ന്യൂഡൽഹി: സിനിമാ മേഖലയിൽ സ്‌ത്രീകൾ നേരിടുന്ന ചൂഷണം സൂചിപ്പിക്കുന്ന ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതോടെ നമ്മുടെ കേരളത്തിലെ സിനിമാ രംഗത്ത് വലിയ കോളിളക്കം തന്നെയുണ്ടായി. ബംഗാളിൽ ആശുപത്രിയ്‌ക്കുള്ളിൽ വനിതാ ഡോക്‌ടർ ലൈംഗിക പീഡനത്തിനിരയാകുകയും ക്രൂരമായി കൊലചെയ്യപ്പെടുകയും ചെയ്‌തതിന്റെ പേരിൽ വലിയ പ്രക്ഷോഭങ്ങൾ നടക്കുകയുമാണ്. ഇത്തരം സംഭവങ്ങൾ ലോകരാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം മോശമാക്കിയോ? ലോകത്തിൽ സ്‌ത്രീകൾക്ക് ഏറ്റവും സുരക്ഷിതത്വം തോന്നാത്ത രാജ്യങ്ങൾ ഏതൊക്കെയാണ്? ഇന്ത്യയുടെ സ്ഥാനം എത്രയാണ്. ഇക്കാര്യങ്ങൾ പരിശോധിക്കാം.
അതിക്രമങ്ങൾ, ലിംഗവ്യത്യാസം കാരണമുള്ള ആക്രമണങ്ങൾ, ആരോഗ്യരംഗത്തെ മോശം അവസ്ഥ, നിയമപരമായ സുരക്ഷിതത്വത്തിലെ പോരായ്‌മ എന്നിങ്ങനെ വിവിധ ഘടകങ്ങൾ സ്‌ത്രീകൾക്ക് ഒരു രാജ്യത്ത് സുരക്ഷിതമായി കഴിയുന്നതിന് തടസം നിൽക്കുന്നു. ഇത്തരത്തിൽ സ്‌ത്രീകൾക്ക് കഴിയാനാകാത്ത കുറച്ച് രാജ്യങ്ങളെ അറിയാം.
ദക്ഷിണാഫ്രിക്ക
വനിതകൾക്ക് കഴിയാൻ ഏറ്റവും ബുദ്ധിമുട്ടുള്ള രാജ്യത്തിൽ ആദ്യം ദക്ഷിണാഫ്രിക്കയാണ്. രാജ്യത്തെ തെരുവുകളിൽ ലിംഗപരമായ കൈയേറ്റങ്ങൾ വനിതകൾ അനുഭവിക്കുന്നു. തനിയെ നടക്കുമ്പോൾ സുരക്ഷിതത്വം തോന്നുന്നത് രാജ്യത്തെ 25 ശതമാനം സ്‌ത്രീകൾക്ക് മാത്രമാണ്. ലൈംഗിക പീഡനം, തട്ടിക്കൊണ്ടുപോകൽ എന്നിവ രാജ്യത്തെ വനിതാ യാത്രക്കാർക്ക് അനുഭവിക്കേണ്ടി വരാറുണ്ട്. തനിയെ യാത്ര ചെയ്യുന്നവർക്കാണ് ഇത് കൂടുതൽ അനുഭവിക്കേണ്ടി വരിക.
ബ്രസീൽ
തെക്കേ അമേരിക്കൻ ഭൂഖണ്ഡത്തിലെ വലിയൊരു രാജ്യമാണ് ബ്രസീൽ. പക്ഷെ സ്‌ത്രീകൾ ഇവിടെയും സുരക്ഷിതരല്ല. രാത്രി തനിയെ ജോലി നോക്കുന്നവരിൽ 28 ശതമാനത്തിന് മാത്രമാണ് സുരക്ഷിതത്വമുണ്ടെന്ന തോന്നലുള്ളത്.
റഷ്യ
ലോകത്തിലെ ഏറ്റവും വലിയ രാജ്യമായ റഷ്യയിൽ സ്‌ത്രീകളുടെ നരഹത്യ കൂടുതലായി നടക്കാറുണ്ട്. ഇക്കാരണത്താൽ റഷ്യ സ്‌ത്രീകൾക്ക് ഒട്ടും സുരക്ഷിതമല്ലാത്ത രാജ്യങ്ങളുടെ പട്ടികയിലുണ്ട്.
മെക്‌സിക്കോ
അമേരിക്കയ്‌ക്ക് സമീപമുള്ള വടക്കേ അമേരിക്കൻ രാജ്യമായ മെക്‌സിക്കോയിൽ രാത്രി സമയത്ത് 33 ശതമാനം സ്‌ത്രീകൾ മാത്രമേ സുരക്ഷിതരായുള്ളൂ. അതിനാൽ തന്നെ സ്‌ത്രീകൾക്ക് സുരക്ഷിതമല്ലാത്ത രാജ്യങ്ങളിൽ നാലാമതാണ് മെക്‌സിക്കോ.
ഇറാൻ
സ്‌ത്രീ-പുരുഷ സമത്വം ഏറെ കുറവുള്ള രാജ്യമാണ് ഇറാൻ. സ്‌ത്രീകൾക്ക് ജീവിതത്തിൽ ഏറെ തടസങ്ങൾ നിയമപരമായിത്തന്നെ ഇറാനിൽ നിലനിൽക്കുന്നു.
ഇന്ത്യ
ഏഷ്യാ വൻകരയിൽ സ്‌ത്രീകൾക്ക് സുരക്ഷിതമല്ലാത്ത രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. സാംസ്‌കാരികമായി വലിയ വൈവിദ്ധ്യമുള്ള നമ്മുടെ രാജ്യത്ത് പക്ഷെ സ്‌ത്രീകൾ രൂക്ഷമായ ലൈംഗികാതിക്രമത്തിന് നിരന്തരം ഇരയാകുന്നു, മനുഷ്യക്കടത്ത്, നിർബന്ധിത തൊഴിൽ ഇവ രാജ്യത്ത് നിർബാധം നടക്കുന്നുണ്ട്. മാത്രമല്ല അതിക്രമങ്ങൾക്ക് ഇരയാകുന്ന സ്‌ത്രീകൾക്ക് മതിയായ നിയമസഹായം ലഭിക്കുന്നതിലും ഇന്ത്യ പിന്നിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |