പെരുമ്പാവൂർ: ശ്രീജേഷെന്ന പേരുള്ളവർ പെരുമ്പാവൂർ അല്ലപ്രയിൽ അരോമ ജെന്റ്‌സ് ബ്യൂട്ടി പാർലറിലെത്തിയാൽ സൗജന്യമായി മുടി വെട്ടാം. കേരളത്തിന്റെ അഭിമാനമായ ഒളിമ്പ്യൻ ശ്രീജേഷിനോടുള്ള ആരാധനയിൽ ഹോക്കിയുടെ പ്രചാരണാർത്ഥം ബാർബർത്തൊഴിലാളിയും കായികതാരവുമായ വെങ്ങോല സ്വദേശി ശ്രീരാജാണ് ഉദ്ദ്യമത്തിന് പിന്നിൽ.
പാരിസ് ഒളിമ്പിക്‌സിലൂടെ ഹോക്കിയിൽ രണ്ടാം തവണയും വെങ്കലം നേടിയ ശ്രീജേഷിനോടുള്ള സ്നേഹസൂചകമായി 28 മുതൽ സെപ്തംബർ 12 വരെയാണ് ശ്രീരാജിന്റെ സൗജന്യ മുടിവെട്ടൽ. കേരളത്തിൽ ഹോക്കിയുടെ പ്രചരണത്തിനായി ജനശ്രദ്ധ ആകർഷിക്കുകയാണ് പ്രവർത്തനത്തിന്റെ ലക്ഷ്യം. കേരളത്തിലെവിടെയുമുള്ള ശ്രീജേഷ് എന്നു പേരുള്ളവർക്ക് ശ്രീരാജിന്റെ അരോമ ജെന്റ്‌സ് ബ്യൂട്ടി പാർലറിലേയ്ക്ക് കടന്നുവരാമെന്ന് ശ്രീരാജ് പറയുന്നു.
അന്താരാഷ്ട്ര ഹോക്കിയിൽ നിന്ന് വിരമിച്ച വേളയിൽ ഇന്ത്യൻ ഹോക്കി ടീമിന്റെ പതിനാറാം നമ്പർ ജേഴ്‌സി തന്റെ സ്വന്തമാക്കി മാറ്റിയ കായിക പ്രതിഭയോടുള്ള സ്‌നേഹമറിയിച്ച് 16 ദിവസങ്ങളിലാണ് ഓഫർ. സ്ഥാപനം പ്രവർത്തിക്കുന്ന രാവിലെ 9 മുതൽ രാത്രി 9 വരെയുള്ള സമയത്ത് പാർലറിലെത്താം. വരുന്നവർ പേരു തെളിയിക്കുന്ന ഏതെങ്കിലും ഒരു ഔദ്യോഗിക രേഖ കരുതണം. 2020ലെ ടോക്കിയോ ഒളിമ്പിക്‌സിൽ ശ്രീജേഷിന് വെങ്കലമെഡൽ ലഭിച്ച വേളയിലും ശ്രീജേഷുമാർക്കായി സൗജന്യ മുടിവെട്ടൽ പ്രഖ്യാപിച്ച് നടപ്പിലാക്കിയിരുന്നു. മാദ്ധ്യമവാർത്തകളിലൂടെ അന്ന് എട്ടുപേരാണെത്തിയത്.
വാർത്തയെത്തുടർന്ന് ശ്രീരാജുമായി സൗഹൃദത്തിലായ ഒളിമ്പ്യൻ രണ്ടു പ്രാവശ്യം ശ്രീരാജിന്റെ കടയിലേയ്‌ക്കെത്തി. ദേശീയ, അന്തർദ്ദേശീയ, വെറ്ററൻ അത്‌ലറ്റിക് മീറ്റുകളിലൂടെ കേരളത്തിനുവേണ്ടി മെഡൽ ശ്രീരാജ് മെഡൽ നേടിയിട്ടുണ്ട്. പരിപാടിയുടെ ഭാഗമായി വ്യക്തിപരമായി ശ്രീജേഷിനെ അല്ല പ്രയിലേയ്ക്ക് ക്ഷണിക്കുമെന്ന് ശ്രീരാജ് പറഞ്ഞു.
വെങ്ങോല ബഥനിപ്പടി മാലിക്കാലയിൽ രാജപ്പന്റെയും ചന്ദ്രികയുടെയും മകനാണ് ശ്രീരാജ്. ബി.ഫാമിനു പഠിക്കുന്ന ശ്രീജയാണ് ഭാര്യ. ഏക മകൻ ശ്രീപാർത്ഥ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |