20,800 രൂപ വീതം കുടിശിക
കൊച്ചി: കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായവർക്ക് പ്രതിമാസം നൽകുന്ന 1,600 രൂപ പെൻഷൻ മുടങ്ങിയിട്ട് 13 മാസം. ഓണമടുത്തിട്ടും വിതരണം ചെയ്യാൻ നടപടിയായില്ല. കുടിശികയിൽ അല്പമെങ്കിലും ലഭിച്ചാൽ ഓണക്കാലത്ത് ആശ്വാസമാകുമെന്ന് പ്രതീക്ഷിച്ചിരുന്നവർ നിരാശയിലാണ്.
ബോർഡിൽ അംഗങ്ങളായ 20,23,402 പേരിൽ 3,24,580 പേർക്കാണ് പെൻഷൻ ലഭിക്കേണ്ടത്. അംഗങ്ങൾക്ക് 60 വയസാകുമ്പോഴാണ് പെൻഷന് അർഹത. 13 മാസത്തെ കുടിശികയായി ഓരോരുത്തവർക്കും 20,800 രൂപയാണ് ലഭിക്കേണ്ടത്. ഇതിനൊപ്പം അംഗങ്ങൾക്കുള്ള വിവാഹ ധനസഹായം, പ്രസവാനുകൂല്യം, മരണാനന്തര, അപകടമരണ ധനസഹായം, വിദ്യാഭ്യാസ ധനസഹായം, കിടപ്പു രോഗികൾക്കുള്ള ചികിത്സാ ധനസഹായം ഉൾപ്പെടെ കുടിശികയാണ്.
എറണാകുളം കാക്കനാട് സ്വദേശി രാജു വാഴക്കാലയ്ക്ക് ലഭിച്ച വിവരാവകാശ മറുപടിയിലാണ് ഈ വിവരങ്ങൾ. ഓണക്കാലത്ത് കുടിശികയുടെ പകുതിയെങ്കിലും നൽകാൻ നടപടി സ്വീകരിക്കാത്തതിനെതിരെ ഭരണാനുകൂല സംഘടനകൾ ഉൾപ്പെടെ സമരത്തിന് ഒരുങ്ങുകയാണ്.
സെസ് മുടങ്ങി, കുടിശിക കൂടി
പുതിയ വീടുവയ്ക്കുന്നവരിൽ നിന്ന് എസ്റ്റിമേറ്റ് തുകയുടെ ഒരുശതമാനം തദ്ദേശസ്ഥാപനങ്ങൾ സെസായി ഈടാക്കി ക്ഷേമനിധി ബോർഡിന് നൽകുന്നുണ്ട്. പെൻഷനടക്കം ആനുകൂല്യങ്ങൾ നൽകുന്നതിനാണിത്.
എന്നാൽ, ഇതടക്കം യഥാസമയം ബോർഡിന് കിട്ടാത്തതാണ് പെൻഷൻ മുടങ്ങുന്നതിന് കാരണമായി അധികൃതർ പറയുന്നത്
ബോർഡ് അംഗങ്ങളിൽ നിന്ന് പ്രതിമാസം 50 രൂപ അംശദായം ഈടാക്കുന്നുണ്ട്
806 കോടി
ആകെ പെൻഷൻ കുടിശിക
52.63 കോടി
മറ്റിനങ്ങളിലെ കുടിശിക
''ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയാണ് പെൻഷൻ മുടങ്ങുന്നതിന് ഇടയാക്കിയത്
-തൊഴിലാളി സംഘടനകൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |