ചണ്ഡിഗഡ്: ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ്, വോട്ടെണ്ണൽ തീയതികളിൽ മാറ്റം. വോട്ടെടുപ്പ് ഒക്ടോബർ ഒന്നിൽ നിന്ന് അഞ്ചിലേക്ക് മാറ്റി. വോട്ടെണ്ണൽ ഒക്ടോബർ എട്ടിന് നടക്കും. ബിഷ്ണോയ് വിഭാഗത്തിന്റെ പരമ്പരാഗത ആഘോഷം കണക്കിലെടുത്താണ് തീരുമാനം. ജമ്മു കാശ്മീരിൽ വോട്ടെടുപ്പ് മുൻപ് നിശ്ചയിച്ചപ്രകാരം നടക്കും. വോട്ടെണ്ണൽ ഹരിയാനക്കൊപ്പം ഒക്ടോബർ എട്ടിനാണ്. ഹരിയാനയിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച മുതൽ ബിഷ്ണോയ് വിഭാഗക്കാരും വിവിധ രാഷ്ട്രീയ പാർട്ടികളും തിരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു.
ആഘോഷങ്ങൾ കണക്കിലെടുത്ത് തിരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന് ബി.ജെ.പി ഹരിയാന ഘടകം തിരഞ്ഞെടുപ്പ് കമ്മിഷനോട് അഭ്യർത്ഥിച്ചിരുന്നു. ആഘോഷങ്ങളും തുടർച്ചയായ അവധി ദിവസങ്ങളും വരുന്നത് വോട്ടെടുപ്പിനെ ബാധിക്കുമെന്നും പാർട്ടി ചൂണ്ടിക്കാട്ടി. എന്നാൽ ബി.ജെ.പിയുടേത് തോൽവി മുന്നിൽ കണ്ടുള്ള നീക്കമാണെന്ന് കോൺഗ്രസ് പരിഹസിച്ചു.
ജമ്മുകാശ്മീരിൽ മൂന്ന് ഘട്ടമായാണ് വോട്ടെടുപ്പ്. ആദ്യഘട്ട തിരഞ്ഞെടുപ്പ് സെപ്തംബർ 18ന് നടക്കും. രണ്ടാം ഘട്ടം സെപ്തംബർ 25, അവസാനഘട്ടം ഒക്ടോബർ ഒന്ന് എന്നിങ്ങനെ നടക്കും. ഹരിയാനയിൽ ഒറ്റഘട്ടമായാണ് വോട്ടെടുപ്പ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |