രണ്ടര വർഷം മുമ്പ് പൊന്നുരുന്നി പാലത്തിനു സമീപം ബന്ധുക്കളുടെ കാടുപിടിച്ചു കിടന്ന പത്ത് , നാല് സെന്റ് ഭൂമിയിൽ കെ.എസ്.ഇ.ബി റിട്ട. എൻജിനിയർ അശോക് കുമാർ വിദേശ ഫലവൃക്ഷങ്ങളുടെ തോട്ടമൊരുക്കി. ബുഷ് ഓറഞ്ച്, മരമുന്തിരി, അബ്യൂ, വൈറ്റ് ഞാവൽ, സീഡ്ലസ് ലെമൺ, സ്ട്രോബറി പേര തുടങ്ങിയവ നട്ടുപിടിപ്പിച്ചു. വിജയിച്ചതോടെ പാലത്തിനോട് ചേർന്ന് 14 സെന്റിൽ 'മിയാവാക്കി" മാതൃകയിൽ മൂന്നാമത്തേതും തയ്യാറാക്കി.
അതോടെ തങ്ങളുടെ വീട്ടുമുറ്റത്തും വളപ്പിലും തോട്ടമൊരുക്കി നൽകാമോ എന്ന ആവശ്യവുമായി ചിലരെത്തി. ചെറിയ സ്ഥലത്ത് വീടു വയ്ക്കുന്നവർ, മട്ടുപ്പാവ് കൃഷിക്കാർ തുടങ്ങി വൻകിട കൃഷിക്കാർക്കു വരെ ഇപ്പോൾ ഒരുക്കി നൽകുന്നുണ്ട്. സ്ഥലമൊരുക്കൽ മുതൽ തൈകൾ നട്ട് കമ്പോസ്റ്റ് വളമുൾപ്പെടെ നൽകും.
അതിലൂടെ വൈറ്റില പൊന്നുരുന്നി സ്വദേശിയായ അശോക് കുമാറിന് ലക്ഷങ്ങളുടെ വരുമാനം ലഭിക്കുന്നുണ്ട്. ഒരു വർഷത്തെ പരിപാലനവും അദ്ദേഹത്തിന്റെ 'അശോക ഫ്രൂട്ട്സ്' ഏറ്റെടുക്കും. തൈകൾ നട്ട് രണ്ടു മാസത്തിനുള്ളിൽ ഫലം ലഭിച്ചുതുടങ്ങും.
പ്രായം അറുപതിലെത്തി നിൽക്കുമ്പോഴും അശോക ഫ്രൂട്ട്സിന്റെ 90ശതമാനം പ്രവർത്തനങ്ങളും ഒറ്റയ്ക്കാണ് ചെയ്യുന്നത്. ഉപ്പുവെള്ളമുള്ള സ്ഥലങ്ങളിലും കൃഷിയൊരുക്കാനാകും. കുഴിയിൽ മെറ്റൽ നിറച്ച് പ്രത്യേക രീതിയിലാണ് തൈകൾ നടുക. ഭാര്യ ഷൈലയും, മക്കളായ ബാങ്ക് ഉദ്യോഗസ്ഥ അശ്വതിയും ഐ.ടി ഉദ്യോഗസ്ഥൻ അനന്തുവും പൂർണ പിന്തുണ നൽകുന്നുണ്ട്.
50 മരത്തിന് മൂന്നു ലക്ഷം
കുറഞ്ഞത് മൂന്നു സെന്റ് ഉണ്ടെങ്കിൽ തോട്ടം സജ്ജമാക്കാം. വീട്ടുമുറ്റത്തെ സൗകര്യമനുസരിച്ചും തയ്യാറാക്കും
50 ഫലവൃക്ഷത്തൈകൾ അടങ്ങിയ തോട്ടം സജ്ജീകരിക്കാൻ മൂന്നു ലക്ഷം രൂപ ഈടാക്കും
സ്ഥലം വിട്ടു നൽകുന്നവർക്ക് പഴങ്ങളടക്കം വിറ്റുകിട്ടുന്നതിന്റെ 30% തുക എല്ലാ മാസവും നൽകും
20പേരെങ്കിലും എല്ലാ മാസവും ഫലവൃക്ഷത്തൈകൾ വാങ്ങുന്നുണ്ട്. ഒരാളിൽ നിന്ന് ശരാശരി അരലക്ഷമാണ് വരുമാനം
''ഉപയോഗശൂന്യമായി കിടക്കുന്ന ഏതു സ്ഥലവും ഫലവൃക്ഷത്തോട്ടമാക്കാം. ധാരാളം ആവശ്യക്കാർ വരുന്നുണ്ട്''
അശോക് കുമാർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |