കൽപ്പറ്റ:എ.ഡി.ജി.പി എം.ആർ.അജിത്കുമാർ വയനാട്ടിലെ ദുരന്തഭൂമിയിലും സർക്കാരിനെതിരെ ജനങ്ങളെ തിരിക്കാൻ ശ്രമിച്ചെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി ഇ.ജെ.ബാബു.
ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടലിൽ രാഷ്ട്രീയം മറന്ന് യുവജന സംഘടനകളടക്കം രക്ഷാ പ്രവർത്തനത്തിനിറങ്ങി. ഒരു രാഷ്ട്രീയവും ഇല്ലാത്തവരും ഒന്നിച്ചു. പ്രതിപക്ഷത്തിന് പോലും പരാതിയില്ലാത്ത രക്ഷാ പ്രവർത്തനം. ഇവർക്ക് സന്നദ്ധ സംഘടനകളാണ് ഭക്ഷണം ഒരുക്കിയത്.
റവന്യൂ മന്ത്രി കെ.രാജന്റെ നേതൃത്വത്തിൽ നാല് മന്ത്രിമാർ ദുരന്തഭൂമിയിലെത്തി. ഒരു ദിവസം റവന്യൂ മന്ത്രി കെ.രാജന് ദുരന്ത ഭൂമിയിൽ നിന്ന് വിട്ടുനിൽക്കേണ്ടി വന്നു. ഈ സമയത്താണ് ജനങ്ങളെ സർക്കാരിനെതിരെ തിരിക്കാൻ എ.ഡി.ജി.പി എം. ആർ.അജിത്കുമാർ ശ്രമിച്ചത്. രക്ഷാ പ്രവർത്തകർക്ക് ഭക്ഷണം നൽകേണ്ടെന്ന് എ.ഡി.ജി.പി തീരുമാനിച്ചു. ഇത് ഏറെ ബഹളത്തിന് ഇടയാക്കി. ജനങ്ങൾ സർക്കാരിനെതിരെ തിരിയുന്ന അവസ്ഥയുണ്ടായി. അടുത്ത ദിവസം റവന്യൂ മന്ത്രി എത്തിയപ്പോൾ സി.പി.എം ജില്ലാ സെക്രട്ടറിയടക്കം ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തി. അദ്ദേഹം ഇടപെട്ടാണ് തീരുമാനം മാറ്റിയത്. മനഃപൂർവം പ്രശ്നങ്ങളുണ്ടാക്കി ജനങ്ങളെ സർക്കാരിനെതിരെ തിരിക്കാനുളള ശ്രമമാണെന്ന് അന്നേ തങ്ങൾ സംശയിച്ചെന്നും ഇ.ജെ.ബാബു പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |