മലയാള സിനിമയിൽ പവർ ഗ്രൂപ്പുണ്ടെന്ന ഹേമ കമ്മിഷൻ റിപ്പോർട്ടിലെ പരാമർശത്തിൽ പ്രതികരിച്ച് നടി പൊന്നമ്മ ബാബു. മലയാള സിനിമയിൽ അങ്ങനെ ഒന്നില്ലെന്നും ഞങ്ങളുടെ ഇടയിൽ ഒരു പവർ ഗ്രൂപ്പില്ലെന്നും പൊന്നമ്മ ബാബു കൗമുദി മൂവിസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു. ഇനി അങ്ങനെ ഒരു പവർ ഗ്രൂപ്പുണ്ടെങ്കിൽ അത് ഞങ്ങളുടെ ലാലേട്ടനും മമ്മൂക്കയുമാണെന്നും പൊന്നമ്മ ബാബു ചിരിച്ചുകൊണ്ട് പറഞ്ഞു. കൂടാതെ ഹേമ കമ്മിഷൻ റിപ്പോർട്ടിനെക്കുറിച്ചും ഡബ്ല്യൂസിസിയുടെ പ്രവർത്തനത്തെക്കുറിച്ചും പൊന്നമ്മ ചില കാര്യങ്ങൾ തുറന്നുപറഞ്ഞു.
പൊന്നമ്മ ബാബുവിന്റെ വാക്കുകളിലേക്ക്..
'ഹേമ കമ്മിഷൻ റിപ്പോർട്ട് തയ്യാറാക്കുമ്പോൾ അമ്മയിലെ ഒരംഗത്തെപ്പോലും വിളിച്ചിട്ടില്ല. ഞങ്ങൾ ആരെയും വിളിച്ചിട്ടില്ല. ജൂനിയർ ആർട്ടിസ്റ്റുകൾ മാത്രമാണ് ഹേമ കമ്മിഷന് മുന്നിൽ പോയിട്ടുള്ളത്. ജൂനിയർ ആർട്ടിസ്റ്റുകളും പെണ്ണുങ്ങളാണ്. അവരും പീഡിപ്പിക്കപ്പെടാൻ പാടില്ല. അവരും സ്ത്രീകളാണ്. അങ്ങനെ ചെയ്യാൻ പാടില്ല. തെറ്റ് ചെയ്തവരെ ഞാൻ പിന്തുണയ്ക്കില്ല. ഞാൻ പ്രതികരിക്കുന്ന ആളാണെന്ന് അവർക്ക് അറിയാം. നമ്മൾ അതിജീവിതയോടൊപ്പം തന്നെയാണ്.
എന്നാൽ അമ്മയിൽ 222 സ്ത്രീകളുണ്ട്. ഞങ്ങൾ ആരെയും ഒരു കമ്മിഷനും വിളിച്ചിട്ടില്ല. ഞങ്ങളുടെ ഒരു അഭിപ്രായവും ആരും എടുത്തിട്ടില്ല. ഇനി ഞാൻ അറിയാതെ ആരെയും വിളിച്ചോ എന്ന കാര്യവും അറിയില്ല. എന്റെ അറിവിൽ അമ്മയിലെ ആരെയും വിളിച്ചിട്ടില്ല. അല്ലാതെയുള്ള ആൾക്കാരാണ് പോയിട്ടുള്ളത്. ഞങ്ങളുടെ സഹോദരങ്ങളാണ് ഡബ്ല്യുസിസിയിൽ ഉള്ളത്. അവർ ഡബ്ല്യുസിസി ആരംഭിച്ചപ്പോൾ ഞങ്ങളെ വിളിച്ചിട്ടില്ല. ഈ സംഘടന തുടങ്ങുന്ന സമയത്ത് മമ്മൂക്കയാണ് പറഞ്ഞത്, ഇങ്ങനെ ഒരു സംഘടന തുടങ്ങുകയാണ്. നിങ്ങൾക്ക് എന്തെങ്കിലും പറയാനുണ്ടെങ്കിൽ പറയണം. അന്ന് അതിനെ പിന്തുണച്ച ആളാണ് മമ്മൂക്ക.
അവർ സംഘടന രൂപീകരിച്ചപ്പോൾ ഞങ്ങളെപ്പോലുള്ള ആൾക്കാരെയും അതിൽ ചേർക്കണ്ടേ?. ഞങ്ങളടക്കമുള്ള സ്ത്രീകൾക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടാകുമ്പോൾ അമ്മയിലെ അംഗങ്ങളാണ് ഞങ്ങളെ സഹായിച്ചിട്ടുള്ളത്. ഇവർ പുറത്തുപോയി ഒരു സംഘടന രൂപീകരിച്ചിട്ട് ഒരു പെണ്ണിന്റെ കണ്ണീർ ഒപ്പിയോ. ഇവർ ഒരു കാര്യത്തിനും മുൻകൈയെടുത്തിട്ടില്ല, സെറ്റിൽ പീഡിപ്പിച്ചു എന്ന കാര്യങ്ങളാണ് അവർ എടുത്തിരിക്കുന്നത്. ആ ഒരു സംഭവം മാത്രമാണ് ഇവർ ഇപ്പോൾ ക്രിയേറ്റ് ചെയ്തിരിക്കുന്നേ. മറ്റൊരു കാര്യത്തിനും അവരെ കണ്ടിട്ടില്ല'- പൊന്നമ്മ ബാബു പറഞ്ഞു.
സിനിമയിൽ പവർ ഗ്രൂപ്പുണ്ടോ എന്ന ചോദ്യത്തിനും അവർ മറുപടി നൽകി.' ഞങ്ങൾക്കിടെയിൽ ഒരു പവർഗ്രൂപ്പുമില്ല. ഇനി ഉണ്ടെങ്കിൽ തന്നെ ഞങ്ങളുടെ ലാലേട്ടനും മമ്മൂക്കയും ആണ്. മമ്മൂക്കയും ലാലേട്ടനും അടങ്ങുന്ന ഞങ്ങളുടെ അമ്മയാണ് ഞങ്ങളുടെ പവർ ഗ്രൂപ്പ്. അല്ലാതെ ഇതൊക്കെ ചുമ്മാ പറയുന്നതാണ്. ഞങ്ങളുടെ ഒരു പവർ എന്ന് പറയുന്നത് ലാലേട്ടനും മമ്മൂക്കയുമാണ്'- പൊന്നമ്മ ബാബു പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |