കൊച്ചി: ഓണത്തിന് നാട്ടിലെത്താൻ ആഗ്രഹിക്കുന്നവരുടെ കീശ കീറാൻ തയ്യാറെടുത്ത് അന്തർസംസ്ഥാന ബസുകൾ. ഇക്കാര്യത്തിൽ സ്വകാര്യനെന്നോ കെ.എസ്.ആർ.ടി.സിയെന്നോ വ്യത്യാസമില്ല. ട്രെയിനുകളിൽ ബുക്കിംഗ് പൂർണ്ണമായതോടെയാണ് കഴുത്തറുപ്പൻ ടിക്കറ്റ് നിരക്കുമായി സ്വകാര്യ അന്തർസംസ്ഥാന ബസുകൾ ഇറങ്ങിയത്. ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളിലെ മലയാളികൾ അക്ഷരാർത്ഥത്തിൽപ്പെട്ടു.
നാലുപേരടങ്ങുന്ന കുടുംബത്തിന് നാട്ടിലെത്താൻ പതിനായിരങ്ങൾ മുടക്കണം. തിരിച്ചുപോകാനും ഇതേ തുക തന്നെ മുടക്കേണ്ടിവരുമ്പോൾ ശരാശരി മലയാളിയുടെ കുടുംബ ബഡ്ജറ്റ് താളം തെറ്റും. ഓണത്തിന് ഇരട്ടിയിലേറെ രൂപ ഈടാക്കി സ്വകാര്യ ബസുകൾ യാത്രക്കാരെ പിഴിയുന്നതിനിടയിൽ കെ.എസ്.ആർ.ടി.സിയുടെ ഇരുട്ടടിയുമുണ്ട്. ഓണത്തിനു നാട്ടിലേക്കുള്ള ബസുകളിലെ ടിക്കറ്റ് നിരക്ക് കെ.എസ്.ആർ.ടി.സിയും കൂട്ടി. സെപ്തംബർ 11 മുതൽ ഉത്രാടദിനം വരെയാണ് നിരക്ക് കൂട്ടിയിരിക്കുന്നത്. തിരക്കുള്ള ദിവസങ്ങളിൽ നിരക്ക് കൂട്ടുന്ന സ്വകാര്യ ബസുകളുടെ രീതിയാണ് എറണാകുളത്തേക്കുള്ള കെ.എസ്.ആർ.ടി.സി സർവീസും പിന്തുടരുന്നത്.
ഓണത്തിന് നാട്ടിലെത്താൻ കീശകീറും
ബെംഗളൂരു-കൊച്ചി റൂട്ടിലെ ട്രെയിനുകളിൽ ടിക്കറ്റ് ലഭ്യമല്ല. സെപ്തംബർ 12 ന് പുറപ്പെടുന്ന ബെംഗളൂരു- കന്യാകുമാരി ഐലൻഡ് എക്സ്‌പ്രസിൽ ഉൾപ്പെടെ എ.സി ടിക്കറ്റ് ബുക്കിംഗ് പൂർണമായതായി യാത്രക്കാർ പറയുന്നു. സ്ലീപ്പർ ടിക്കറ്റുകൾക്ക് ഉയർന്ന വെയിറ്റിംഗ് ലിസ്റ്റാണ്. സെപ്തംബർ 13ന് സ്ലീപ്പർ ടിക്കറ്റുകൾ പോലും ലഭ്യമല്ല.
ബംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന എ.സി ലക്ഷ്വറി ബസുകളുടെ ടിക്കറ്റ് നിരക്ക് 3000 മുതൽ 5500 രൂപ വരെയാണിപ്പോൾ. ഓരോ ബസിന്റെയും നിരക്കിലും മാറ്റം വരും. നോൺ എ.സി ബസുകൾക്ക് 1900 മുതലാണ് നിരക്ക്. ഓണത്തോട് അടുക്കുമ്പോൾ നിരക്ക് ഇനിയും ഉയരാനാണ് സാദ്ധ്യത. പല ബസുകളിലും ടിക്കറ്റുകളെല്ലാം ബുക്കായി കഴിഞ്ഞു.
എറണാകുളത്തേക്കുള്ള കെ.എസ്.ആർ.ടി.സിയുടെ ഗരുഡ ബസിലെ നിരക്ക് 1,151 രൂപയായിരുന്നത് സെപ്തംബർ 11 മുതൽ ഉത്രാടദിനമായ 14 വരെ 600 രൂപയോളം കൂട്ടി. നോൺ എ.സി സൂപ്പർ ഡീലക്‌സ് സ്‌പെഷ്യൽ സർവീസിലും നിരക്ക് 300 രൂപ കൂട്ടി. പ്രവൃത്തിദിവസങ്ങളിൽ 1,151 രൂപയാണ് നിരക്ക്. പല ബസുകളിലും സെപ്തംബർ 11-14 വരെയുള്ള ദിവസങ്ങളിൽ ടിക്കറ്റ് മുഴുവനും വിറ്റുകഴിഞ്ഞു.
സ്വകാര്യ ബസുകൾ - 3000-5500(എ.സി ലക്ഷ്വറി ബസ്), 1900 (നോൺ എ.സി ബസ്)
കെ.എസ്.ആർ.ടി.സി- 1400- 1800
പല ബസുകളിലും വലിയ നിരക്കാണ്. ഓണം ഞായറാഴ്ച കൂടിയായതിനാൽ ടിക്കറ്റെല്ലാം ബുക്ക് ആയി . തിരിച്ചുവരാനുള്ള ചെലവ് കൂടി നോക്കുമ്പോൾ യാത്രാചെലവ് ഭീമമാണ്.
വിപിൻ വിജയൻ
ബംഗളൂരു മലയാളി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |