ധാക്ക: ബംഗ്ലാദേശിൽ ഷെയ്ഖ് ഹസീന അധികാരത്തിൽ നിന്ന് പുറത്താക്കപ്പെട്ടശേഷം ന്യൂനപക്ഷങ്ങളായ ഹിന്ദുക്കൾക്കുനേരെയുള്ള അതിക്രമങ്ങൾ വർദ്ധിക്കുന്നതായി റിപ്പോർട്ട്. അദ്ധ്യാപകർ ഉൾപ്പെടെയുളളവർക്ക് ജോലിയിൽ തുടരാൻ സാദ്ധ്യമല്ലാത്ത അവസ്ഥയാണ്. നിർബന്ധിച്ചും ബലപ്രയോഗത്തിലൂടെയും പലരെയും ജോലിയിൽ നിന്ന് രാജിവയ്പ്പിക്കുകയാണ്. ഇത്തരത്തിൽ നിരവധി സംഭവങ്ങളാണ് റിപ്പോർട്ടുചെയ്യുന്നത്. ന്യൂനപക്ഷങ്ങളുടെ എല്ലാ അവകാശങ്ങളും സംരക്ഷിക്കുമെന്നും അവർക്ക് ഒരു പ്രശ്നവും ഉണ്ടാവില്ലെന്നും ഇപ്പോഴത്തെ സർക്കാർ ആവർത്തിക്കുന്നതിനിടെയാണ് ഇത്തരം സംഭവങ്ങൾ പുറത്തുവരുന്നത്.
ഷെയ്ഖ് ഹസീന പുറത്തായതിനുശേഷം കുറഞ്ഞത് 50 ഹിന്ദു അദ്ധ്യാപകർക്കെങ്കിലും ജോലി രാജിവയ്‌ക്കേണ്ടിവന്നിട്ടുണ്ട്. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയും ആയുധങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തിയുമാണ് പലരിൽ നിന്നും രാജിക്കത്ത് എഴുതിവാങ്ങുന്നത്. ചിലരിൽ നിന്ന് വെള്ളപ്പേപ്പറിൽ ഒപ്പിട്ടുവാങ്ങിച്ചശേഷം രാജിവച്ചുവെന്ന് അതിൽ എഴുതിച്ചേർക്കുകയായിരുന്നു. ബാരിഷാലിലെ ബേക്കർഗഞ്ച് കോളേജ് പ്രിൻസിപ്പൽ ശുക്ള റാണി ഹാർദിനിൽ നിന്ന് വിദ്യാർത്ഥികളും സഹപ്രവർത്തരും പുറമെ നിന്നുള്ളവരും വളഞ്ഞുനിന്ന് ഭീഷണിപ്പെടുത്തിയാണ് രാജിക്കത്ത് എഴുതിവാങ്ങിയത്. അവരുടെ ഓഫീസ് അടിച്ചുതകർക്കുകയും ചെയ്തു. രണ്ടുദിവസം മുമ്പായിരുന്നു സംഭവം. ഭീഷണി മണിക്കൂറുകൾ നീണ്ടപ്പോൾ മറ്റൊരുവഴിയും ഇല്ലാതെ രാജിവയ്ക്കുന്നു എന്ന് എഴുതി ഒപ്പിട്ട് നൽകുകയായിരുന്നു.
കഴിഞ്ഞമാസം പതിനെട്ടിന് അസിംപൂരിൽ സർക്കാർ ഉടമസ്ഥതയിലുളള ഗേൾസ് സ്കൂളിലെ അമ്പതിലധികം വിദ്യാർത്ഥികൾ പ്രധാന അദ്ധ്യാപികയെ വളഞ്ഞ് ചില അദ്ധ്യാപകർ ഉൾപ്പടെയുള്ളവരുടെ രാജി ആവശ്യപ്പെട്ടിരുന്നു. മറ്റൊരു വഴിയും ഇല്ലാത്തതിനാൽ അവരെ അനുസരിക്കുകയേ വഴിയുണ്ടായിരുന്നുളളൂ എന്നാണ് പ്രധാന അദ്ധ്യാപിക പറയുന്നത്. സംഘം അവരെ അപമാനിക്കുകയും ചെയ്തുവത്രേ.
മുൻസർക്കാരിനെ അനുകൂലിച്ചു എന്നപേരിൽ മാദ്ധ്യമപ്രവർത്തകർ ഉൾപ്പടെയുള്ള നിരവധിപേർക്ക് ജീവൻ നഷ്ടമായിട്ടുണ്ട്. കൊടിയ പീഡനത്തിരയായാണ് കഴിഞ്ഞ സർക്കാരിലെ പല ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടത്. ചിലരെക്കുറിച്ച് ഇപ്പോഴും ഒരുവിവരവുമില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |