ലോകത്തെ ഏറ്റവും മികച്ച 50 ചിക്കൻ വിഭവങ്ങളുടെ പട്ടിക പ്രശസ്‌തമായ ഫുഡ് ട്രാവൽ ഓൺലൈൻ ഗൈഡായ ടേസ്റ്റ് അറ്റ്ലസ് പുറത്തുവിട്ടതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ആശയകുഴപ്പം. ഇന്ത്യയിൽ നിന്ന് തന്തൂരി ചിക്കൻ, ബട്ടർ ചിക്കൻ, ടിക്ക, ചിക്കൻ 65 എന്നിവ ഇടംനേടി. എന്നാൽ ജനപ്രിയ വിഭവമായ 'ചിക്കൻ ടിക്ക മസാല " യു.കെയുടെ വിഭവം എന്ന് പട്ടികയിൽ രേഖപ്പെടുത്തിയതാണ് ആശയകുഴപ്പത്തിന് കാരണം.
ചിക്കൻ ടിക്ക മസാല ബ്രിട്ടീഷ് വിഭവമല്ലെന്നും ഇന്ത്യനാണെന്നും കാട്ടി ചിലർ രംഗത്തെത്തി. വിഭവം ഉടലെടുത്തത് യു.കെയിലാണെങ്കിലും കിഴക്കേ ഏഷ്യൻ വംശജരാണ് അത് സ്രഷ്ടിച്ചതെന്ന് മറ്റൊരു വിഭാഗവും വാദിച്ചു. എന്നാൽ, യു.കെയിലെ ഗ്ലാസ്ഗോ ആസ്ഥാനമായി പ്രവർത്തിച്ച അലി അഹ്‌മ്മദ് അസ്‌ലം എന്ന ഷെഫാണ് ചിക്കൻ ടിക്ക മസാലയുടെ സ്രഷ്ടാവായി അറിയപ്പെടുന്നത്.
ചിക്കൻ ടിക്ക ഉണങ്ങിപ്പോയെന്നും ഇതിനൊപ്പം എരിവില്ലാത്ത സോസ് കൂടിയുണ്ടായാൽ നന്നാകുമായിരുന്നെന്നും ഒരു കസ്റ്റമർ പരാതിപ്പെട്ടതോടെ 1970കളിലാണ് ഇദ്ദേഹം ചിക്കൻ ടിക്ക മസാലയ്ക്ക് രൂപം നൽകിയതെന്ന് പറയപ്പെടുന്നു. യോഗർട്ട്, ക്രീം, മസാലകൾ തുടങ്ങിയവ അടങ്ങിയ സോസ് കൂടി അദ്ദേഹം ചിക്കൻ ടിക്കയിലേക്ക് ചേർത്തതോടെ വിഭവം വൻ ഹിറ്റായി.
പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ ജനിച്ച അസ്‌ലം കുട്ടിയായിരിക്കെ കുടുംബത്തോടൊപ്പം സ്കോട്ട്ലൻഡിലെ ഗ്ലാസ്ഗോയിലേക്ക് കുടിയേറുകയായിരുന്നു. എന്നാൽ, ചിക്കൻ ടിക്ക മസാലയുടെ യഥാർത്ഥ സ്രഷ്ടാവെന്ന പദവി യു.കെയിലെ മറ്റ് ചില റസ്റ്റോറന്റുകളും അവകാശപ്പെടുന്നുണ്ട്. ബ്രിട്ടീഷ് രുചിയുമായി ഇണങ്ങുന്ന ഇന്ത്യൻ ബട്ടർ ചിക്കന്റെയും ചിക്കൻ ടിക്കയുടെയും വകഭേദമാണ് ചിക്കൻ ടിക്ക മസാലയെന്നും വാദമുണ്ട്. ഏതായാലും യു.കെയുടെ ഏറ്റവും പ്രിയപ്പെട്ട വിഭവങ്ങളിലൊന്നാണ് ചിക്കൻ ടിക്ക മസാല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |