ഉരുട്ടിക്കൊണ്ടു പോയീടിനാൻ
ഉരുൾ വിഴുങ്ങിയാകമാനം
എല്ലാരെയും ഭ്രമിപ്പിച്ചുകൊ-
ണ്ടങ്ങനെ ഇരച്ചുകയറി
അഭയം തേടിയുള്ളോരു പരക്കം പാച്ചിൽ
മനമുരുകി,യുറ്റവർ തേടിയലഞ്ഞീടുന്നു,
തടവിട നിത്യേന നൊമ്പരക്കാഴ്ചകൾ
അമ്പരിപ്പിച്ച് ഉള്ളുപിടഞ്ഞീടുന്നു
മാധവ് ഗാഡ്ഗിൽ അരുളിയില്ലേ
ചെവിക്കൊണ്ടീലാരു,മൊട്ടുമേ.
പ്രപഞ്ചത്തിൻ ഭ്രമണം അനിയന്ത്രിതമല്ലേ
ഹന്ത! മനുഷ്യനിർമിതി വിനയാകാതെ പാർക്കുക
പ്രകൃതിരമണീയതയാൽ വലംവയ്ക്കുമീ
വയനാടുതൻ ജനത എവിടേയ്ക്കു മാഞ്ഞു?
കണ്ടുവോ, കേട്ടുവോ രോദനം
കാണാമറയത്ത് കണ്ടെത്താനാകാതെ
ഉള്ളുലഞ്ഞു കേഴുന്നുടയവർ
ഉറ്റവരുടെ ശിഷ്ടദേഹത്തിനായ്.
മരപ്പാവപോൽ മനവും മിഴികളും
പൊട്ടിക്കരയാനാകാതെ മരവിച്ചീടുന്നു
കണ്ണീർപ്പാടമായ് ജീവിതത്തിൻ മിടിപ്പുകൾ
രക്ഷകരായ് പരിശ്രമികൾ
തോരാമഴ താണ്ഡവമാടി-
ത്തിമിർത്തു മദത്തോടൊപ്പം-
കൂട്ടി ജീവജാലങ്ങളെയും തഥൈവ
ഹേ, ഇപ്രകാരമോ നിൻ ക്രൂരത?
സർവതും സർവരും കണ്ണീർക്കയത്തിലാണ്ടു,
പ്രതികാര ഭാവമെന്തേ, നോവേറ്റതിനാലോ
രൗദ്രരൂപവും ഭാവവും കാട്ടി നീ?
കണ്ണിൽ പൂത്തു വിടർന്ന സ്വപ്നങ്ങൾ
കലികാല പ്രഹരത്തിലാണ്ടുപോയി-
യൊന്നുമൊഴിയാതെ മരണം വിതച്ച്
മരണം മണക്കുമീ മണ്ണാക്കി മറഞ്ഞീടിനാൻ
മനം വീണ്ടെടുക്കാനേറെ നാളുകൾ
നിറകണ്ണുകളോടെ വിങ്ങിപ്പൊട്ടി വിലപിച്ചിടവേ-
യൊന്നിച്ചു നിത്യനിദ്രയിലാണ്ടവർ
സർഗശക്തിയാകട്ടെ കൈത്താങ്ങിനായ്.
നല്ല നാളിനായ് കാത്തിരുന്നോളൂ,
വസന്തങ്ങൾ വീണ്ടും വിടർന്നിടും,
കണ്ണീർപ്പൂക്കളർപ്പിച്ചിടട്ടേ,
ജഗദീശ്വരൻ സാക്ഷി മർത്ത്യന്!
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |