കൊച്ചി: സെമിനാറിൽ പങ്കെടുക്കാൻ കൊച്ചിയിലേയ്ക്ക് വരുന്നില്ലെന്ന് സംവിധായകൻ രഞ്ജിത്തിനെതിരെ പരാതി നൽകിയ ബംഗാളി നടി. കൊച്ചിയിൽ നടക്കുന്ന 'റിയൽ ജസ്റ്റിസ്' എന്ന സെമിനാറിൽ പങ്കെടുക്കാനായിരുന്നു നടി എത്തേണ്ടിയിരുന്നത്. ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് നടി ഇക്കാര്യം വ്യക്തമാക്കിയത്. എത്താൻ സാധിക്കാത്തതിൽ ക്ഷമ ചോദിക്കുന്നതായും നടി പറഞ്ഞു.
'മലയാളം സിനിമാ മേഖലയുമായി ബന്ധപ്പെട്ട് ഒരിക്കലും പുറത്തുവരില്ലെന്ന് കരുതിയ കാര്യം 15 വർഷത്തിനിപ്പുറം പുറത്തുവരികയും ഞാൻ മീടൂ മൂവ്‌മെന്റിന്റെ പ്രധാന ഭാഗമായി മാറുകയും ചെയ്തു. ഇതിനുപിന്നാലെ രാജ്യത്തെ മാദ്ധ്യമങ്ങൾ എനിക്ക് പിന്നാലെയായിരുന്നു. അവരോട് കാര്യങ്ങൾ വീണ്ടും വീണ്ടും വിശദീകരിച്ച് മടുത്തു. ബംഗാൾ സിനിമാമേഖലയിൽ ഞാൻ പേരുകൾ വെളിപ്പെടുത്തിയപ്പോൾ സംഭവിച്ചതുപോലെ തന്നെ വീണ്ടും സംഭവിച്ചു. അതിനാലാണ് എല്ലാത്തിൽ നിന്നും ഇടവേളയെടുത്ത് യാത്ര പോയത്.
ഞാൻ കാരണം റദ്ദാക്കിയ സെമിനാറിനായി കേരളത്തിൽ എത്താൻ സാധിക്കാതിരുന്നതിൽ ക്ഷമ ചോദിക്കുന്നു. എനിക്കൊരു ഇടവേള ആവശ്യമായിരുന്നു. എന്നിരുന്നാലും ഒരിക്കലും സ്ത്രീവിരുദ്ധ സമൂഹത്തിനും സിനിമാ വ്യവസായത്തിനും മുന്നിൽ തലകുനിച്ചിട്ടില്ല. ജോഷി ജോസഫ് നൽകിയ അവസരം നിരസിച്ചതിൽ ക്ഷമ ചോദിക്കുന്നു. മറ്റൊരവസരത്തിൽ കേരളത്തിൽ വരാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു'- നടി പോസ്റ്റിൽ വ്യക്തമാക്കി. നടി കുറിപ്പിനൊപ്പം പങ്കുവച്ച പോസ്റ്റർ പ്രകാരം സംവിധായകൻ ജോഷി ജോസഫ്, തുഷാർ ഗാന്ധി, മാദ്ധ്യമപ്രവർത്തകയായ ധന്യാ രാജേന്ദ്രൻ എന്നിവരായിരുന്നു സെമിനാറിലെ മറ്റ് അതിഥികൾ.
രഞ്ജിത്തിനെതിരായ പരാതിയിൽ നടി കൊച്ചിയിലെത്തുമ്പോൾ രഹസ്യമൊഴി രേഖപ്പെടുത്താനായിരുന്നു പൊലീസിന്റെ നീക്കം. കൊച്ചിയിലെത്തില്ലെന്ന് നടി വ്യക്തമാക്കിയതിനാൽ മറ്റ് മാർഗങ്ങൾ തേടേണ്ട സാഹചര്യമാണ് പൊലീസിന് മുന്നിലുള്ളത്. 2009ൽ 'പാലേരിമാണിക്യം' സിനിമയുടെ ഒഡീഷനിടെ രഞ്ജിത്തിൽ നിന്ന് ദുരനുഭവം നേരിട്ടെന്നാണ് സി.പി.എം ആക്‌ടിവിസ്റ്റ് കൂടിയായ നടി പരാതി നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |