ പോര. പുതിയ തലമുറയെ പഠിപ്പിക്കാനും പ്രാപ്തരാക്കാനുമുള്ള വൈജ്ഞാനികബലം കൂടി അദ്ധ്യാപകർ നേടിയെടുക്കണം. 1970 എം.ബി.ബി.എസ് നല്ല മാർക്കോടെ പൂർത്തിയാക്കിയ ഡോക്ടർ, കൊവിഡും കടന്ന് ജാപ്പനീസ് എൻസിഫിലൈറ്രിസ് എന്ന വ്യാധി വരെയെത്തിനിൽക്കുമ്പോഴാണ് , അന്നത്തെ പഠനത്തിനും ഇന്ന് നേരിടേണ്ടിവരുന്ന രോഗാവസ്ഥയും തമ്മിലുള്ള അന്തരം ബോദ്ധ്യമാവുന്നത്. വാത, പിത്ത, കഫം കൊണ്ട് രോഗം നിർണ്ണയിക്കാൻ കെൽപ്പുള്ള , അക്കാഡമിക് പരിവേഷമില്ലാത്ത നല്ല നാട്ടുവൈദ്യന്മാർ കണ്ടെത്തിയ ചികിത്സാ വിധിയവും ഹിപ്പോക്രാറ്റശിന്റെ നിഷ്ഠയും ഒരേ നൂറ്റാണ്ടിൽ മനസിലാക്കേണ്ടതുണ്ട്. അതിന് വേണ്ടത് പരിശീലനമാണ്. ശനിയാഴ്ചകളിലും മറ്റും അദ്ധ്യാപകർക്ക് വേണ്ടി ഇപ്പോൾ നടത്തുന്ന ട്രെയിനിംഗുകൾ ഈ ബൗദ്ധിക, വിഷയാധിഷ്ഠിത ശക്തിപ്പെടുത്തലിന്റെ ഭാഗമാണ്. ഇതിന് പുറമെ തിരഞ്ഞെടുപ്പ് വോട്ടർ പട്ടിക, വോട്ടെടുപ്പ്, വോട്ടെണ്ണൽ തുടങ്ങിയ കലാപരിപാടികൾക്കും ചെറിയ വേതനം നൽകിയാണെങ്കിൽ പോലും അദ്ധ്യാപകരെ നിയോഗിക്കാറുണ്ട്. ഇതെല്ലാം കൂടി മനസിലാക്കിയാണ് ഖാദർ കമ്മിറ്റി ചില നിർദ്ദേശങ്ങൾ സമർപ്പിച്ചതും അത് ഹൈക്കോടതി അത് ശരിവച്ചതും. പിന്നെ എന്തിനാണ് ഈ റിപ്പോർട്ടിനെ ചൊല്ലി ഒരു വിവാദം.

റിപ്പോർട്ടിലെ പ്രസക്ത ശുപാർശകൾ

സെക്കൻഡറി തലത്തിൽ ( 812 ) അദ്ധ്യാപകർക്ക് മാസ്റ്റേഴ്സ് ബിരുദം യോഗ്യത.

അദ്ധ്യാപക സ്ഥലംമാറ്റം, ഓഫീസ് സംവിധാനങ്ങൾ എന്നിവ പരിഷ്കരിക്കണം

നിലവിലെ പാഠപുസ്തക സങ്കല്പങ്ങളിൽ വലിയ മാറ്റങ്ങളാവശ്യം.

ഗ്രേസ് മാർക്ക് തുടരാം. മാർക്ക് നൽകുന്ന നിലവിലെ രീതി പരിഷ്‌കരിക്കണം.

ഓരോ കുട്ടിയുടെയും പഠനനിലവാരം കൃത്യമായി നിരീക്ഷിക്കപ്പെടാത്തത് മികവിനെ ബാധിക്കുന്നതായി കമ്മിറ്റി കണ്ടെത്തിയിട്ടുണ്ട്. മൂല്യനിർണയവും ഗ്രേഡിംഗുമല്ല പ്രധാനം. വർഷാന്ത്യത്തിലോ ടേമുകളുടെ അവസാനമോ നടത്തുന്ന പരീക്ഷകളിൽ മാത്രമല്ല കുട്ടികളുടെ അറിവ് നിർണയിക്കുന്നത്. വിദ്യാർത്ഥി പഠനത്തിൽ എവിടെ നിൽക്കുന്നെന്ന് ഇടയ്ക്കിടെ അദ്ധ്യാപകർ വിലയിരുത്തേണ്ടതുണ്ട്. ഇതിലൂടെ മാത്രമേ കുട്ടി പഠനത്തിൽ നിന്ന് എന്തൊക്കെ ആർജ്ജിച്ചെന്ന് കണ്ടെത്താനാവൂ.

നല്ലപോലെ മനസിരുത്തി ചിന്തിച്ചാൽ ബോദ്ധ്യപ്പെടും ഈ റിപ്പോർട്ടിൽ പറയുന്ന പല കാര്യങ്ങളുടെയും സത്യാവസ്ഥ. വിദ്യാഭ്യാസ മേഖലയിൽ കാര്യമാത്ര പ്രസക്തമായ നിരവധി മാറ്റങ്ങൾ വരേണ്ടതുണ്ട്. അതിന് ക്രിയാത്മകമായ, തുറന്ന മനസോടെയുള്ള വിലയിരുത്തലുകളാണ് വേണ്ടത്. അല്ലാതെ അപ്രസക്തങ്ങളായ അഭിപ്രായ പ്രകടനങ്ങളല്ല.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: OPINION
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.