കോഴിക്കോട്: പാളയം പഴം, പച്ചക്കറി മാർക്കറ്റ് കല്ലുത്താൻ കടവിലേക്ക് മാറ്റാനുള്ള തീരുമാനത്തെ തുരങ്കം വയ്ക്കാൻ അനുവദിക്കില്ലെന്നും പദ്ധതി നടപ്പാക്കാൻ ഒറ്റക്കെട്ടായി നിൽക്കണമെന്നും മേയർ ഡോ. ബീന ഫിലിപ്പിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന കോർപ്പറേഷൻ കൗൺസിൽ യോഗം ആവശ്യപ്പെട്ടു. അഡ്വ. സി.എം.ജംഷീറാണ് വിഷയത്തിൽ ശ്രദ്ധ ക്ഷണിച്ചത്. കല്ലുത്താൻ കടവിൽ ഫ്ലാറ്റ് പണിത് ചേരിയിലുള്ളവരെ മാറ്റി മാർക്കറ്റ് ഒരുക്കിയെങ്കിലും പാളയത്ത് മാർക്കറ്റ് തുടരുന്നതിനെപ്പറ്റിയായിരുന്നു ശ്രദ്ധ ക്ഷണിച്ചത്.
പദ്ധതി പൂർത്തിയാക്കിയിട്ടും മാർക്കറ്റ് മാറ്റുന്നതിൽ കാലതാമസം നേരിടുകയാണ്. പ്രതിപക്ഷവും ഭരണപക്ഷവും ഒറ്റക്കെട്ടായി എടുത്ത തീരുമാനമാണത്. 110 കോടിയോളം ചെലവിട്ട പദ്ധതിയെ ഇപ്പോൾ എതിർക്കുന്നത് നഗരവാസികളോടുള്ള വെല്ലുവിളിയാണ്. വികസന പദ്ധതികൾ തടയുകയെന്ന ഗൂഢാലോചനയാണ് ഇതിനുപിന്നിൽ. ജനങ്ങൾ കാത്തിരിക്കുന്നതാണ് മാർക്കറ്റ് മാറ്റണമെന്നതെന്നും കോർപ്പറേഷൻ ഏകകണ്ഠമായെടുത്ത തീരുമാനം എതിർക്കുന്നത് ജനങ്ങളോടുള്ള ചതിയാണെന്നും മേയർ പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സമഗ്ര അന്വേഷണവും അടിയന്തര നടപടികളും വേണമെന്നുമാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് കെ.സി.ശോഭിത കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് മേയർ അനുമതി നിഷേധിച്ചു. റിപ്പോർട്ടിൽ നടപടികൾ പുരോഗമിക്കുന്നുവെന്ന് കാണിച്ചാണ് അനുമതി നിഷേധിച്ചത്.
കോംട്രസ്റ്റ് പാർക്കിംഗ്:
കൗൺസിൽ യോഗത്തിൽ ബഹളം
മാനാഞ്ചിറ കോംട്രസ്റ്റ് സ്ഥലത്ത് അനധികൃതമായി സ്വകാര്യ വ്യക്തികൾ വാഹന പാർക്കിംഗിന് പണം പിരിക്കുന്നതുമായി ബന്ധപ്പെട്ട് കൗൺസിൽ യോഗത്തിൽ ബഹളം. ബി.ജെ.പി കൗൺസിലർ ടി.റനീഷാണ് ശ്രദ്ധ ക്ഷണിച്ചത്. കോംട്രസ്റ്റ് ഭൂമി സർക്കാർ ഏറ്റെടുക്കാൻ തീരുമാനിച്ചെങ്കിലും മൂന്ന് വ്യക്തികൾ തങ്ങൾക്ക് അവകാശമുണ്ടെന്ന് കാണിച്ച് കോടതിയെ സമീപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഒരു ഭാഗത്ത് പണംപിരിച്ച് പാർക്കിംഗ് നടത്തുന്നത് ശരിയല്ല. മുതിർന്ന സി.പി.എം നേതാവിന്റെ കമ്പനിയാണ് അനധികൃത പാർക്കിംഗ് നടത്തുന്നതെന്നും റനീഷ് ആരോപിച്ചു.
കോൺഗ്രസിലെ എസ്.കെ.അബൂബക്കറും ഇക്കാര്യത്തിൽ ശക്തമായ നിലപാടെടുത്തതോടെ ബഹളമുയർന്നു. എന്നാൽ കൗൺസിലർമാരുടെ നേതൃത്വത്തിൽ ധനകാര്യ സമിതി സ്ഥലം സന്ദർശിച്ച് എല്ലാരേഖകളും പരിശോധിച്ചശേഷമാണ് കൗൺസിൽ ഐകകണ്ഠ്യേന വണ്ടിത്താവളത്തിന് സ്ഥലമനുവദിച്ചതെന്നും അനുവദിച്ച സ്ഥലത്തിൽ നിന്ന് മാറ്റി ഉപയോഗിക്കുന്നതായി പരിശോധനയിൽ കണ്ടാൽ നടപടിയുണ്ടാവുമെന്നും ഡെപ്യൂട്ടിമേയർ സി.പി.മുസഫർ അഹമ്മദ് പറഞ്ഞു. ഭരണ പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ ഇക്കാര്യത്തിൽ ചർച്ചയും നടന്നു.
സൗത്ത് ബീച്ചിൽ പാർക്കിംഗ് സൗകര്യമൊരുക്കാനുള്ള നടപടികൾ ഊർജിതമാക്കുമെന്ന് മേയർ പറഞ്ഞു. ലോറി പാർക്കിംഗിന് സ്ഥലം നൽകാതെ കാറുകൾക്ക് മാത്രം പോർട്ട് അധികൃതർ സ്ഥലം അനുവദിച്ചതാണ് തടസമായത്. കെ.മൊയ്തീൻ കോയയാണ് ഇക്കാര്യത്തിൽ ശ്രദ്ധ ക്ഷണിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |