കൊച്ചി: ഓണക്കാലത്ത് യാത്രക്കാരുടെ തിരക്കേറുമ്പോൾ വന്ദേഭാരത് ട്രെയിൻ എറണാകുളത്തെ ട്രാക്കിൽ വിശ്രമിക്കുകയാണ്. ബംഗളൂരുവിൽ നിന്ന് വൻ തുക മുടക്കിയാണ് പലരും ബസ് ടിക്കറ്റെടുക്കുന്നത്. എറണാകുളം - ബംഗളൂരു റൂട്ടിലെ വന്ദേഭാരത് സ്‌പെഷ്യൽ ട്രെയിൻ സർവീസ് തുടരണമെന്നാവശ്യപ്പെട്ട് ജനപ്രതിനിധികളും യാത്രക്കാരുടെ സംഘടനകളും രംഗത്തെത്തിയിട്ടും റെയിൽവേ പരിഗണിച്ചില്ല.
ഈ മാസം 26വരെ സർവീസ് നടത്തിയ എട്ട് കോച്ചുള്ള വന്ദേഭാരത് റേക്ക് ഇപ്പോൾ എറണാകുളം ജംഗ്‌ഷൻ (സൗത്ത് ) റെയിൽവേ സ്റ്റേഷനിലാണുള്ളത്. സർവീസ് തുടരാനുള്ള ഒരുക്കങ്ങൾ എറണാകുളത്തെ അധികൃതർ നടത്തിയിരുന്നെങ്കിലും അതുസംബന്ധിച്ച തീരുമാനം വന്നിട്ടില്ല. ഓണം അടുപ്പിച്ചുള്ള ദിവസങ്ങളിൽ ബംഗളൂരു - എറണാകുളം റൂട്ടിലെ സ്വകാര്യ ബസ് ടിക്കറ്റ് നിരക്ക് ഇരട്ടിയിലേറെയായി. ഇനിയും ഉയരാനാണ് സാദ്ധ്യത.
വന്ദേഭാരത് സ്‌പെഷ്യൽ സവീസ് നിർത്തിയ തീരുമാനം പരിശോധിക്കണമെന്നും സർവീസ് പുനരാരംഭിക്കണമെന്നും ഹൈബി ഈഡൻ എംപി ആവശ്യപ്പെട്ടു. സർവീസ് നീട്ടാൻ തീരുമാനമുണ്ടെങ്കിൽ അത് പ്രഖ്യാപിക്കാൻ അവസാന നിമിഷം വരെ കാത്തിരിക്കുന്നത് എന്തുകൊണ്ടെന്ന് കേന്ദ്ര റെയിൽൽവേ മന്ത്രിക്ക് അയച്ച കത്തിൽ എംപി ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ എല്ലാ പ്രധാന നഗരങ്ങളിൽ നിന്നും എറണാകുളത്തേക്ക് സ്‌പെഷ്യൽ ട്രെയിനുകൾ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു.
എറണാകുളം - ബംഗളൂരു വന്ദേഭാരത് സർവീസിന്റെ സമയക്രമം മാറ്റണമെന്ന് ആവശ്യം ഉയർന്നിരുന്നുവെങ്കിലും യാത്രക്കാരുടെ വലിയ തിരക്കാണ് ഉണ്ടായിരുന്നത്. ടിക്കറ്റ് അതിവേഗം തീരുന്ന സാഹചര്യത്തിലാണ് സർവീസ് നിർത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |