ആഗസ്റ്റിലെ പെൻഷൻ ഒരാഴ്ചയ്‌ക്കകമെന്ന് സർക്കാർ
കൊച്ചി: ഓണക്കാലത്ത് കെ.എസ്.ആർ.ടി.സി പെൻഷൻകാരെ കഷ്ടപ്പെടുത്താതിരിക്കാൻ സർക്കാർ നടപടിയെടുക്കണമെന്ന് ഹൈക്കോടതി. പെൻഷൻ വൈകിയതിനാൽ തിരുവനന്തപുരം കാട്ടാക്കടയിൽ മുൻ ജീവനക്കാരൻ എം. സുരേഷ് ജീവനൊടുക്കിയതിൽ അഗാധ ദുഃഖമുണ്ടെന്നും കോടതി വ്യക്തമാക്കി.
എല്ലാ മാസവും പത്തിനകം പെൻഷൻ നൽകണമെന്ന ഉത്തരവ് നടപ്പാക്കാത്തതുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹർജിയടക്കമാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പരിഗണിച്ചത്. ജൂലായിലെ പെൻഷൻ ഭൂരിഭാഗം പേർക്കും നൽകിയതായും ആഗസ്റ്റിലേത് ഒരാഴ്ചയ്ക്കകം നൽകുമെന്നും സർക്കാർ അറിയിച്ചു. ഇതിനായി ബാങ്കുകളുടെ കൺസോർഷ്യത്തിന് 72 കോടി രൂപ കൈമാറി. ഓണത്തിന് മുമ്പ് സെപ്തംബറിലെ പെൻഷൻ നൽകാൻ കഴിയുമെന്നും അറിയിച്ചു. ചീഫ് സെക്രട്ടറിയും ഗതാഗത സെക്രട്ടറിയും നേരിൽ ഹാജരായി വിശദീകരണം നൽകുന്നതിൽ നിന്ന് ഇളവ് തേടുകയും ചെയ്തു.
ട്രാൻസ്പോർട്ട് പെൻഷന് സർക്കാർ പ്രാധാന്യം നൽകുന്നുണ്ടെന്നും ,5000 കോടിയിലധികം രൂപ ഇതുവരെ അനുവദിച്ചെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി. അത് പറഞ്ഞതു കൊണ്ട് എന്താണ് കാര്യമെന്നും ,ഇതുവരെ നാല് പെൻഷൻകാരെങ്കിലും ജീവനൊടുക്കിയെന്നാണ് വിവരമെന്നും കോടതി പറഞ്ഞു. ഒറ്റപ്പെട്ട സംഭവങ്ങളാണെന്ന് സർക്കാർ മറുപടി നൽകി. ഒരു പൗരനാണെങ്കിൽ പോലും സർക്കാർ ഖേദിക്കേണ്ടതാണെന്ന് കോടതി അഭിപ്രായപ്പെട്ടു. ഒരു മാസത്തെ പെൻഷൻ മുടങ്ങുന്നതു പോലും അവരുടെ ജീവിതത്തിലുണ്ടാകുന്ന പ്രത്യാഘാതം വിസ്മരിക്കരുതെന്നും ഓർമ്മിപ്പിച്ചു.
കോടതിയിൽ
വിശ്വാസമർപ്പിക്കണം
പെൻഷൻ ഉറപ്പാക്കാൻ ഹൈക്കോടതി ശക്തമായ ഇടപെടലാണ് നടത്തുന്നത്. ബന്ധപ്പെട്ട കക്ഷികൾ ഇത് വിശ്വാസത്തിലെടുക്കണം. ഹതാശരായി കടുത്ത തീരുമാനങ്ങളിലേക്ക് പോകരുത്. അടുത്ത തവണത്തെ പെൻഷൻ വിതരണം കൃത്യമല്ലെങ്കിൽ സ്വമേധയാകോടതിയലക്ഷ്യക്കേസ് എടുക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്നും കോടതി വ്യക്തമാക്കി. വിഷയം വീണ്ടും ബുധനാഴ്ച പരിഗണിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |