ലോകത്തിലെ ഏറ്റവും പ്രായം കൂടിയ നായയെക്കുറിച്ചും പൂച്ചയെക്കുറിച്ചുമെല്ലാം അടുത്തിടെ വാർത്തകൾ വന്നിരുന്നു. എന്നാൽ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മുതലയെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? ദക്ഷിണാഫ്രിക്കയിലുള്ള മുതലയാണ് ആ പട്ടം സ്വന്തമാക്കിയിരിക്കുന്നത്. 123 വയസുള്ള ഈ മുതലയ്ക്ക് 700 കിലോ ഗ്രാം ഭാരവും 16അടി നീളവുമുണ്ട്.
'ഹെൻറി' എന്ന് അറിയപ്പെടുന്ന ഈ മുതലയ്ക്ക് ആറ് ഭാര്യമാരും പതിനായിരത്തിലധികം കുഞ്ഞുങ്ങളും ഉണ്ടെന്നാണ് ഇതിനെ സംരക്ഷിക്കുന്ന മൃഗശാലയിലെ അധികൃതർ പറയുന്നത്. 1900 ഡിസംബർ 16നാണ് ഈ മുതല ജനിച്ചത്. ബോട്സ്വാനയിലെ മനുഷ്യകുട്ടികളെ മുതല ഇരയാക്കിയതോടെ ഹെൻറിയെ അവസാനിപ്പക്കാൻ അവിടുത്തെ ഗോത്രവർഗക്കാർ സർ ഹെൻറി ന്യൂമാൻ എന്ന ഒരു വേട്ടാക്കാരന്റെ സഹായം തേടി. അദ്ദേഹത്തിന്റെ പേരിൽ നിന്നാണ് മുതലയ്ക്ക് ഹെൻറി എന്ന പേര് ലഭിച്ചത്. മുതലയെ കൊല്ലുന്നതിന് പകരം വേട്ടക്കാരൻ മുതലയെ പിടികൂടി വളർത്താൻ തുടങ്ങി.
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ദക്ഷിണാഫ്രിക്കയിലെ സ്‌കോട്ട്ബർഗിലുള്ള ക്രോക് വേൾഡ് സംരക്ഷണ കേന്ദ്രത്തിലാണ് ഹെൻറി ഉള്ളത്. ഇവിടെയെത്തുന്നവരെ തന്റെ പ്രായം കൊണ്ടും വലിപ്പം കൊണ്ടും മുതല വിസ്മയിപ്പിക്കുന്നു. നരഭോജിയായിരുന്നതിനാൽ അടുത്തേക്ക് പോകാൻ ആർക്കും അനുവാദമില്ല. അവിടെയുള്ളതിൽ ഏറ്റവും പ്രായം കൂടിയ മുതലയാണ് ഹെൻറി. സബ് സഹാറൻ ആഫ്രിക്കയിൽ കണ്ടുവരുന്ന നെെൽ മുതലയുടെ വംശത്തിൽപെട്ടതാണ് ഹെൻറി. ഇവ മറ്റ് മുതലകളെക്കാളും അക്രമകാരികളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |