ന്യൂഡൽഹി: ഒരു പ്രായം കഴിഞ്ഞാൽ കണ്ണടയില്ലാതെ വായിക്കാനും എഴുതാനും വലിയ ബുദ്ധിമുട്ടാണ്. ജനങ്ങളുടെ ഈ ബുദ്ധിമുട്ട് മനസിലാക്കി കണ്ണടങ്ങളെ ഒഴിവാക്കാൻ ഒരു കമ്പനി ശ്രമിക്കുന്നുണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? എന്നാൽ അത് സത്യമാണ്.
വർഷങ്ങളുടെ പരീക്ഷണങ്ങൾക്ക് ശേഷം ഇന്ത്യയിൽ പ്രവർത്തിക്കുന്ന ഒരു കമ്പനി ഐ ഡ്രോപ്പ് കണ്ടെത്തിയിട്ടുണ്ട്. ഇവ കണ്ണിൽ ഒഴിച്ചാൽ റീഡിംഗ് ഗ്ലാസിന്റെ ആവശ്യം തന്നെ വരുന്നില്ല. മുംബയ് ആസ്ഥാനമായി പ്രവർത്തിക്കുന്ന എന്റോഡ് ഫാർമസ്യൂട്ടിക്കൽസ് 'പെെലോകാർപെെൻ' ഉപയോഗിച്ച് നിർമ്മിച്ച 'പ്രെസ്‌വു' എന്ന ഐ ഡ്രോപ്പാണിത്. ഇതിന് സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ അനുമതി നൽകിയിട്ടുണ്ട്.
പ്രായം കൂടുന്നത് മൂലം കണ്ണിന് ഉണ്ടാകുന്ന രോഗമാണ് പ്രെസ്ബയോപിയ. അടുത്തുള്ള വസ്തുക്കളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കണ്ണിനുള്ള കഴിവിന് വീക്കം സംഭവിക്കുന്നതാണ് അവസ്ഥ. പ്രായവുമായി ബന്ധപ്പെട്ട ഈ അസുഖം സാധാരണയായി 40കളുടെ മദ്ധ്യത്തിലാണ് കണ്ടുവരുന്നത്. 60കളുടെ അവസാനത്തിൽ കൂടുതൽ വഷളാവുകയും ചെയ്യുന്നു. ഈ രോഗത്തെ ചികിത്സിക്കാൻ ഉപയോഗിക്കുന്ന മരുന്നാണ് പ്രെസ്‌വു.
'പ്രെസ്‌വു' ഒരു തുള്ളി കണ്ണിൽ ഒഴിച്ചാൽ 15 മിനിട്ടിനുള്ളിൽ പ്രവർത്തിക്കാൻ തുടങ്ങും. ഇതിന്റെ ഫലം അടുത്ത ആറ് മണിക്കൂർ വരെ തുടരും. ആദ്യ തുള്ളി ഒഴിച്ച് മൂന്ന് മുതൽ ആറ് മണിക്കൂറിനുള്ളിൽ രണ്ടാമത്തെ തുള്ളിയും ഒഴിച്ചാൽ ഇതിന്റെ ഗുണം കൂടുതൽ നേരം നീണ്ടുനിൽക്കുമെന്ന് എന്റോഡ് ഫാർമസ്യൂട്ടിക്കൽസിന്റെ സിഇഒ നിഖിൽ കെ മസുർക്കർ പറഞ്ഞു.
ഒക്ടോബർ ആദ്യവാരം മുതൽ 350 രൂപയ്ക്ക് ഫാർമസികളിൽ ഈ മരുന്ന് ലഭ്യമാകും. 40 മുതൽ 55 വയസുവരെയുള്ള ആളുകൾക്ക് മിതമായതും ഇടത്തരവുമായ പ്രെസ്ബയോപിയയുടെ ചികിത്സ ലക്ഷ്യമിട്ടാണ് മരുന്ന് വിപണിയിൽ എത്തിക്കുന്നത്. ഇന്ത്യയിൽ ഈ മരുന്ന് പരീക്ഷിച്ചെന്നും ഇന്ത്യയിലെ ജനങ്ങൾക്ക് ഇത് അനുയോജ്യമാണെന്നും നിഖിൽ വ്യക്തമാക്കി.
'വിദേശ രാജ്യങ്ങളിൽ ഇത്തരം മരുന്നുകൾ ലഭ്യമാണ്. എന്നാൽ അവരുടെ കണ്ണിന്റെ ഘടനയിൽ മാറ്റമുണ്ട്. അത് ചിലപ്പോൾ ഇന്ത്യയിലെ ജനങ്ങൾ ഫലപ്രദമാകണമെന്നില്ല. അവിടെ മരുന്നിൽ നിരവധി മാറ്റങ്ങൾ വരുത്തിയാണ് പ്രെസ്‌വു തയ്യാറാക്കിയത്'.- അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ഡോക്ടർമാരുടെ കുറിപ്പടിയുമായി വരുന്നവർക്ക് മാത്രമേ 'പ്രെസ്‌വു' ഐ ഡ്രോപ്പ് വില്പന നടത്തുകയുള്ളൂ. മരുന്നിന്റെ ഉപയോഗത്തെക്കുറിച്ച് ജനങ്ങളിൽ ബോധവൽക്കരണം നടത്താൻ കമ്പനി പ്രവർത്തനം ആരംഭിച്ചു.ഇന്ത്യയിൽ ആദ്യമായാണ് ഇത്തരം ഒരു മരുന്ന് കണ്ടെത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |