SignIn
Kerala Kaumudi Online
Saturday, 31 August 2024 5.50 AM IST

കുടിയൊഴിപ്പിക്കൽ ഭീതിയിൽ മലയോരം

palkkad

കസ്തൂരിരംഗൻ റിപ്പോർട്ടുപ്രകാരം പരിസ്ഥിതിലോല പ്രദേശം (ഇ.എസ്.എ) പുതുക്കി നിർണയിച്ചെങ്കിലും മലയോര കർഷകരുടെ ആശങ്കയകലുന്നില്ല. സംസ്ഥാന പരിസ്ഥിതിവകുപ്പ് രണ്ടുതരം ഭൂപടങ്ങൾ തയ്യാറാക്കി വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചതോടെയാണ് വീണ്ടും ആശങ്കകൾ ഇരട്ടിയായത്. ഇ.എസ്.എ പരിധിയിൽ നിന്ന് ജനവാസകേന്ദ്രങ്ങളും കൃഷിയിടങ്ങളും പൂർണമായും ഒഴിവാക്കുമെന്ന സർക്കാർ ഉറപ്പ് നിലനിൽക്കെയാണ് ഇവ ഉൾപ്പെട്ട ഒരു ഭൂപടവും അത്തരം പ്രദേശങ്ങൾ ഒഴിവാക്കിയ മറ്റൊന്നും പ്രസിദ്ധീകരിച്ചത്. വില്ലേജുകളുടെ അതിർത്തി തിരിച്ചറിയാനാണ് പൂർണതോതിലുള്ള ഭൂപടവും ഇ.എസ്.എ അതിർത്തികളുള്ള ഭൂപടവും പ്രസിദ്ധീകരിച്ചതെന്നാണ് പരിസ്ഥിതിവകുപ്പ് അധികൃതരുടെ നിലപാട്. എന്നാൽ, ഈ ഭൂപടത്തിൽ പല വില്ലേജുകളുടെയും അതിർത്തിയിലൂടെയല്ല ഇ.എസ്.എ അതിർത്തി അടയാളപ്പെടുത്തിയിട്ടുള്ളത്. പ്രസിദ്ധീകരിച്ച രണ്ട് ഭൂപടങ്ങളിൽ ഏതാണ് അന്തിമമായി അംഗീകരിക്കുന്നതെന്നതിന് സർക്കാർ തലത്തിൽ വ്യക്തതയില്ലാത്തതും കർഷകരിൽ ആശങ്കയുണ്ടാക്കുന്നുണ്ട്.


ജില്ലയിലെ പാലക്കയം വില്ലേജ് പൂർണമായും കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ പള്ളിപ്പടി, വർമങ്കോട്, ഇരുമ്പകച്ചോല പ്രദേശങ്ങളും ഭൂപടത്തിൽ ഉൾപ്പെട്ടപ്പോൾ വിജ്ഞാപനത്തിൽപ്പെടാത്ത പൊറ്റശ്ശേരി ഒന്ന് വില്ലേജിലെ ചിറക്കൽപ്പടി, കാഞ്ഞിരപ്പുഴ റോഡിന്റെ ഭാഗങ്ങൾ, ഇവിടെയുള്ള ജനവാസമേഖലകൾ എന്നിവയും ചേർത്തു. വില്ലേജ് അതിർത്തി അറിയാനാണ് രണ്ട് ഭൂപടങ്ങൾ പ്രസിദ്ധീകരിച്ചതെന്ന നിലപാടിന് വിരുദ്ധമായ നടപടിയാണിതെന്ന് കർഷകർ പറയുന്നു. കേന്ദ്രസർക്കാരിന്റെ ഗസറ്റ് വിജ്ഞാപനത്തിൽ വില്ലേജുകൾ പൂർണമായും ഉൾപ്പെടുത്തിയിരിക്കുന്ന തരത്തിലാണ് പട്ടിക നൽകിയിട്ടുള്ളത്. ഈ രീതി സാധൂകരിക്കുന്ന ഭൂപടങ്ങൾ പുറത്തിറക്കേണ്ടത് സംസ്ഥാന സർക്കാരിന്റെ ബാദ്ധ്യതയാണെന്നും കർഷകർ ചൂണ്ടിക്കാട്ടുന്നു.


കൃഷിസ്ഥലം നഷ്ടമാകുമെന്ന്

ഭീതിയിൽ കർഷകർ

ഇ.എസ്.എ കരട് വിജ്ഞാപനത്തിൽ പരിസ്ഥിതിലോല പ്രദേശ പട്ടികയിൽ ഉൾപ്പെട്ടത് കരിമ്പ പഞ്ചായത്തിലെ മലയോര കാർഷിക മേഖലയുടെ പരിഛേദമെന്ന് സൂചന. പഞ്ചായത്തിലെ മൂന്നേക്കർ, കരിമല, കുറുമുഖം എന്നിവിടങ്ങളിലെ തോട്ടങ്ങളും മൂന്നിടങ്ങളിലെ സ്വകാര്യ റിസോർട്ടുകളും പരിസ്ഥിതിലോല പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്. നിലവിൽ ജനസാന്ദ്രത കുറഞ്ഞ സ്ഥലങ്ങളാണിവ. നൂറു കണക്കിന് കർഷകർ റബർ, കമുക്, സുഗന്ധവ്യജ്ഞനങ്ങൾ എന്നിവ കാർഷിക വ്യവസായികാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്ന പ്രദേശങ്ങളാണിവ.

നിലവിൽ മൂന്നേക്കർ മേഖല കരിമ്പ ഒന്ന്, കരിമ്പ രണ്ട്, പാലക്കയം വില്ലേജ് എന്നിവിടങ്ങളിലാണ് ഉൾപ്പെടുക. പാലക്കയം വില്ലേജ് പൂർണമായും പരിസ്ഥിതിലോല പട്ടികയിലുണ്ട്. ഇ.എസ്.എ കരട് രേഖയാവുന്നതോടെ മൂന്നേക്കർ മലയോര കാർഷിക പ്രദേശങ്ങൾ കർഷകർക്ക് നഷ്ടപ്പെടാൻ സാദ്ധ്യതയുണ്ട്. ഇ.എസ്.എ അഥവ പരിസ്ഥിതിലോല പ്രദേശങ്ങളിൽനിന്ന് താമസസ്ഥലങ്ങളും കൃഷിഭൂമിയും ഒഴിവാക്കണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്.

സംസ്ഥാന സർക്കാരിന്റെ ഇരട്ടത്താപ്പ് വ്യക്തം: കിഫ

കസ്തൂരിരംഗൻ റിപ്പോർട്ട് പ്രകാരമുള്ള ഇ.എസ്.എ പരിധിയിൽ നിന്ന് ജനവാസ കേന്ദ്രങ്ങളും കൃഷിയിടങ്ങളും പൂർണമായും ഒഴിവാക്കും എന്ന സർക്കാർ ഉറപ്പ് നിലനിൽക്കെ കേരള സർക്കാരിന്റെ പരിസ്ഥിതി വകുപ്പ് വെബ്‌സൈറ്റിൽ ജനവാസ കേന്ദ്രങ്ങളും കൃഷിയിടങ്ങളും ഉൾപ്പെട്ട ഒരു മാപ്പും, അത്തരം പ്രദേശങ്ങൾ ഒഴിവാക്കിയ മറ്റൊരു മാപ്പും അപ്‌ലോഡ് ചെയ്തുകൊണ്ട് ഈ വിഷയത്തിൽ സർക്കാരിന്റെ കള്ളക്കളി തുടരുകയാണെന്ന് കർഷകരുടെ കൂട്ടായ്മയായ കിഫ(കേരള ഇൻഡിപ്പെൻഡന്റ് ഫാർമേഴ്സ് അസോസിയേഷൻ) കുറ്റപ്പെടുത്തുന്നു.

വില്ലേജ് അതിർത്തി മനസിലാക്കാനാണ് വില്ലേജ് പൂർണമായും ഉൾപ്പെട്ടിട്ടുള്ള മാപ്പ് പുറത്തുവിട്ടത് എന്നാണ് പരിസ്ഥിതി വകുപ്പ് പറയുന്നത്. എന്നാൽ ആ മാപ്പ് പരിശോധിക്കുമ്പോൾ പല വില്ലേജുകളിലും വില്ലേജ് അതിർത്തിയിലൂടെയല്ല അല്ല ഇ.എസ്.എ അതിർത്തി പോയിരിക്കുന്നത് എന്ന് കാണാം. പാലക്കയം വില്ലേജ് പൂർണ്ണമായും ഉൾപ്പെട്ടിട്ടുണ്ട് എങ്കിലും കാഞ്ഞിരപ്പുഴ പഞ്ചായത്തിന്റെ പള്ളിപ്പടി, വർമ്മങ്കോട്, ഇരുമ്പകച്ചോല പ്രദേശങ്ങളിൽ വിജ്ഞാപനത്തിൽ ഉൾപ്പെടാത്ത പൊറ്റശ്ശേരി 1 വില്ലേജിൽ ഉൾപ്പെടുന്ന ചിറക്കൽപ്പടി കാഞ്ഞിരപ്പുഴ റോഡിന്റെ ഭാഗങ്ങളും ജനവാസ മേഖലകളും ഉൾപ്പെട്ടിട്ടുണ്ട്. വില്ലേജ് അതിർത്തി അറിയാനായിട്ടാണ് രണ്ടു മാപ്പുകൾ നൽകിയിരിക്കുന്നത് എന്ന വാദം തെറ്റാണ് എന്ന് ഇതിൽ നിന്നുതന്നെ വ്യക്തം. മാത്രമല്ല കേന്ദ്രസർക്കാർ പുറത്തിറക്കിയ ഗസറ്റ് വിജ്ഞാപനത്തിൽ വില്ലേജുകൾ പൂർണമായും ഉൾപ്പെടുത്തിയിരിക്കുന്ന തരത്തിലാണ് ലിസ്റ്റ് നൽകിയിരിക്കുന്നത്. അതുകൊണ്ടുതന്നെ അതിനെ സാധൂകരിക്കുന്ന രീതിയിലുള്ള മാപ്പുകൾ പുറത്തിറക്കേണ്ടത് നിയമപരമായി സംസ്ഥാന സർക്കാരിന്റെ ബാദ്ധ്യതയുമാണ്. അത് മറച്ചുവെച്ചാണ് ജനത്തിന്റെ കണ്ണിൽ പൊടിയിടുന്ന നടപടികളുമായി സർക്കാർ മുന്നോട്ടു പോകുന്നത്.

നിലവിൽ നൽകിയിരിക്കുന്ന രണ്ടു മാപ്പുകളിൽ ഏതാണ് അന്തിമമായി ഉപയോഗിക്കാൻ പോകുന്നത് എന്ന് ചോദിക്കുമ്പോൾ സംസ്ഥാന സർക്കാരിന് ഉത്തരമില്ലാത്ത അവസ്ഥയാണ്. അന്തിമമായി ഉപയോഗിക്കുന്ന ഒരു മാപ്പ് മാത്രം പ്രസിദ്ധീകരിച്ചുകൊണ്ട് ഈ ആശങ്ക ദൂരീകരിക്കണമെന്നാണ് കിഫയും കർഷകരും ആവശ്യപ്പെടുന്നത്.

ഇ.എസ്.എ

പരിധിയിലുൾപ്പെട്ട സ്ഥലങ്ങൾ

പാലക്കാട് ജില്ലയിൽ ഇ.എസ്.എ വിജ്ഞാപനത്തിൽ ഉൾപ്പെട്ട 14 വില്ലേജുകളിൽ മലപ്പുറം ജില്ലയുടെ അതിർത്തിയായ അട്ടപ്പാടിയിലെ പാടവയൽ മുതൽ തൃശൂർ ജില്ലയുടെ അതിർത്തിയായ കിഴക്കഞ്ചേരി വില്ലേജിലെ പാലക്കുഴി വരെ ഇ.എസ്.എ മാപ്പിൽ ഉൾപ്പെട്ട പ്രധാനപ്പെട്ട ജനവാസമേഖലകളുടെ വിവരങ്ങൾ;

അട്ടപ്പാടിയിലെ പൂതൂർ, അഗളി, ഷോളയൂർ പഞ്ചായത്തുകളിലെ ആറ് വില്ലേജുകളും പൂർണ്ണമായി ഉൾപ്പെടുന്നു. തെങ്കര , കാഞ്ഞിരപ്പുഴ, തച്ചമ്പാറ, കരിമ്പ പഞ്ചായത്തുകളിൽ ഉൾപ്പെടുന്ന പാലക്കയം വില്ലേജിലെ ജനവാസമേഖലകളായ മെഴുകുമ്പാറ, ആനമൂളി, പാങ്ങോട്, പൂഞ്ചോല, പള്ളിപ്പടി, വെള്ളത്തോട്, കൊരണകുന്ന് ,ഇരുമ്പകച്ചോല ,പാലക്കയം ,അച്ചിലിട്ടി ,മൂന്നേക്കർ, മീൻവല്ലം എന്നീ പ്രദേശങ്ങൾ ഉൾപ്പെട്ടിട്ടുണ്ട് .

പുതുപ്പരിയാരം 1, മലമ്പുഴ 1, പുതുശേരി വില്ലേജുകളിലെ പുളിയമ്പുള്ളി, നൊച്ചൂപ്പള്ളി, കയ്യറ, ഞാറക്കോട്, ധോണി, അട്ടപ്പള്ളം ടോൾ പ്ലാസ, കനാൽ പിരിവ് , പാലക്കാട് ഇൻസ്റ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസ്,​ അഹല്യ ക്യാമ്പസ് എന്നീ പ്രദേശങ്ങളും മാപ്പിൽ ഉൾപ്പെടുന്നു. നെല്ലിയാമ്പതി വില്ലേജ് പൂർണ്ണമായും, മുതലമട ഒന്ന്, രണ്ട്, കിഴക്കഞ്ചേരി ഒന്ന് എന്നീ വില്ലേജുകളിലെ ഗോവിന്ദാപുരം, മീങ്കര, പരുത്തിക്കാട്, മുതലമട മാംഗോ സിറ്റി, ചെമ്മണാമ്പതി, കണിച്ചിപരുത , ആരോഗ്യപുരം, പനം കുറ്റി, പാലക്കുഴി പ്രദേശങ്ങളും ഉൾപ്പെടുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: PALAKKAD
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.