ചെന്നെെ: നടൻ വിജയ് നയിക്കുന്ന തമിഴക വെട്രി കഴകത്തിന്റെ (ടി വി കെ) ആദ്യ പൊതുസമ്മേളനം സെപ്‌തംബർ 23ന് വില്ലുപുരം ജില്ലയിൽ നടക്കും. ഡിഎംകെ, എഐഎഡിഎംകെ, ബിജെപി, കോൺഗ്രസ്, തുടങ്ങിയ പ്രമുഖ പാർട്ടികളിൽ നിന്ന് മുതിർന്ന നേതാക്കളും സിനിമാ മേഖലയിലെ പ്രമുഖരും സമ്മേളനത്തിൽ പങ്കെടുത്തേക്കുമെന്നാണ് വിവരം.
വിജയ്‌യുടെ അടുത്ത സുഹൃത്തും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധിയും സമ്മേളനത്തിനെത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. രാഹുൽ ഗാന്ധിയെ വിജയ് സമ്മേളനത്തിന് ക്ഷണിച്ചതായും റിപ്പോർട്ടുണ്ട്. അങ്ങനെയാണെങ്കിൽ 10 വർഷത്തിനിടെ ആദ്യമായിട്ടാണ് ഇരുവരും ഒരുമിച്ച് ഒരു പൊതുവേദി പങ്കിടാൻ പോകുന്നത്. പരിപാടിയിൽ രാഹുൽ ഗാന്ധിയുടെ പങ്കാളിത്തം ഉറപ്പാക്കാൻ വിജയ് വിപുലമായ ശ്രമങ്ങൾ നടത്തുന്നുണ്ടെന്നാണ് അടുത്ത വൃത്തങ്ങൾ പറയുന്നത്.
നേരത്തെ നടൻ കമൽഹാസന്റെ നേതൃത്വത്തിൽ 'മക്കൾ നീതി മയ്യം' പാർട്ടിയുടെ രൂപീകരണസമയത്ത് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ പങ്കെടുത്തിരുന്നു. അതിനാൽ വിജയ്‌യുമായി അടുത്ത ബന്ധമുള്ള മുഖ്യമന്ത്രിമാരെ സമ്മേളനത്തിൽ എത്തിക്കാൻ ടി വി കെ അംഗങ്ങൾ ശ്രമിക്കുന്നുണ്ട്.
രാഹുൽ മാത്രമല്ല കേരള മുഖ്യമന്ത്രി പിണറായി വിജയനെയും സമ്മേളനത്തിലേക്ക് ക്ഷണിക്കുമെന്നാണ് വിവരം. ആന്ധ്ര മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു, തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡി, കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ എന്നിവരെയും ക്ഷണിച്ചേക്കും.
രാഹുൽ ഗാന്ധിയുടെ ഉപദേശപ്രകാരമാണ് വിജയ് രാഷ്ട്രീയപ്പാർട്ടി രൂപവത്കരിച്ചതെന്ന് മുൻപ് ആരോപണങ്ങൾ ഉയർന്നിരുന്നു. രാഹുലുമായി അടുത്ത സൗഹൃദം ഉണ്ടായിരുന്ന വിജയ് 2009ൽ കോൺഗ്രസിൽച്ചേരാൻ ഒരുങ്ങിയതാണ്. എന്നാൽ പിന്നീട് ഇത് ഉപേക്ഷിച്ചതായും വാർത്തകൾ വന്നിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |