ഇരിക്കൂർ: മഴയും തണുപ്പുമാണ് . പാമ്പുകളെയും പേടിക്കണം. ഷൂവിനുള്ളിലും ഹെൽമറ്റിനുളളിലും വണ്ടിക്കുള്ളിലുമടക്കം പാമ്പുകളെ ശ്രദ്ധയിൽപെടുന്ന സംഭവങ്ങളാണ് ഓരോ ദിവസവും പുറത്തുവരുന്നത് . വാഹനങ്ങൾക്കിടയിലും പാദരക്ഷകളിലും ഒക്കെ കയറിയിരിക്കുന്ന പാമ്പുകളുടെ വീഡിയോ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറൽ ആകുന്ന കാലമാണ്.
തണുപ്പിൽ വീട്ടിനുള്ളിലെ ചൂടുള്ള സ്ഥലങ്ങൾ തേടി എത്തുന്നതാണ് ഈ സംഭവങ്ങളുടെയെല്ലാം അടിസ്ഥാനം.കരിയില കൂടിക്കിടക്കുന്നതും തടിക്കഷണം ഓല ഓട്, കല്ല് എന്നിവ അടുക്കി വച്ചിരിക്കുന്ന സ്ഥലങ്ങളും പാമ്പിന്റെ ഇഷ്ട കേന്ദ്രങ്ങളാണ്. ഇവിടങ്ങളിൽ കിടക്കുന്ന പാമ്പ് അധികമാരുടേയും ശ്രദ്ധയിൽപെടില്ലെന്നത് അപകടസാദ്ധ്യത വർദ്ധിപ്പിക്കും.വീട്ടിൽ കോഴിക്കൂടോ വളർത്തു മൃഗങ്ങളോ ഉള്ള ഇടങ്ങളിലും അധികശ്രദ്ധ വേണം. കോഴിക്കൂട്ടിൽ പാമ്പ് കയറുന്നത് ഒരു പുതിയ സംഭവമല്ല. എലി ശല്യം കൂടുതലുണ്ടെങ്കിലും പാമ്പിനെ പ്രതീക്ഷിക്കാം. പലപ്പോഴും വീട്, വിറകുപുര തുടങ്ങിയ ആൾ പെരുമാറ്റമുള്ള ഇടങ്ങൾ പാമ്പ് താവളമാക്കുന്ന സ്ഥിതിയുണ്ട്.
പരസഹായികളെയും കരുതിയിരിക്കണം;പാമ്പുപിടിത്തം സൗജന്യമാണ്
കേരളത്തിന്റെ എല്ലാ ജില്ലകളിലും വനംവകുപ്പ് അംഗീകൃത പാമ്പുപിടുത്തക്കാർ നിലവിലുണ്ട് . സേവനം പൂർണ്ണമായും സൗജന്യമാണ്.എന്നാൽ ചില അംഗീകൃത പാമ്പുപിടുത്തക്കാർ വീട്ടിനകത്ത് പാമ്പ് കയറിയ സാഹചര്യങ്ങൾ ചൂഷണം ചെയ്യുന്നുവെന്ന ആക്ഷേപം ഇതിനിടയിൽ ഉയരുന്നുണ്ട്. ഇവർ മൂർഖനെ പിടികൂടിയാൽ രണ്ടായിരം രൂപ വരെ ഈടാക്കുന്നുവെന്നാണ് പരാതി.
പെരുമ്പാമ്പിന് ആയിരം , അണലിക്ക് 1500 രൂപ, മറ്റുള്ള പാമ്പുകൾക്ക് അഞ്ഞൂറു തൊട്ട് ആയിരം വരെ എന്നിങ്ങനെയാണ് ഇവർ നിശ്ചയിച്ച റേറ്റ്.ഇത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പണം വാങ്ങുന്നത് ശിക്ഷാർഹമാണെന്ന് ഈ വർഷം ജൂണിൽ വനംവകുപ്പ് വിജ്ഞാപനം ഇറക്കിയിട്ടുണ്ട്. അനുസരിക്കാത്തവരുടെ ലൈസൻസ് റദ്ദാക്കുമെന്നും അറിയിപ്പുണ്ട്.
വനം വകുപ്പിന്റെ ലൈസൻസ് ഉള്ള ചില താൽക്കാലിക വാച്ചർമാർ കൃത്യസമയത്ത് വേതനം കിട്ടുന്നില്ലെന്ന കാരണത്താൽ കൊള്ളക്ക് കൂട്ടുനിൽക്കുന്നതായും ആക്ഷേപമുണ്ട്.ഇക്കാര്യത്തിൽ വനംവകുപ്പ് ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കിൽ വീട്ടിനകത്ത് കയറിയ പാമ്പിനെ തല്ലിക്കൊല്ലുന്ന സ്ഥിതിയുണ്ടാകുമെന്നാണ് പ്രകൃതിസ്നേഹികളുടെ പരിദേവനം.
സംരക്ഷിതപട്ടികയിലുണ്ട്,കൊല്ലരുത്
വന്യജീവി സംരക്ഷണ നിയമം 1972 പ്രകാരം കേരളത്തിൽ കാണുന്ന എല്ലാ പാമ്പുകളും സംരക്ഷിത പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളതാണ് . ഇവയെ കൊല്ലുന്നത് ശിക്ഷാർഹവുമാണ്. പല വ്യക്തികളും നേരിട്ടും സോഷ്യൽ മീഡിയയിലും പരാതിപ്പെട്ടിട്ടും വനംവകുപ്പ് നടപടികൾ എടുക്കാതെ ഈ പകൽ കൊള്ളക്ക് മൗനാനുവാദം നൽകുകയാണെന്നാണ് പരാതി.
വേണ്ടത് മുൻകരുതൽ
പാമ്പുകൾ ചുരുണ്ട് കൂടാൻ സാദ്ധ്യതയുള്ള സ്ഥലങ്ങളിൽ ശ്രദ്ധ വേണം.
പാമ്പുകൾ എത്താൻ സാദ്ധ്യതയുള്ള സ്ഥലങ്ങളിൽ ഷൂ അഴിച്ചിടാതിരിക്കുക.
ഷൂ ഇടേണ്ടത് നല്ലതുപോലെ പരിശോധിച്ച ശേഷം മാത്രം
വാഹനം സ്റ്റാർട്ട് ചെയ്യുന്നതിന് മുൻപ് പരിശോധിക്കണം.
ഹെൽമറ്റും പരിശോധിച്ച ശേഷം മാത്രം ഉപയോഗിക്കണം.
വളർത്തു മൃഗങ്ങളുടെ കൂടും പരിസരവും നിരീക്ഷിക്കണം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |