പാരീസ് : ഭിന്നശേഷിക്കാരുടെ ഒളിമ്പിക്സായ പാരാലിമ്പിക്സിന് ഫ്രാൻസിലെ പാരീസിൽ വർണാഭമായ തുടക്കം. ഇന്ത്യൻസമയം ബുധനാഴ്ച രാത്രി 11.30ന് തുടങ്ങിയ ഉദ്ഘാടനചടങ്ങ് പുലർച്ചെ രണ്ടരവരെ നീണ്ടു. ജാവലിൻ താരം സുമിത് ആന്റിൽ, വനിതാ ഷോട്ട്പുട്ടർ ഭാഗ്യശ്രീ ജാദവ് എന്നിവരാണ് മാർച്ച് പാസ്റ്റിൽ ദേശീയ പതാകയേന്തി ഇന്ത്യൻ സംഘത്തെ നയിച്ചത്. സെപ്റ്റംബർ എട്ടുവരെ നീളുന്ന ഗെയിംസിൽ നാലായിരത്തിലേറെ താരങ്ങൾ പങ്കെടുക്കും. ഇന്ത്യൻ ടീമിൽ 84 പേരുണ്ട്.
പാരാലിമ്പിക്‌സ് ഉദ്ഘാടനത്തിന് മുന്നോടിയായി ദീപശിഖയേന്താൻ സിനിമാ ഇതിഹാസം ജാക്കി ചാൻ എത്തിയത് ആവേശമായി. ദീപശിഖയേന്തിയെത്തിയ താരത്തെ ആയിരക്കണക്കിന് ആരാധകരാണ് വരവേറ്റത്. ആവേശഭരിതരായ ആൾക്കൂട്ടം അദ്ദേഹത്തിനൊപ്പം സെൽഫിയെടുത്തും ചിത്രങ്ങളെടുത്തും ആഘോഷത്തിൽ പങ്കുകൊണ്ടു. വെള്ള ജഴ്‌സിയും സൺഗ്ലാസുമായിരുന്നു വേഷം. ഫ്രഞ്ച് നടി എൽസ സിൽവർസ്റ്റെയ്ൻ, നർത്തകൻ ബെഞ്ചമിൻ മില്ലേപിയഡ്, റാപ്പർ ജോർജിയോ എന്നിവരും ദീപശിഖയേന്തി കൂടെയുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |