തിരുവനന്തപുരം: സർക്കാരിനും മുന്നണിക്കും ഏറെ നാണക്കേടുണ്ടാക്കിയിട്ടും മുകേഷ് എംഎൽഎയെ ന്യായീകരിച്ച് സിപിഎം നേതാക്കൾ എത്തുന്നത് അദ്ദേഹം പാർട്ടിക്ക് അത്ര വേണ്ടപ്പെട്ടവൻ ആയതുകൊണ്ടുതന്നെ. പാർട്ടി അംഗമല്ലെങ്കിലും അദ്ദേഹം എന്നും പാർട്ടിക്ക് പ്രിയപ്പെട്ടവൻ തന്നെ. കൊല്ലത്ത് എൻ കെ പ്രേമചന്ദ്രനെതിരെ മത്സരിക്കാൻ മുകേഷിനെ നിയോഗിച്ചതും ഈ പ്രിയം കൊണ്ടുതന്നെ.
ഒട്ടും യോജിച്ച സ്ഥാനാർത്ഥിയല്ലെന്നും വിജയസാദ്ധ്യത ഒട്ടും ഇല്ലെന്നും ജില്ലയിലെ പാർട്ടി കേന്ദ്രങ്ങൾപോലും ചൂണ്ടിക്കാണിച്ചിരുന്നു. എങ്കിലും അതൊന്നും വകവയ്ക്കാതെയായിരുന്നു പാർട്ടി മുകേഷിനെ സ്ഥാനാർത്ഥിയാക്കിയത്. ലൈംഗികാരോപണത്തിന് പിന്നാലെ മുകേഷ് രാജിവയ്ക്കണമെന്ന് ഇടതിലെ പ്രധാന കക്ഷികൾ പോലും ആവശ്യപ്പെട്ടെങ്കിലും അതും സിപിഎം ഇതുവരെ ഗൗനിച്ചിട്ടില്ല.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച സ്ഥാനാർത്ഥികളിൽ സിപിഎം ഏറ്റവുംകൂടുതൽ പണം നൽകിയതും മുകേഷിനുതന്നെ. ഏഴുതവണകളിലായി 79 ലക്ഷം രൂപയാണ് മുകേഷിന് നൽകിയതെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന് പാർട്ടി നൽകിയ കണക്കുകൾ പറയുന്നത്. വിജയസാദ്ധ്യത ആരും കല്പിക്കാത്ത ഒരു മണ്ഡലത്തിലാണ് ഇത്രയും തുക ചെലവാക്കിയത്. വയനാട്ടിലും യുപിയിലെ റായ്‌ബറേലിയിലെയും തിരഞ്ഞെടുപ്പ് ചെലവിനായി രാഹുൽഗാന്ധിക്ക് കോൺഗ്രസ് നൽകിയത് 70 ലക്ഷം രൂപവീതമാണെന്ന് ഓർക്കണം.
സിപിഎമ്മിലെ ലാളിത്യത്തിന്റെ പ്രതീകമായ മുൻമന്ത്രി സി രവീന്ദ്രനാഥിന് പാർട്ടി നൽകിയത് വെറും അഞ്ചുലക്ഷം രൂപമാത്രമാണ്. മുകേഷ് കഴിഞ്ഞാൽ സിപിഎം കൂടുതൽ പണം നൽകിയത് ആറ്റിങ്ങലിൽ നിന്ന് മത്സരിച്ച വി ജോയിക്കാണ്. 49ലക്ഷം രൂപയാണ് ജോയിക്കുനൽകിയതെന്നാണ് പാർട്ടി കണക്കുകൾ വ്യക്തമാക്കുന്നത്.
അതേസമയം, മുകേഷിന്റെ രാജി സംബന്ധിച്ച് തീരുമാനം ഇന്നത്തെ സിപിഎം സെക്രട്ടറിയേറ്റ് യോഗത്തിൽ ഉണ്ടാവുമെന്നാണ് കരുതുന്നത്. അഭിഭാഷകനെ കാണാൻ മുകേഷ് ഇപ്പോൾ കൊച്ചിയിലാണ്. എംഎൽഎ എന്ന ബോർഡ് നീക്കിയ വാഹനത്തിലാണ് മുകേഷിന്റെ യാത്ര എന്നാണ് റിപ്പോർട്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |