ന്യൂഡൽഹി: ഇന്ത്യൻ നാവികസേനയ്ക്ക് കരുത്തേകി ആണവ ബാലിസ്റ്റിക് മിസൈൽ വാഹക അന്തർവാഹിനി (എസ്‌എസ്‌ബിഎൻ) ഐഎൻഎസ് അരിഘട്ട് ഇന്ന് കമ്മിഷൻ ചെയ്യും. ഇന്ത്യയുടെ രണ്ടാമത്തെ ആണവ അന്തർവാഹിനിയാണിത്. എസ് 3 എന്ന പേരിലും അറിയപ്പെടുന്ന അരിഘട്ട് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ആണ് വിശാഖപട്ടണത്ത് നടക്കുന്ന ചടങ്ങിൽ കമ്മിഷൻ ചെയ്യുന്നത്.
ഇന്ത്യൻ നാവികസേന മേധാവി അഡ്‌മിറൽ ദിനേശ് ത്രിപതി, ഹെഡ് ഒഫ് ഇന്ത്യൻ സ്ട്രാറ്റജിക് കമാൻഡ് വൈസ് അഡ്‌മിറൽ സുരാജ് ബെറി, മറ്റ് ഡിആർഡിഒ ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുക്കും. ഇന്ത്യയുടെ സ്ട്രാറ്റജിക് കമാൻഡിന് കീഴിലായിരിക്കും എസ്‌എസ്‌ബിഎൻ പ്രവർത്തിക്കുക.
6,000 ടൺ ഭാരമാണ് ഐഎൻഎസ് അരിഘട്ട് 750 കിലോമീറ്റർ ദൂരപരിധിയുള്ള ആണവ ബാലിസ്റ്റിക് മിസൈലുകളായ കെ-15 വഹിച്ച് ഇന്തോ- പസഫിക്ക് മേഖലയിൽ പട്രോളിംഗിന് തയ്യാറെടുക്കുകയാണെന്നാണ് വിവരം. 112 മീറ്ററാണ് അരിഘട്ടിന്റെ നീളം. അരിഹന്തിന് സമാനമായ 83 മെഗാവാട്ട് പ്രഷറൈസ്‌ഡ് ലൈറ്റ് വാട്ടർ റിയാക്‌ടർ തന്നെയാണ് അരിഘട്ടിലും ഉപയോഗിച്ചിരിക്കുന്നത്. മാസങ്ങളോളം വെള്ളത്തിനടിയിൽ തുടരാൻ ഇത് സഹായിക്കും. തദ്ദേശീയ ആണവ റിയാക്ടറും തദ്ദേശീയ ആണവ മിസൈലുമാണ് രണ്ട് അന്തർവാഹിനികളിലും ഉള്ളത്.
ഐഎൻഎസ് അരിഹന്ത് ആണ് ഇന്ത്യയുടെ ആദ്യ ആണവ ബാലിസ്റ്റിക് മിസൈൽ വാഹക അന്തർവാഹിനി. രാജ്യത്തിന്റെ മൂന്നാം അന്തർവാഹിനിയായ ഐഎൻഎസ് അരിദാമൻ (എസ് 4) അടുത്തവർഷം കമ്മിഷൻ ചെയ്യും. അരിഘട്ടിനും അരിഹന്തിനും അംഗീകാരം ലഭിക്കാൻ കേന്ദ്ര സർക്കാരിനെ സമീപിച്ചിരിക്കുകയാണ് നാവികസേന.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |