അബുദാബി: ആറുവർഷത്തിനുശേഷം യുഎഇയിൽ പൊതുമാപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്ത്യക്കാരടക്കം ആയിരക്കണക്കിന് പ്രവാസികൾക്ക് പ്രയോജനപ്പെടുന്ന നടപടിയുടെ കാലാവധി നാളെ മുതൽ ഒക്‌ടോബർ 30വരെയാണ്. വിസ കാലാവധി കഴിഞ്ഞും രാജ്യത്ത് അനധികൃതമായി തുടരുന്നവർക്ക് പിഴ കൂടാതെ തന്നെ രാജ്യം വിടാനോ വിസ സ്റ്റാറ്റസ് പുതുക്കാനോ സാധിക്കുന്ന നടപടിയാണിത്. ഇപ്പോഴിതാ പൊതുമാപ്പിന് അപേക്ഷിക്കുന്ന പ്രവാസികൾക്ക് മറ്റൊരു ആശ്വാസവാർത്ത കൂടിയെത്തുകയാണ്.
പൊതുമാപ്പിലൂടെ രാജ്യം വിടാൻ ആഗ്രഹിക്കുന്നവർക്ക് വിമാന ടിക്കറ്റ് നിരക്കിൽ ഇളവ് നൽകുമെന്ന് ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ്, പോർട്ട് സെക്യൂരിറ്റി (ഐസിപി) അധികൃതർ അറിയിച്ചു. ടിക്കറ്റ് നിരക്ക് കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് എമിറേറ്റ്‌സ്, ഇത്തിഹാദ്, എയർ അറേബ്യ തുടങ്ങിയ വിമാനക്കമ്പനികളുമായി ആശയവിനിമയം നടത്തിയതായി ജനറൽ ഡയറക്‌ടറേറ്റ് ഒഫ് റെസിഡൻസി ആന്റ് ഫോറിനേഴ്‌സ് അഫയേഴ്‌സ് ഡെപ്യൂട്ടി ഡയറക്‌ടർ ജനറൽ മേജർ ജനറൽ ഒബൈദ് മുഹൈർ ബിൻ സുരൂർ വ്യക്തമാക്കി. നിർദേശത്തോട് വിമാനക്കമ്പനികൾ അനുകൂലമായാണ് പ്രതികരിച്ചതെന്ന് ഐസിപി പറഞ്ഞു.
റെസിഡൻസി വിസ കാലാവധി കഴിഞ്ഞവർ, വിസിറ്റ് വിസയിൽ തൊഴിൽ തേടിയെത്തി വിസ കാലാവധി കഴിഞ്ഞവർ, യുഎഇയിൽ ജനിച്ചെങ്കിലും റെസിഡൻസിക്കായി അപേക്ഷ നൽകിയിട്ടില്ലാത്ത കുട്ടികൾ, സ്‌പോൺസർമാരിൽ നിന്ന് ഒളിച്ചോടിയവർ തുടങ്ങിയവർക്കാണ് പൊതുമാപ്പിനായി അപേക്ഷിക്കാൻ സാധിക്കുക. അനധികൃതമായി രാജ്യത്തേയ്ക്ക് കടന്നവർക്ക് പൊതുമാപ്പിന് അപേക്ഷിക്കാനാവില്ല.
പൊതുമാപ്പിന് അപേക്ഷിക്കുന്നവർക്ക് പിഴയോ എക്‌സിറ്റ് ഫീസോ നൽകേണ്ടതില്ല. രാജ്യം വിടുന്നവർക്ക് തിരികെ പ്രവേശിക്കുന്നതിന് വിലക്കും നേരിടേണ്ടി വരില്ല. കൃത്യമായ വിസ ഉപയോഗിച്ച് എപ്പോൾ വേണമെങ്കിലും യുഎഇയിലേയ്ക്ക് തിരികെ വരാനാവും.
ബയോമെട്രിക് വിരലടയാളം റെക്കാഡ് ചെയ്തിട്ടുള്ളവർക്ക് യുഎഇ വിടുന്നതിനായി ഓൺലൈനായി ഡിപ്പാർച്ചർ പെർമിറ്റിനായി അപേക്ഷിക്കാം. ഇവർക്ക് എക്സിറ്റ് പെർമിറ്റ് നേരിട്ട് നൽകുന്നതായിരിക്കുമെന്ന് ഐസിപി അറിയിച്ചു. ബയോമെട്രിക് രേഖകൾ ഇല്ലാത്തവർ ഇതിനായുള്ള പ്രത്യേക കേന്ദ്രങ്ങളിലെത്തി അപേക്ഷ നൽകണം. വിരലടയാള നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം എക്സിറ്റ് പെർമിറ്റ് നൽകും. 14 ദിവസമാണ് എക്‌സിറ്റ് പെർമിറ്റിന്റെ കാലാവധി. അതിനുശേഷവും രാജ്യം വിട്ടിട്ടില്ലെങ്കിൽ മുമ്പത്തെ എല്ലാ പിഴകളും പുനഃസ്ഥാപിക്കപ്പെടും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |