ന്യൂഡൽഹി: വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല ദുരിതബാധിതർക്ക് ദുരിതാശ്വാസ-പുനരധിവാസ ഫണ്ടിലേക്ക് തന്റെ ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്‌ത് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. 2.30 ലക്ഷം രൂപയാണ് കോൺഗ്രസിന്റെ വയനാട് പുനരധിവാസ ഫണ്ടിലേക്ക് രാഹുൽ ഗാന്ധി സംഭാവന ചെയ്‌തത്.
വയനാട്ടിലെ നമ്മുടെ സഹോദരന്മാരും സഹോദരിമാരും വിനാശകരമായ ഒരു ദുരന്തത്തെ അനുഭവിച്ചിരിക്കുകയാണ്. സങ്കൽപ്പിക്കാൻ കഴിയാത്ത നഷ്‌ടത്തിൽ നിന്നും അവരെ മോചിതരാക്കാൻ നമ്മുടെ പിന്തുണ ആവശ്യമാണ്. എന്റെ ഒരുമാസത്തെ മുഴുവൻ ശമ്പളവും ഞാൻ ദുരന്തബാധിതരുടെ സഹായത്തിനും പുനഃരധിവാസത്തിനും സംഭാവന ചെയ്‌തു. എല്ലാ ഇന്ത്യക്കാരും തങ്ങളാൽ ആവുംവിധം സംഭാവന നൽകാൻ ഞാൻ അഭ്യർത്ഥിക്കുകയാണ്. ഓരോ ചെറിയ സഹായവും മാറ്റങ്ങളുണ്ടാക്കും. ജനങ്ങൾക്ക് നഷ്‌ടമായ ജീവിതം പുനർനിർമ്മിക്കാൻ നമുക്ക് ഒരുമിച്ച് സഹായിക്കാം. രാഹുൽ സമൂഹമാദ്ധ്യമങ്ങളിൽ കുറിച്ചു. രാഹുൽ ഗാന്ധി തന്റെ ശമ്പളം നൽകിയ വിവരം കെപിസിസി പ്രസിഡന്റ് കെ.സുധാകരനും സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചു.
ഉരുൾപൊട്ടലിന്റെ നടുക്കുന്ന ഓർമ്മകളിൽ നിന്ന് അതിജീവിച്ച മുണ്ടക്കൈ, ചൂരൽമല മേഖലകളിൽ നിന്നുള്ള 607 കുട്ടികൾ വീണ്ടും സ്‌കൂളിലെത്തിയത് കഴിഞ്ഞദിവസമാണ്. ദുരന്തത്തിൽ തകർന്ന വെള്ളാർമല ജി.വി.എച്ച്.എസ് (546 കുട്ടികൾ) മേപ്പാടി ഗവ. ഹയർസെക്കൻഡറി സ്‌കൂളിലും മുണ്ടക്കൈ ജി.എൽ.പി.എസ് (61 കുട്ടികൾ) മേപ്പാടി കമ്മ്യൂണിറ്റി ഹാളിലുമാണ് പ്രവർത്തിക്കുന്നത്. പുനഃപ്രവേശനോത്സവം മേപ്പാടി സ്‌കൂളിൽ മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. വർണബലൂണുകളും കളിപ്പാട്ടങ്ങളും പാഠപുസ്തകങ്ങളും പഠനക്കിറ്റുകളും നൽകി വിദ്യാർത്ഥികളെ വരവേറ്റു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |