ബംഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നതിനായി മാസം 54 ലക്ഷം രൂപയോളം ചെലവഴിക്കുന്നതായി വിവരം. സിദ്ധരാമയ്യയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പോസ്റ്റിടുന്നതിനും നിയന്ത്രിക്കുന്നതിനുമായി 35 അംഗങ്ങളുടെ ഒരു ടീം പ്രവർത്തിക്കുന്നുവെന്നാണ് വിവരാവകാശത്തിന് ലഭിച്ച മറുപടിയിൽ പറയുന്നത്. ഇന്ത്യാ ടുഡേയാണ് വിവരം പുറത്തുവിട്ടത്.
18 ശതമാനം ജിഎസ്‌ടി ഉൾപ്പെടെ 53.9 ലക്ഷം രൂപയാണ് 'ദി പോളിസി ഫ്രണ്ട്' എന്ന പേരിലുള്ള അക്കൗണ്ടിലേക്ക് പ്രതിമാസം നിക്ഷേപിക്കുന്നത്. ഇതിനായി 2023 ഒക്‌ടോബർ മുതൽ 2024 മാർച്ച് വരെ ഏകദേശം 3.18 കോടി രൂപയാണ് സർക്കാരിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമായ കർണാടക സ്റ്റേറ്റ് മാർക്കറ്റിംഗ് കമ്മ്യൂണിക്കേഷൻ ആൻഡ് അഡ്വർടൈസിംഗ് ലിമിറ്റഡ് (എംസിഎ) ചെലവാക്കിയതെന്നും വിവരാവകാശത്തിൽ വെളിപ്പെടുത്തിയിട്ടുണ്ട്.
സിദ്ധരാമയ്യും ഭാര്യയും ഉൾപ്പെട്ട മൈസൂരു അർബൻ ഡെവലപ്‌മെന്റ് അതോറിറ്റി സൈറ്റ് അലോട്ട്‌മെന്റ് അഴിമതിക്ക് പിന്നാലെയാണ് ഇപ്പോൾ പുതിയ വിവരങ്ങൾ പുറത്തുവന്നിരിക്കുന്നത്. സിദ്ധരാമയ്യയ്‌ക്കതിരെ അന്വേഷണം നടത്തുന്നതിന് കർണാടക ഗവർണർ തവർചന്ദ് ഗെലോട്ട് അനുമതി നൽകിയിട്ടുണ്ട്.
സിദ്ധരാമയ്യയുടെ ഭാര്യ പാർവതിയുടെ ഉടമസ്ഥതയിൽ കേസരുവിലുള്ള 3.16 ഏക്കർ ഭൂമിയാണ് വിവാദത്തിന് കാരണം. ഈ സ്ഥലം വികസനത്തിന്റെ പേരിൽ സർക്കാർ ഏറ്റെടുത്തു. പകരം നഷ്‌ടപരിഹാരമായി 2022ൽ വിജയനഗറിൽ സ്ഥലം അനുവദിച്ചു. പാർവതി നൽകിയ സ്ഥലത്തെക്കാൾ വളരെയേറെ വിലയേറിയ ഭൂമിയാണ് പകരം നൽകിയതെന്നതാണ് വിവാദത്തിന് കാരണം.
എന്നാൽ, ഈ കാര്യങ്ങളെല്ലാം സിദ്ധരാമയ്യ നിരസിച്ചു. തന്റെ സർക്കാരിനെ താഴെയിറക്കാനുള്ള ബിജെപി ശ്രമമാണിതെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. സംഭവത്തിൽ അന്വേഷണം നടത്തണമെന്നും സിദ്ധരാമയ്യ രാജി വയ്‌ക്കണമെന്നും ബിജെപിയും ആവശ്യപ്പെട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |